1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 31, 2025

സ്വന്തം ലേഖകൻ: റബർ അധിഷ്ഠിത വ്യവസായം തുടങ്ങാൻ പ്രവാസികളെ സ്വാഗതം ചെയ്ത് റബർ കേരള ലിമിറ്റഡ്. ഇന്ത്യയിലെ മൊത്തം റബർ ഉൽപാദനത്തിൽ 70% നൽകുന്ന കേരളത്തെ റബർ വ്യവസായത്തിന്റെ സിരാകേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെയാണ് റബർ കേരള ലിമിറ്റഡ് നിക്ഷേപകരെയും സംരംഭകരെയും ക്ഷണിക്കുന്നത്. സ്വാഭാവിക റബർ ഉപയോഗിച്ചു പ്രവർത്തിക്കുന്ന വ്യവസായ കേന്ദ്രങ്ങൾക്ക് സംസ്ഥാന സർക്കാർ സ്ഥലം അനുവദിക്കും.

ടയർ മുതൽ ഗ്ലൗസ് വരെ, റബറിൽ നിന്നുള്ള ഏത് ഉൽപന്നത്തിനും ഫാക്ടറി തുടങ്ങാം. സ്ഥലവും മറ്റ് അനുമതികളും റബർ കേരള വഴി സർക്കാർ നൽകും. വിദേശ ഇന്ത്യക്കാരെ സംരംഭകരാകാൻ ക്ഷണിക്കുന്നതിന്റെ ഭാഗമായി വിദേശ രാജ്യങ്ങളിൽ നടത്തുന്ന ബിസിനസ് മീറ്റിൽ ആദ്യത്തേത് ഇന്നലെ ദുബായിൽ നടന്നു. പൊതു – സ്വകാര്യ പങ്കാളിത്തത്തോടെയാണ് വ്യവസായങ്ങൾ തുടങ്ങുന്നത്.

റബർ ഉൽപാദക സംഘങ്ങളും കർഷകരും ചേരുന്ന ശൃംഖല ശക്തിപ്പെടുത്തി റബർ വ്യവസായങ്ങൾക്ക് അനുകൂല സാഹചര്യമൊരുക്കുകയാണ് റബർ കേരള. മറ്റു സംസ്ഥാനങ്ങളിലെ റബർ വ്യവസായ സംരംഭങ്ങളുമായും റബർ കേരളയ്ക്കു നേരിട്ടു ബന്ധമുണ്ട്. ഈ സാഹചര്യങ്ങളെ സംയോജിപ്പിച്ചു പുതിയ വ്യവസായ അടിത്തറ പാകുകയാണ് നിക്ഷേപ യോഗങ്ങളിലൂടെ ഉദ്ദേശിക്കുന്നതെന്നു റബർ കേരള ഡയറക്ടർ കരിമ്പുഴ രാമൻ പറഞ്ഞു.

കോട്ടയത്തെ വെള്ളൂരിൽ 164 ഏക്കറാണ് റബർ വ്യവസായം തുടങ്ങുന്നതിനു ലഭ്യമാക്കിയിരിക്കുന്നത്. ലാറ്റക്സ്, ഡ്രൈ റബർ, റബർ തടി എന്നീ മൂന്നു മേഖലകളിൽ വ്യവസായം തുടങ്ങാനുള്ള സൗകര്യം ഇവിടെ സർക്കാർ ഒരുക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.