;സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്നലെ 115 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കേരളത്തിൽ ആക്ടീവ് കേസുകൾ 1,749 ആയി ഉയര്‍ന്നു. രാജ്യത്തെയാകെ ആക്ടീവ് കൊവിഡ് കേസുകൾ 1,970 ആയി. ഇന്നലെ ഇന്ത്യയിലാകെ 142 കേസുകളാണ് കണ്ടെത്തിയത്. നിലവിൽ രാജ്യത്തെ ആക്ടീവ് കേസുകളിൽ 88.78% കേസുകളും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര ആരോഗ്യമന്ത്രാലയം മുഴുവൻ സംസ്ഥാനങ്ങളിലേയും ആരോഗ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് പരിശോധന നടക്കുന്ന സ്ഥലം കേരളമായതിനാലാണ് ഇത്രയധികം കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്.
കേരളത്തിൽ കേസുകൾ ഉയർന്നതിന് പിന്നാലെ സംസ്ഥാനങ്ങൾക്ക് മാർഗനിർദേശം പുറപ്പെടുവിച്ച് ജാഗ്രത കർശനമാക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരുന്നു. സംസ്ഥാനങ്ങളിൽ പരിശോധന ശക്തമാക്കണം, ആൾക്കൂട്ടത്തിലൂടെ രോഗം പടരാതെ നോക്കണം. ആർടിപിസിആർ, ആന്റിജൻ പരിശോധനകൾ കൂട്ടണം, പോസിറ്റീവ് സാമ്പിളുകൾ ജനിതക ശ്രേണീ പരിശോധന നടത്തണം, രോഗ വിവരങ്ങൾ കേന്ദ്രവുമായി പങ്കുവയ്ക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് കേന്ദ്രം നൽകിയത്.
പുതുക്കിയ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാനും, കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സംയുക്തമായി സ്വകാര്യ ആശുപത്രികളെയടക്കം ഭാഗമാക്കി മുൻകരുതൽ നടപടികൾ ശക്തമാക്കാനും കേന്ദ്ര ആരോഗ്യ സെക്രട്ടറി ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ പറയുന്നു. സാമൂഹിക അകലം ഉറപ്പാക്കുക, ശുചിത്വം, മാസ്ക് ധരിക്കുക, പരിശോധന വർധിപ്പിക്കുക, ബോധവൽക്കരണം ശക്തമാക്കുക എന്നീ നിർദ്ദേശങ്ങളാണ് കേന്ദ്രം മുന്നോട്ടുവച്ചത്.
കോവിഡ് 19 വകഭേദമായ ഒമിക്രോണ്‍ വൈറസാണ് കേരളത്തിൽ റിപ്പോര്‍ട്ട് ചെയ്തത്. ജനിതക പരിശോധനയിലാണ് വൈറസ് സ്ഥിരീകരിച്ചത്. ഒമിക്രോണിന്റെ ഉപവകഭേദത്തില്‍പ്പെട്ട വൈറസാണിത്. ‘ഒമിക്രോണ്‍ ജെഎന്‍.1’ എന്ന വകഭേദമാണ് ജനിതക പരിശോധനയില്‍ കേരളത്തില്‍ കണ്ടെത്തിയത്.
കേരളത്തില്‍ ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയ സംഭവത്തില്‍ ആശങ്ക വേണ്ടെന്നും നിതാന്ത ജാഗ്രതയിലൂടെയാണ് വൈറസ് വകഭേദം കണ്ടെത്തിയതെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം വ്യക്തമാക്കി. കേരളത്തിലെ ആരോഗ്യ സംവിധാനങ്ങള്‍ മികച്ചതാണെന്നും കേരളം ആദ്യം തന്നെ കണ്ടെത്തി എന്നുള്ളതാണ് പ്രത്യേകതയെന്നും വീണാ ജോര്‍ജ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല