സ്വന്തം ലേഖകൻ: സ്റ്റുഡന്റ് വീസയില്‍ യുകെയിലെത്തി കെയററായി ജോലി ചെയ്തിരുന്ന മലയാളി ആയുര്‍വേദ ഡോക്ടര്‍ മരണമടഞ്ഞു. തൃപ്പൂണിത്തുറ സ്വദേശി ആനന്ദ് നാരായണ(33)നാണ് മരണമടഞ്ഞത്. ഗ്രേറ്റര്‍ ലണ്ടനില്‍ ഭാര്യയ്ക്കൊപ്പം താമസിക്കുകയായിരുന്ന ആനന്ദ് കരള്‍ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസക്കാലത്തോളമായി ലണ്ടന്‍ കിംഗ്സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്.
ഒന്നര വര്‍ഷം മുമ്പാണ് ആനന്ദും ഭാര്യ ഹരിതയും യുകെയിലെത്തിയത്. ഹരിതയും ആയുര്‍വേദ ഡോക്ടര്‍ ആയിരുന്നു. ആനന്ദിനൊപ്പം സ്റ്റുഡന്റ് വീസയിലെത്തി കെയററായി ജോലി ചെയ്യുകയായിരുന്നു.ഇവര്‍ ഒരു കുഞ്ഞിനായി കാത്തിരിക്കുമ്പോഴാണ് ദുരന്തം.
ഒരു മാസം മുമ്പ് ആനന്ദിനെ കരള്‍ രോഗത്തെ തുടര്‍ന്ന് ലണ്ടനിലെ കിംഗ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐസിയുവില്‍ വച്ച് കരളിലും നെഞ്ചിലും അണുബാധയുണ്ടാകുകയും മറ്റ് ആ്ന്തരിക അവയവങ്ങളെ ബാധിക്കുകയും ചെയ്തു. ഒന്നര ആഴ്ച മുമ്പാണ് ആന്തരിക രക്തസ്രാവം ശക്തമാവുകയും ആനന്ദിനെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തത്. വെന്റിലേറ്റര്‍ ഓഫീക്കുന്ന കാര്യം സംസാരിക്കവേ ഭാര്യ ഹരിത ബോധരഹിതയായി.
ലണ്ടന്‍ കിംഗ്‌സ് ഹോസ്പിറ്റലില്‍ അബോധാവസ്ഥയില്‍ തുടരുകയാണ് ഹരിത. മലയാളി നഴ്‌സുമാരാണ് ഹരിതയ്‌ക്കൊപ്പം ഉള്ളത്. നിരവധി മലയാളി നഴ്‌സുമാരുടെ ഒരു വലിയ സംഘം തന്നെ ഹരിതയ്ക്ക് ആശ്വാസമേകുവാനായി ആശുപത്രിയില്‍ ഇപ്പോഴുണ്ട്. ആശുപത്രിയിലെ കോഡിനേറ്ററായ അജിമോള്‍ പ്രദീപ്, മിനി, ഷീല, ഐസിയു ലീഡ് നഴ്‌സായ ജൂലി തുടങ്ങിയവരെല്ലാം അവിടെയുണ്ട്.
തൃപ്പൂണിത്തുറ പാവക്കുളങ്ങര ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കെ ജി നാരായണന്‍ നായരുടേയും ശാന്തകുമാരിയുടേയും മകനാണ് ആനന്ദ്. ഭാര്യ ഹരിത കൊല്ലം അഞ്ചാലുംമൂട് സ്വദേശിനിയാണ്. അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്നതാണ് ആനന്ദിന്റെ കുടുംബം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല