സ്വന്തം ലേഖകന്‍: കേരളത്തില്‍ ഇനി ഡ്രൈവിങ് ലൈസന്‍സ് കിട്ടണമെങ്കില്‍ പാടുപെടും, പുതിയ നിബന്ധനകള്‍ തിങ്കളാഴ്ച മുതല്‍. യാന്ത്രികമായി ‘എച്ച്’ മാത്രമെടുത്ത് ഡ്രൈവിങ് ലൈസന്‍സ് നേടുന്നവര്‍ക്ക് റോഡില്‍ വാഹനമോടിക്കാനും പാര്‍ക്ക് ചെയ്യാനുമറിയില്ലെന്ന വിമര്‍ശനത്തെ തുടര്‍ന്നാണ് മോട്ടോര്‍വാഹന വകുപ്പ് പുതിയ പരിഷ്‌ക്കാരവുമായി എത്തുന്നത്.
ലൈസന്‍സ് കിട്ടണമെങ്കില്‍ ഇനി വാഹനം കയറ്റത്തില്‍ നിര്‍ത്തി മുന്നോട്ടെടുക്കാന്‍ പഠിക്കണം. അതേപോലെ ഇരുവശത്തും മുന്നിലുമുള്ള കണ്ണാടിനോക്കി വാഹനം പിന്നിലേക്കെടുത്ത് പാര്‍ക്ക് ചെയ്യാനും അറിയണം. തിങ്കളാഴ്ച മുതല്‍ ഡ്രൈവിങ് ടെസ്റ്റില്‍ ഇക്കാര്യങ്ങള്‍കൂടി പരിശോധിക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍. സംസ്ഥാനത്ത് ഓട്ടോമേറ്റഡ് ഡ്രൈവിങ് ടെസ്റ്റ് സെന്ററുകള്‍ ഉള്ളയിടങ്ങളില്‍ അവ ഉപയോഗിക്കുമെന്ന് ഗതാഗത കമ്മിഷണര്‍ എസ്. അനന്തകൃഷ്ണന്‍ പറഞ്ഞു.
ഡ്രൈവിങ് പരീക്ഷയില്‍ ‘എച്ച്’ എടുക്കുമ്പോള്‍ അരികിലായി സ്ഥാപിക്കുന്ന കമ്പികളുടെ ഉയരം അഞ്ചടിയില്‍നിന്നു രണ്ടര അടിയായി കുറച്ചു. വാഹനം റിവേഴ്‌സ് എടുക്കുമ്പോള്‍ വളവുകള്‍ തിരിച്ചറിയാനായി കമ്പിയില്‍ ഡ്രൈവിങ് സ്‌കൂളുകാര്‍ അടയാളം വയ്ക്കുന്ന പതിവും ഇനി ഉണ്ടാകില്ല. റിവേഴ്‌സ് എടുക്കുമ്പോള്‍ തിരിഞ്ഞുനോക്കാനോ, ഡോറിന് വെളിയിലേക്ക് നോക്കാനോ അനുവാദമുണ്ടാകില്ല. വശങ്ങളിലെയും അകത്തെയും കണ്ണാടി നോക്കി റിവേഴ്‌സ് എടുക്കണം.
മറ്റിടങ്ങളില്‍ റോഡ് ടെസ്റ്റിനിടെ കയറ്റത്തില്‍ നിര്‍ത്തി വാഹനം മുന്നോട്ടെടുക്കാനറിയാമോയെന്ന് പരിശോധിക്കും. അതുപോലെ ‘എച്ച്’ എടുക്കുന്നയിടങ്ങളില്‍ ‘എച്ചി’ന്റെ ഒരു വാല്‍ നീട്ടി കണ്ണാടിനോക്കി വാഹനം പിന്നിലേക്കെടുത്ത് പാര്‍ക്ക് ചെയ്യാനറിയാമോയെന്നും വിലയിരുത്തും.
ശരിയായ ഡ്രൈവിങ് പഠനം ഉറപ്പാക്കാന്‍ പരിശീലനത്തില്‍ ബ്രിട്ടീഷ് അല്ലെങ്കില്‍ യൂറോപ്യന്‍ നിലവാരം പാലിക്കാനും മോട്ടോര്‍വാഹന വകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്. റോഡ് അപകടങ്ങള്‍ കുറയ്ക്കാനാണു പുതിയ പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കുന്നതെന്നു മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല