സ്വന്തം ലേഖകൻ: ബജറ്റിൽ പ്രഖ്യാപിച്ച നികുതി നിർദേശങ്ങളിൽ മാറ്റമില്ല. നികുതി നിർദേശങ്ങൾ മാറ്റില്ലെന്ന് ബജറ്റു ചർച്ചയുടെ മറുപടി പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. നികുതി വർധനയെ ന്യായീകരിച്ചാണ് ധനമന്ത്രി സംസാരിച്ചത്. അധിക വിഭവ സമാഹരണത്തിൽ മാറ്റമില്ല. സമരം കിടന്ന് നികുതി കുറപ്പിച്ചെന്നു വരുത്താൻ പ്രതിപക്ഷം ശ്രമിച്ചുവെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, നികുതി നിർദേശങ്ങൾ മാറ്റാത്തതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.
നികുതി വർധനവില്ലാതെ സംസ്ഥാനത്തിനു മുന്നോട്ടു പോകാനാകില്ലെന്നു മന്ത്രി പറഞ്ഞു. 60 ലക്ഷത്തിലധികം കുടുബങ്ങളുടെ സുരക്ഷയ്ക്കും കേരളത്തിന്റെ മുന്നോട്ടുപോക്കിനും നികുതി പരിഷ്കരണങ്ങൾ ആവശ്യമാണ്. 1970ൽ ഏർപ്പെടുത്തിയ നികുതിയാണ് പഞ്ചായത്തുകളിൽ വാങ്ങിക്കുന്നത്. ഇന്ത്യയിലെ തന്നെ കുറഞ്ഞ നികുതിയാണിത്. ബജറ്റിൽ നികുതി വർധിപ്പിച്ചതിന്റെ ഗുണം പഞ്ചായത്തുകൾക്കാണു ലഭിക്കുന്നത്.
മോട്ടർ വാഹന നികുതി പരിഷ്കരിച്ചതു മറ്റു സംസ്ഥാനങ്ങളിലെ നികുതി കണക്കിലെടുത്താണ്. മദ്യത്തിനു രണ്ടു വർഷമായി നികുതി കൂട്ടിയിട്ടില്ല. 500 രൂപയ്ക്കു താഴെയുള്ള മദ്യമാണു സംസ്ഥാനത്തു കൂടുതലും വിൽക്കുന്നത്. അതിനു വില കൂട്ടിയിട്ടില്ല. 1000 രൂപയ്ക്കു മുകളിലുള്ള മദ്യത്തിനാണ് കുപ്പിക്ക് 40 രൂപ കൂടിയത്. 7500 കോടിരൂപയാണ് ഇന്ധന സെസിലൂടെയും സർചാർജിലൂടെയും കേന്ദ്രം പിരിക്കുന്നത്. 20 രൂപയാണ് ഒരു ലീറ്റർ ഇന്ധനത്തിനു കേന്ദ്രം ഈടാക്കുന്നത്. സാമൂഹിക സുരക്ഷയ്ക്കായാണ് ഇന്ധന സെസ് ഇനത്തിൽ രണ്ടു രൂപ വർധിപ്പിച്ചതെന്നും ധനമന്ത്രി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല