1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 13, 2022

സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം കുറഞ്ഞതോടെ സംസ്ഥാനത്തെ സ്കൂളുകൾ സാധാരണ നിലയിലേക്ക്. ഒന്നുമുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകള്‍ തിങ്കളാഴ്ച പുനരാരംഭിക്കും. രാവിലെ മുതല്‍ ഉച്ചവരെ ബാച്ചടിസ്ഥാനത്തിലാകും ക്ലാസ്. ഫെബ്രുവരി 21 മുതൽ ക്ലാസുകൾ പൂർണതോതിൽ തുറക്കും. മുഴുവൻ കുട്ടികളും സ്‌കൂളിലെത്തണം. അന്ന് മുതൽ രാവിലെ മുതൽ വൈകിട്ട് വരെ ക്ലാസുകൾ ഉണ്ടായിരിക്കും. പ്രീ പ്രൈമറി ക്ലാസുകൾ ഉച്ചവരെ മാത്രമായിരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ പൊതു അവധി ദിനങ്ങള്‍ ഒഴികെയുള്ള എല്ലാ ശനിയാഴ്ചയും സ്‌കൂളുകള്‍ക്ക് പൂര്‍ണ്ണമായും പ്രവര്‍ത്തിദിനമായിരിക്കുമെന്നും മന്ത്രി അറിയിച്ചു. പാഠഭാഗങ്ങൾ തീർക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ക്ലാസ് ക്രമീകരിക്കുന്നത്. 10, 12 ക്ലാസുകളിലെ പാഠഭാഗങ്ങൾ ഫെബ്രുവരി 28നകം പൂർത്തീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തണം, തുടർന്ന് റിവിഷൻ ആരംഭിക്കണമെന്നും മന്ത്രി പറഞ്ഞു.

പ്രീ-പ്രൈമറി വിഭാഗം കുട്ടികൾക്ക് തിങ്കൾ മുതൽ വെള്ളിവരെ മാത്രമാകും ക്ലാസ്. ഒന്നു മുതൽ ഒൻപതാം ക്ലാസ് വരെ വാർഷിക പരീക്ഷ ഉണ്ടാകും. എസ്എസ്എൽസി, പ്ലസ്ടു, വിഎച്ച്എസ്‌സി മോഡൽ പരീക്ഷ മാർച്ച് 16 മുതൽ ആരംഭിക്കും. പാഠഭാഗങ്ങൾ തീർക്കാൻ അധിക ക്ലാസുകൾ എടുക്കാം. ഇക്കാര്യത്തിൽ പ്രധാനാധ്യാപകർക്ക് തീരുമാനമെടുക്കാമെന്നും മന്ത്രി വ്യക്തമാക്കി.

എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷയുമായി ബന്ധപ്പെട്ട് ഓരോ അധ്യാപകനും ഓരോ വിഷയത്തിന്‍റെയും പ്ലാന്‍ തയ്യാറാക്കി എത്ര ശതമാനം പാഠഭാഗങ്ങള്‍ പൂര്‍ത്തീകരിച്ചു എന്നതു സംബന്ധിച്ച റിപ്പോര്‍ട്ട് നൽകണം. എല്ലാ ശനിയാഴ്ചകളിലും സ്‌കൂള്‍തല എസ് ആര്‍ ജി ചേര്‍ന്ന് പാഠഭാഗങ്ങളുടെ പൂര്‍ത്തീകരണം സംബന്ധിച്ച് ചര്‍ച്ച ചെയ്യുകയും കുട്ടികളുടെ പഠനനേട്ടം ഉറപ്പു വരുത്തുന്നതിന് അനുയോജ്യമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടതുമാണ്.

പൊതുപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വേണ്ട പഠനപിന്തുണാ പ്രവര്‍ത്തനങ്ങള്‍ അതത് സ്‌കൂള്‍ തലത്തില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കണം. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക കര്‍മ്മപദ്ധതി അതത് സ്‌കൂള്‍ തലത്തില്‍ തയ്യാറാക്കി കുട്ടികളെ പരീക്ഷയ്ക്ക് തയ്യാറാക്കേണ്ടതാണ്. ഡിജിറ്റല്‍/ഓണ്‍ലൈന്‍ ക്ലാസുകളും പിന്തുണാ പ്രവര്‍ത്തനങ്ങളും ആവശ്യാനുസരണം തുടരുന്നതാണ്. അതിനനുസൃതമായ സമ്മിശ്രരീതിശാസ്ത്രം അധ്യാപകര്‍ അവലംബിക്കേണ്ടതാണെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.