സ്വന്തം ലേഖകൻ: ചിന്നക്കനാലില്‍ ഭീതിപടര്‍ത്തിയ അരിക്കൊമ്പനെ പിടികൂടി നാടുകടത്തല്‍ പുരോഗമിക്കുന്നു. ഒന്നര ദിവസം നീണ്ട ദൗത്യത്തിനൊടുവില്‍ സിമന്റു പാലത്തിന് സമീപത്ത് വച്ചാണ് ഡോ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ആനയെ മയക്കുവെടിവച്ച് വരുതിയിലാക്കിയത്.
തുടര്‍ന്ന് പിന്‍കാലുകള്‍ ബന്ധിച്ച ശേഷം കണ്ണുകള്‍ കറുത്ത തുണി കൊണ്ട് മൂടിയാണ് ആനയെ കാടിന് പുറത്ത് എത്തിച്ചത്. നാല് കുങ്കിയാനകളുടെ സഹായത്തോടെ ആയിരുന്നു നടപടികള്‍ പുരോഗമിച്ചത്. ജെസിബി ഉപയോഗിച്ച് വഴി ഒരുക്കിയാണ് ആനയെ ലോറിക്കടുത്തേയ്ക്ക് എത്തിക്കുന്നത് രണ്ട് ജെസിബികളാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്.
ആദ്യഡോസ് മയക്കുവെടിയേറ്റ ആന വിരണ്ടോടിയിരുന്നു. തുടര്‍ന്ന് വെറ്റിനറി ഡോക്ടറുമാരുടെ സംഘം തുടര്‍ച്ചയായി നിരീക്ഷിച്ച ശേഷമാണ് കൂടുതല്‍ ഡോസ് നല്‍കിയത്. ബൂസ്റ്റർ ഡോസ് നൽകിയതോടയാണ് അരിക്കൊമ്പൻ മയങ്ങിയത്. ചൂട് കൂടുതലായതിനാല്‍ ആനയെ നനയ്ക്കുന്നതിനായി വെള്ളവും എത്തിച്ചിരുന്നു. മയങ്ങി നിന്ന ആനയെ പിന്നീട് ശരീരത്തില്‍ വെള്ളം തളിച്ച് തണുപ്പിച്ച ശേഷമാണ് വാഹനത്തിന് അടുത്തേയ്ക്ക് നീക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. റേഡിയോ കോളർ ഘടിപ്പിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചത്. എന്നാല്‍ വൈകുന്നേരം ആറു മണിവരെയും അരിക്കൊമ്പനെ കണ്ടെത്താന്‍ സംഘത്തിന് സാധിച്ചിരുന്നില്ല. പിന്നീട് അരിക്കൊമ്പനെ ശങ്കരപാണ്ഡ്യമേട്ടില്‍ കണ്ടെത്തിയെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് രണ്ടാം ദിവസമായ ഇന്നും ദൗത്യം തുടരുകയായിരുന്നു. ഇന്ന് രാവിലെ ദൗത്യം ആരംഭിക്കുമ്പോള്‍ ചിന്നക്കനാലില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയുള്ള ശങ്കരപാണ്ഡ്യമേട്ടില്‍ നിന്നും ആന നീങ്ങിയിരുന്നു.
എന്നാല്‍ അരിക്കൊമ്പനെ എവിടേക്ക് മാറ്റുമെന്നത് അടക്കമുള്ള കാര്യങ്ങള്‍ ഇതുവരെയും വനംവകുപ്പ് പുറത്തുവിട്ടിട്ടില്ല. പെരിയാര്‍ ഭാഗത്തുള്ള പോലീസ് സ്റ്റേഷനുകള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ പെരിയാര്‍ വന്യജീവി സങ്കേതതിലായിരിക്കും അരിക്കൊമ്പനെ എത്തിക്കുകയെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല