1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 10, 2015

സ്വന്തം ലേഖകന്‍: കേരളതീരത്തെ തീക്കാറ്റ് ഉപ്പുകാറ്റെന്ന് പഠന റിപ്പോര്‍ട്ട്. തീരപ്രദേശങ്ങളിലെ ചെടികളും മരങ്ങളും വ്യാപകമായി ഉണങ്ങിയതിനു കാരണമായ പ്രതിഭാസം ഉപ്പ് കാറ്റ് തന്നെയാണെന്ന് സ്ഥിരീകരണം. കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയിലെ (കുഫോസ്) ശാസ്ത്ര സംഘം നടത്തിയ പരിശോധനയുടെ വിശദമായ പഠന റിപ്പോര്‍ട്ടിലാണ് ഉയര്‍ന്ന തോതിലുള്ള ലവണാംശം അടങ്ങിയ കാറ്റാണ് സസ്യപടര്‍പ്പുകള്‍ കരിയാന്‍ കാരണമായതെന്ന് സ്ഥിരീകരിച്ചത്.

വൈപ്പിന്‍ ദ്വീപിലെ കുഴിപ്പള്ളി, ഞാറക്കല്‍, എടവനക്കാട്, പുതുവൈപ്പ് എന്നീ തീരപ്രദേശങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ എടവനക്കാട്, ഞാറക്കല്‍ പ്രദേശങ്ങളിലെ കരിഞ്ഞ ഇലകളില്‍ ഉണങ്ങാത്ത ഇലകളിലേതിനേക്കാള്‍ പതിന്മടങ്ങ് ലവണാംശമടങ്ങിയിട്ടുള്ളതായി കണ്ടെത്തി.

ഇലകളില്‍ പറ്റിപ്പിടിച്ച ലവണാംശം വെള്ളത്തില്‍ ലയിപ്പിച്ച് പരിശോധന നടത്തിയപ്പോള്‍ ഞാറക്കല്‍ പ്രദേശത്ത് ഉണങ്ങാത്ത ഇലയില്‍ 40.54 പി പി എം തോതില്‍ ഉപ്പ് കണികകള്‍ മാത്രമുള്ളപ്പോള്‍ ഉണങ്ങിയ ഇലകളില്‍ 1.458 പി പി എം ഉപ്പ് കണികകള്‍ അടങ്ങിയതായി കണ്ടെത്തി. ശക്തമായ കാറ്റില്‍ കടല്‍വെള്ളം സ്‌പ്രേ രൂപത്തില്‍ ഇലകളിലേക്ക് പതിക്കുകയും വെള്ളത്തിലെ ഉപ്പ്കണികകള്‍ ഇലകളില്‍ തങ്ങിനില്‍ക്കുന്നതുമൂലം ആദ്യം മഞ്ഞളിക്കുകയും അനന്തരം കറുത്തുണങ്ങുകയും ചെയ്തതാണ് തീരദേശങ്ങളില്‍ സംഭവിച്ചിട്ടുള്ളതെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

അതല്ലാതെ തീക്കാറ്റോ താപവിസ്‌ഫോടനമോ അല്ലെന്ന് വിശദപഠനത്തില്‍ ബോധ്യപ്പെട്ടതായി പഠനം വ്യക്തമാക്കുന്നു. അതേ സമയം, തീരപ്രദേശങ്ങളില്‍ വീശുന്ന ഉപ്പ് കാറ്റ് തടയാന്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ തീരത്തോടു ചേര്‍ന്നുനില്‍ക്കുന്ന പ്രദേശങ്ങളിലെ കൃഷികള്‍ക്ക് വന്‍ നാശം വിതക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കരയിലെ മണ്ണില്‍ ലവണാംശം കൂടാനും അതുവഴി കൃഷിമേഖലയില്‍ വന്‍പ്രത്യാഘാതങ്ങളുണ്ടാകാനും ഉപ്പ് കാറ്റ് വഴിയൊരുക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.