![](https://www.nrimalayalee.com/wp-content/uploads/2022/01/Kerala-CM-Pinarayi-Vijayan-UAE-Visit-.jpg)
സ്വന്തം ലേഖകൻ: യുഎസിലെ ചികിത്സയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു രാവിലെ ദുബായിലെത്തി. ഒരാഴ്ച യുഎഇയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. ഫെബ്രുവരി നാലിനു ദുബായ് എക്സ്പോയിലെ കേരള പവിലിയൻ ഉദ്ഘാടനം ചെയ്യും. അഞ്ചിനു രാവിലെ യുഎഇയിലെ വ്യവസായ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയുടെ ഉദ്ഘാടനവും വൈകിട്ട് നോർക്ക സമ്മേളനത്തിന്റെ ഉദ്ഘാടനവും നിർവഹിക്കും.
ഏഴിനു തിരുവനന്തപുരത്തെത്തുമെന്നു പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രി ഇന്നെത്തുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്. താൻ സുഖമായി ഇരിക്കുന്നെന്നും നേരത്തേ നിശ്ചയിച്ചപോലെ ശനിയാഴ്ച മടങ്ങിയെത്തുമെന്നും അദ്ദേഹം വ്യാഴാഴ്ച ഓൺലൈനായി ചേർന്ന മന്ത്രിസഭാ യോഗത്തിൽ അറിയിച്ചിരുന്നു. ഈ മാസം 14ന് പുലർച്ചെയാണു മുഖ്യമന്ത്രി യുഎസിലെ മേയോ ക്ലിനിക്കിലേക്കു പോയത്.
യുഎസിൽ നിന്നാണ് അദ്ദേഹം സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണങ്ങളും വിലയിരുത്തിയത്. അതേസമയം, കേസുകളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും ആശുപത്രികളിൽ തിരക്ക് വര്‍ധിക്കുന്നില്ലെന്നും ഐസിയു കിടക്കകള്‍ നിറയുന്നില്ലെന്നുമാണ് ഇന്നലെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചത്.
ഒമിക്രോണിൻ്റെ അതിതീവ്ര വ്യാപനം തുടരുകയാണെങ്കിലും രോഗതീവ്രത കുറവാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. എല്ലാവരും ആശുപത്രിയിൽ എത്തേണ്ട കാര്യമില്ലെന്നും ജനങ്ങള്‍ പരമാവധി ടെലി കൺസള്ട്ടേഷൻ ഉപയോഗിക്കണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. രോഗികളുമായി സമ്പര്‍ക്കമുള്ള എല്ലാവര്ക്കും ക്വാറൻ്റൈൻ ആവശ്യമില്ലെന്നും രോഗികളെ പരിചരിക്കുന്നവര്‍ മാത്രം നിരീക്ഷണത്തിൽ പോയാൽ മതിയെന്നും ഇന്നലെ ആരോഗ്യമന്ത്രി അറിയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല