സ്വന്തം ലേഖകൻ: ലോക കേരളസഭയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും അമേരിക്കയിലേക്ക് പോയി. പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് യാത്ര തിരിച്ചത്. ശനിയാഴ്ച ന്യൂയോര്‍ക്കിലെ ലോക കേരളസഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
ധനമന്ത്രി കെ.എന്‍. ബാലഗോപാലും സ്പീക്കര്‍ എ.എന്‍. ഷംസീറും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ഭാര്യ കമലാവിജയനും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ലോക കേരളസഭ മേഖലാ സമ്മേളനത്തില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അധ്യക്ഷനാവും. ധനമന്ത്രിയും ചീഫ് സെക്രട്ടറി വി.പി. ജോയ് ഉള്‍പ്പെടെയുള്ളവരും സമ്മേളനത്തില്‍ പങ്കെടുക്കും.
മുഖ്യമന്ത്രി യു.എന്‍. ആസ്ഥാനം സന്ദര്‍ശിക്കും. മാരിയറ്റ് മാര്‍ക് ക്വീയില്‍ ബിസിനസ് ഇന്‍വെസ്റ്റമെന്റ് മീറ്റ് ഉദ്ഘാടനം ചെയ്യും. ലോക കേരളസഭയുമായി ബന്ധപ്പെട്ട സ്‌പോണ്‍സര്‍ഷിപ്പ് വിവാദങ്ങള്‍ക്കും വിദേശസന്ദര്‍ശനം ധൂര്‍ത്താണെന്ന ആരോപണങ്ങള്‍ക്കും ഇടയിലാണ് മുഖ്യമന്ത്രിയുടേയും സംഘത്തിന്റേയും അമേരിക്കന്‍ സന്ദര്‍ശനം.
ലോക ബാങ്കുമായി വാഷിങ്ടണില്‍ ചര്‍ച്ചയുണ്ട്. തുടര്‍ന്ന് ക്യൂബയിലേക്ക് പോകും. കേരളവുമായി സഹകരിക്കാന്‍ കഴിയുന്ന കാര്യങ്ങളില്‍ ചര്‍ച്ച നടത്തും. കേരളത്തിന് ഗുണം ചെയ്യുന്ന ചര്‍ച്ചകളായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു.
‘രാഷ്ട്രീയമായി ധൂര്‍ത്തെന്ന് പറയുകയല്ലാതെ, ലോക മലയാളികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ് ഇത്തരം കൂടിച്ചേരലുകളും മറ്റും. അതിന്റെ ഗുണം തീര്‍ച്ചയായും ഉണ്ടാവും. കേരളത്തിന്റെ അതിന്റെ ഗുണം ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. പുതിയ നിക്ഷേപങ്ങളും ജോലി സാധ്യതകളും വരുന്നുണ്ട്. കാലം തെളിയിക്കും. രാഷ്ട്രീയമായ വിരോധം പ്രതിപക്ഷം സൂക്ഷിച്ചോട്ടെ, എന്നാല്‍ പൊതുവില്‍ കേരളത്തിന്റെ താത്പര്യത്തിന് വേണ്ടി സഹകരിക്കണം എന്നാണ് അവരോട് അഭ്യര്‍ഥിക്കാനുള്ളത്’, ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല