ഇന്ത്യന്‍ സെലിബ്രിട്ടി ക്രിക്കറ്റ് ലീഗിനായി മലയാളി താരങ്ങള്‍ പരിശീലനം തുടങ്ങി. കൊച്ചിയില്‍ നടക്കുന്ന പരിശീലനക്കളിയിലേയ്ക്ക് വെള്ളിയാഴ്ച സൂപ്പര്‍താരം മോഹന്‍ലാലും വന്നുചേര്‍ന്നത് ടീമിന് വലിയ ആവേശമായി.
പത്തുമിനിറ്റ് മാത്രമേ മോഹന്‍ലാല്‍ പരിശീലനം നടത്തിയുള്ളു, തുടക്കത്തില്‍ത്തന്നെ ബാറ്റിങിലാണ് അദ്ദേഹം കൈവച്ചത്, മോശമല്ലാത്ത പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്തു. താരടീം പരിശീലനം നേരത്തേ തന്നെ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ലാല്‍ വെള്ളിയാഴ്ചയാണ് ആദ്യമായി ഇവിടെയെത്തിയത്.
ബാങ്കോക്കിലേയ്ക്കുള്ള യാത്രയ്ക്ക് മുമ്പാണ് അദ്ദേഹം കളത്തിലെത്തിയത്. പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോള്‍ ഇത് അഭിമാനകരമായ സംരംഭമാണെന്നും നമുക്ക് തിളങ്ങാന്‍ കഴിയണമെന്നും അദ്ദേഹം ടീമംഗങ്ങളായ മറ്റു താരങ്ങളോട് പറഞ്ഞു. ബാങ്കോക്കില്‍ നിന്നും നിന്നും മടങ്ങിവന്ന ഉടന്‍ തിരിച്ച് ടീമില്‍ ജോയിന്‍ ചെയ്യുമെന്നും അദ്ദേഹം വാക്കു നല്‍കി.
ഇന്ദ്രജിത്ത്, ബാല, സൈജു കുറുപ്പ്, രാജീവ് പിള്ള, പ്രജോദ് കലാഭവന്‍, കിരണ്‍ രാജ്, ടിനി ടോം, മുന്ന, മണിക്കുട്ടന്‍, രജിത് മേനോന്‍, നിവിന്‍ പോളി, ഗായകന്‍ നിഖില്‍ എന്നിവരാണ് വെള്ളിയാഴ്ച പരിശീലനത്തില്‍ പങ്കെടുത്തത്. ചന്ദ്രസേനനാണു ടീം പരിശീലകന്‍.
ബാക്കി താരങ്ങള്‍ ഇനിയുള്ള ക്യാംപുകളില്‍ പരിശീലനത്തിനെത്തും. മോഹന്‍ലാല്‍, ലിസി പ്രിയദര്‍ശന്‍, ഷാജി എന്നിവരാണ് ഐസിസിഎല്ലിലെ കേരള ടീമിന്റെ ഉടമകള്‍. അമ്മയുടെ സഹകരണത്തോടെയാണു ടീം രൂപീകരിച്ചത്.
2012 ജനുവരി 29നു മുംബൈ താര ടീമിനെതിരെ കൊച്ചിയിലാണു കേരള ടീമിന്റെ ആദ്യ മല്‍സരം. അതുവരെ ഇടവേളകളില്‍ പരീശീലന ക്യാംപ് തുടരുമെന്നു മാനേജര്‍ ഇടവേള ബാബു അറിയിച്ചു. ആരാധകരുടെ ബാഹുല്യം ഒഴിവാക്കാന്‍ രഹസ്യമായാണു താരങ്ങളുടെ ക്രിക്കറ്റ് പരിശീലന ക്യാംപ് നടത്തുന്നത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല