1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 7, 2023

സ്വന്തം ലേഖകൻ: സാമ്പത്തികപ്രതിസന്ധിയില്‍നിന്നും കരകയറാന്‍ കേരളം ‘ഡയസ്പോറ ബോണ്ട്’ (പ്രവാസി ബോണ്ട്) നടപ്പാക്കണമെന്ന് ലോകബാങ്ക് നിര്‍ദേശം. ഗള്‍ഫ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലുള്ള ലക്ഷക്കണക്കിനു മലയാളികളുടെ സാമ്പത്തിക പങ്കാളിത്തം ഉറപ്പാക്കാനുള്ള സാധ്യത തേടണമെന്നാണ് പ്രവാസി ബോണ്ടിനെക്കുറിച്ച് പഠനം നടത്തിയ ലോകബാങ്ക് സാമ്പത്തികവിദഗ്ധന്‍ ദിലീപ് രഥ മുന്നോട്ടുവെച്ച ആശയം.

സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായി ഇക്കാര്യം സംസാരിച്ച അദ്ദേഹം ‘പ്രവാസി ബോണ്ട്’ പദ്ധതി ആവിഷ്‌കരിക്കാന്‍ ലോകബാങ്കിന്റെ സഹായവും വാഗ്ദാനം ചെയ്തു. 1951 മുതല്‍ ഇസ്രയേല്‍ ഇതു നടപ്പാക്കുന്നുണ്ട്. ശ്രീലങ്ക, കെനിയ, ഗ്രീസ്, ഈജിപ്ത് തുടങ്ങിയവയാണ് ഡയസ്പോറ ബോണ്ട് പരീക്ഷിച്ചിട്ടുള്ള മറ്റു രാജ്യങ്ങള്‍. കേന്ദ്രസര്‍ക്കാര്‍ മൂന്നുവട്ടം പരീക്ഷിച്ചു വിജയിച്ച ഈ ആശയം കേരളത്തില്‍ പ്രായോഗിമാണെന്ന നിലപാടിലാണ് ആസൂത്രണബോര്‍ഡിലെ വിദഗ്ധര്‍.

വൈകാതെ ചീഫ്‌സെക്രട്ടറിതലത്തില്‍ ആശയവിനിയമം നടത്തും. സര്‍ക്കാര്‍ സന്നദ്ധത പ്രകടിപ്പിച്ചാല്‍ പ്രവാസിബോണ്ടിനുള്ള രൂപരേഖ തയ്യാറാക്കാമെന്നാണ് ധാരണ. സംസ്ഥാനത്തെ എന്‍.ആര്‍.ഐ. നിക്ഷേപം മുന്‍വര്‍ഷം 2,36,000 കോടി രൂപയായിരുന്നു. ഈവര്‍ഷം ജൂണ്‍വരെയുള്ള കണക്കില്‍ ഇത് 2,47,000 കോടിയായി. ആകര്‍ഷകമായ പലിശ നല്‍കി ബോണ്ടിറക്കിയാല്‍ നല്ല രീതിയില്‍ വിഭവസമാഹരണം നടത്താന്‍ സര്‍ക്കാരിനാവും. കേരളത്തിന്റെ തനതു വിഭവസമാഹരണത്തിന് പ്രവാസി ബോണ്ട് സഹായിക്കുമെന്ന് ആസൂത്രണബോര്‍ഡംഗം ഡോ. രവി രാമന്‍ ‘മാതൃഭൂമി’യോടു പറഞ്ഞു.

എന്നാല്‍, ‘പ്രവാസി ബോണ്ട്’ കേന്ദ്രം കടമെടുപ്പുപരിധിയില്‍ ഉള്‍പ്പെടുത്തുമോയെന്നതില്‍ വ്യക്തയില്ല. ഇങ്ങനെയൊരു വിഭവസമാഹരണം മറ്റൊരു സംസ്ഥാനവും ഇതുവരെ നടത്തിയിട്ടില്ല. റിസര്‍വ് ബാങ്കിന്റേതടക്കമുള്ള അനുമതി ആവശ്യമുള്ളതിനാല്‍ നിര്‍വഹണഘട്ടത്തില്‍മാത്രമേ ഇതില്‍ വ്യക്തതവരൂ.

സ്വന്തം നാട്ടുകാരുടെ വിദേശനിക്ഷേപം ഫലപ്രദമായി ഉപയോഗിക്കാന്‍ ഒട്ടേറെ രാജ്യങ്ങള്‍ ‘ഫോറിന്‍ കറന്‍സി ഡെപ്പോസിറ്റ്’ (എഫ്.സി.ഡി.) സ്വീകരിക്കാറുണ്ട്. ഇതില്‍നിന്നു വ്യത്യസ്തമാണ് ‘ഡയസ്പോറ ബോണ്ട്’ (പ്രവാസി ബോണ്ട്). ദീര്‍ഘകാല സ്വഭാവമുള്ളതാണ് ഈ നിക്ഷേപം.

1991-ല്‍ പ്രതിസന്ധി വന്നപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ‘ഇന്ത്യ ഡെവലപ്മെന്റ് ബോണ്ട്’ (ഐ.ഡി.ബി.) എന്നപേരില്‍ ബോണ്ടിറക്കി. 1998-ല്‍ ആണവസ്‌ഫോടന പരീക്ഷണവേളയിലെ പ്രതിസന്ധി നേരിടാന്‍ ‘റീസര്‍ജന്റ് ഇന്ത്യ ബോണ്ട്’ (ആര്‍.ഐ.ബി.) എന്നപേരിലായിരുന്നു നിക്ഷേപം സ്വീകരിച്ചത്.

2000-ത്തില്‍ ‘ഇന്ത്യ മില്ലെനിയം ഡിപ്പോസിറ്റ്’ (ഐ.എം.ഡി.) എന്നപേരിലും ബോണ്ടിറക്കി. അഞ്ചുവര്‍ഷത്തേക്കുള്ള ബോണ്ടുകളിറക്കി 91-ല്‍ 1.6 ശതകോടി ഡോളര്‍, 98-ല്‍ 4.2 ശതകോടി ഡോളര്‍, 2000-ല്‍ അഞ്ചര ശതകോടി ഡോളര്‍ എന്നിങ്ങനെ സമാഹരിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.