1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 29, 2023

സ്വന്തം ലേഖകൻ: രണ്ടാം പിണറായി സർക്കാരിലെ പുതിയ മന്ത്രിമാരായി കെ.ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വെള്ളിയാഴ്ച വെെകീട്ട് നാല് മണിക്ക് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇരുവര്‍ക്കും സത്യവാചകം ചൊല്ലി കൊടുത്തു.

പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു. ക്ഷണിതാക്കൾക്കുമാത്രമേ ചടങ്ങിലേക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ.സത്യപ്രതിജ്ഞയ്ക്കുശേഷം മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഗവർണറുടെ ചായസത്കാരമുണ്ടാകും. പുതിയ മന്ത്രിമാർ പങ്കെടുക്കുന്ന മന്ത്രിസഭായോഗം ജനുവരി മൂന്നിന് ചേരും.

സർക്കാർ രണ്ടരവർഷം പൂർത്തിയാക്കുമ്പോൾ ഇടതുമുന്നണിയിലെ രണ്ടുഘടകകക്ഷികൾ മന്ത്രിപദവി, മറ്റ് രണ്ടു ഘടകകക്ഷികൾക്ക് കൈമാറണമെന്ന് നേരത്തേ തന്നെ ധാരണയായിരുന്നു. ഇതനുസരിച്ചാണ് മന്ത്രിമാരായിരുന്ന ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും രാജിവച്ചത്. മറ്റുമന്ത്രിമാരുടെ ചുമതലകൾ മാറുന്നവിധം വകുപ്പുമാറ്റം വേണ്ടെന്നാണ് സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും നിലപാട്.

ഇതനുസരിച്ച് ജനാധിപത്യ കേരള കോൺഗ്രസിന്റെ മന്ത്രിസ്ഥാനം ആന്റണി രാജു ഒഴിയുമ്പോൾ ഗതാഗതവകുപ്പ് കോൺഗ്രസ്(ബി)യുടെ ഗണേഷ് കുമാറിന് ലഭിക്കും. ഐ.എൻ.എലിന്റെ മന്ത്രിസ്ഥാനമാണ് കോൺഗ്രസ്-എസിന് കൈമാറിയത്‌. തുറമുഖം, പുരാവസ്തു, മ്യൂസിയും വകുപ്പുകളാണ് ഐ.എൻ.എലിന്റെ മന്ത്രിയായ അഹമ്മദ് ദേവർകോവിലിന്റെ ചുമതലയിലുള്ളത്. ഇത് രാമചന്ദ്രൻ കടന്നപ്പള്ളിക്കും ലഭിക്കും.

മന്ത്രിസഭ പുനഃസംഘടന നടപ്പാകുന്നതോടെ, ഏക എം.എൽ.എ.മാരുള്ള മുന്നണിയിലെ ആർ.ജെ.ഡി. ഒഴികെയുള്ള കക്ഷികൾക്കെല്ലാം സർക്കാരിൽ പ്രാതിനിധ്യം ലഭിക്കും. മന്ത്രിസ്ഥാനം ലഭിക്കാത്ത ആർ.ജെ.ഡി.ക്ക് മറ്റുസ്ഥാനങ്ങൾ നൽകുന്നത് പരിഗണിക്കേണ്ടി വരുമെന്നാണ് എൽ.ഡി.എഫ്. നേതാക്കൾ നൽകുന്ന സൂചന. മുന്നണിയോഗത്തിനൊപ്പം ആർ.ജെ.ഡി.യുമായി ഉഭയകക്ഷി ചർച്ചനടത്താനും സാധ്യതയുണ്ട്.

പുതിയ മന്ത്രിമാരായ ഗണേഷ് കുമാറിന്റെയും കടന്നപ്പള്ളി രാമചന്ദ്രന്റെയും സത്യപ്രതിജ്ഞാ ചടങ്ങില്‍ പരസ്പരം മിണ്ടാതെയും നോക്കാതെയും മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും. പത്ത് മിനിട്ടോളം നീണ്ട ചടങ്ങില്‍ മുഖത്തോടുമുഖം നോക്കാതെയാണ് ഇരുവരും വേദി പങ്കിട്ടത്.

രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണറായിരുന്നു ആദ്യം വേദിയിലെത്തിയത്. പിന്നാലെയെത്തിയ മുഖ്യമന്ത്രി ഹസ്തദാനത്തിനോ സംസാരത്തിനോ മുതിരാതെ ചടങ്ങ് ആരംഭിക്കുകയായിരുന്നു. കടന്നപ്പള്ളിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ ഗണേഷ് കുമാറിനും ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

ചടങ്ങിന് ശേഷം ഗവര്‍ണര്‍ നടത്തിയ ഔദ്യോഗിക ചായ സല്‍ക്കാരത്തില്‍ നിന്നും മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറും വിട്ടുനിന്നു. മന്ത്രി സഭയിലെ പുതിയ അംഗങ്ങള്‍ മാത്രമാണ് സല്‍ക്കാരത്തില്‍ പങ്കെടുത്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.