സ്വന്തം ലേഖകൻ: കെഎസ്ഇബി പിരിക്കുന്ന വൈദ്യുതി തീരുവ (ഇലക്ട്രിസിറ്റി ഡ്യൂട്ടി) ഈ മാസം മുതൽ സർക്കാരിലേക്ക് അടയ്ക്കാൻ തീരുമാനിച്ചതോടെ വൈദ്യുതി സബ്സിഡി കാര്യത്തിൽ അവ്യക്തത. ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങിയതോടെയാണ് 76 ലക്ഷം കുടുംബങ്ങൾക്ക് ലഭിക്കേണ്ട വൈദ്യുതി സബ്സിഡി സംബന്ധിച്ച കാര്യത്തിൽ ആശങ്ക ഉയർന്നിരിക്കുന്നത്.
സാധാരണയായി കെഎസ്ഇബി ഇലക്ട്രിസിറ്റി ഡ്യൂട്ടി ഇനത്തിൽ പിരിക്കുന്ന തുകയിൽനിന്ന് സബ്സിഡി തുക കിഴിച്ചുള്ള തുകയാണ് ഇതുവരെ സർക്കാരിലേക്ക് അടച്ചിരുന്നത്. എന്നാൽ, ഒക്ടോബർ 31ന് ഈ രീതി അവസാനിപ്പിക്കുമെന്ന് സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.
പകരം ഇലക്ട്രിസിറ്റി ഡ്യൂട്ടിയായി പിരിച്ചെടുക്കുന്ന തുകയുടെ ഒരു ശതമാനം കളക്ഷൻ ചാർജായി കെഎസ്ഇബി എടുത്ത ശേഷം ബാക്കി തുക സർക്കാരിലേക്ക് അടയ്ക്കാനാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ളത്. ഇതോടെയാണ് സബ്സിഡി കാര്യത്തിൽ ആശങ്കയുയർന്നിട്ടുള്ളത്.
ഒരു വർഷം 450 കോടിയോളം രൂപയാണ് സബ്സിഡി നൽകുന്നതിനായി ആവശ്യമായി വരിക. ഇലക്ട്രിസിറ്റി ഡ്യൂട്ടി മുഴുവനായി സർക്കാരിലേക്ക് അടച്ചാൽ വൈദ്യുതി സബ്സിഡി നൽകാൻ സർക്കാർ കെഎസ്ഇബിക്കു പണം നൽകണം. എന്നാൽ, ഇതു സംബന്ധിച്ച് വിജ്ഞാപനത്തിൽ ഒരു തീരുമാനവും വ്യക്തമാക്കിയിട്ടില്ല.
സബ്സിഡി തുക നൽകുന്നതിനെക്കുറിച്ചുള്ള ഈ അവ്യക്തതയാണ് നിലവിൽ ആശങ്കയ്ക്കു കാരണമായിട്ടുള്ളത്. സബ്സിഡി കാര്യത്തിൽ വ്യക്തമായ തീരുമാനം ഉടൻ വന്നില്ലെങ്കിൽ വൈദ്യുതി ചാർജ് വർധനയിൽ നട്ടം തിരിയുന്ന ഉപയോക്താക്കൾക്ക് അത് കനത്ത പ്രഹരമാകും.
അതേസമയം സബ്സിഡി നിർത്തുന്ന കാര്യം സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. നിലവിൽ ഇലക്ട്രിസിറ്റി ഡ്യൂട്ടിയായി പിരിക്കുന്ന തുക മാസാവസാനം സർക്കാരിലേക്ക് അടയ്ക്കാനാണ് നിർദേശിച്ചിട്ടുള്ളത്. തുക സർക്കാരിലേക്ക് അടയ്ക്കേണ്ടത് ഈ മാസം അവസാനം മുതലാണ്. അതിനുമുന്‍പുതന്നെ സബ്സിഡി തുക എങ്ങനെയാണു കൈമാറേണ്ടത് എന്നതു സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
വെള്ളക്കരം 60 രൂപ വരെ വർധിപ്പിച്ചേക്കും
തിരുവനന്തപുരം: എല്ലാ സാന്പത്തികവർഷവും ഏപ്രിൽ മുതൽ വെള്ളക്കരം ഉയർത്തുമെന്നു കഴിഞ്ഞ വർഷം തന്നെ സർക്കാർ പ്രഖ്യാപനമുണ്ടായിരുന്നു. വെള്ളക്കരത്തിൽ ഏപ്രിൽ ഒന്നുമുതൽ അഞ്ചു ശതമാനം വർധനയാണു വരുത്തുന്നത്. ഇതു സംബന്ധിച്ച ജല അഥോറിറ്റിയുടെ ശിപാർശ വൈകാതെ തന്നെ സർക്കാരിനു മുന്നിലേക്കെത്തും. പ്രതിമാസ ബില്ലിൽ 60 രൂപയുടെ വരെ വർധനയുണ്ടാകുമെന്നാണു കണക്കാക്കപ്പെടുന്നത്.
കഴിഞ്ഞ ദിവസം വൈദ്യുതി ചാർജ് കുത്തനെ ഉയർത്തിയിരുന്നു. എൽഡിഎഫ് അധികാരത്തിൽ എത്തിയശേഷം നിരവധി തവണയാണു വൈദ്യുതിനിരക്ക് ഉയർത്തിയത്. കഴിഞ്ഞ തവണ വെള്ളക്കരവും വർധിപ്പിച്ചിരുന്നു. അഞ്ചു വർഷം തുടർച്ചയായി വെള്ളക്കരം ഉയർത്തുമെന്നായിരുന്നു പ്രഖ്യാപനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല