1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 9, 2015

സ്വന്തം ലേഖകന്‍: കേരളാ എക്‌സ്പ്രസില്‍ പകല്‍ക്കൊള്ള, ദമ്പതികകളെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്നു. ഭിന്നശേഷിയുള്ളവര്‍ക്കുള്ള കോച്ചില്‍ കയറിയ ദമ്പതികളെ അിച്ചുവീഴ്ത്തി ബാഗും പണവും മൊബൈല്‍ഫോണുകളും തട്ടിയെടുക്കുകയായിരുന്നു. പരുക്കേറ്റ തിരുവനന്തപുരം കല്ലമ്പലം നാസിം മന്‍സിലില്‍ മുഹമ്മദ് നാസിര്‍, ഭാര്യ ഹയറുന്നിസ എന്നിവര്‍ ചികിത്സയിലാണ്.

ഒപ്പമുണ്ടായിരുന്ന മകന്‍ ആറുവയസുകാരന്‍ മുഹമ്മദ് നാസിം പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. സംഭവത്തില്‍ നാഗര്‍കോവില്‍ സ്വദേശികളായ വിനു, സന്തോഷ് എന്നിവരെ രണ്ടുമണിക്കൂറിനുള്ളില്‍ പരിസരത്തുനിന്ന് പോലീസ് പിടികൂടുകയും ചെയ്തു.

തിരുവനന്തപുരത്തുനിന്നു ന്യൂഡല്‍ഹിയിലേക്കുള്ള കേരള എക്‌സ്പ്രസ് രണ്ടുമണിയോടെ ഏറ്റുമാനൂര്‍ വിട്ടശേഷമായിരുന്നു ആക്രമണം. എന്‍ജിനോടുചേര്‍ന്ന് മുന്നിലായിരുന്നു ഭിന്നശേഷിയുള്ളവര്‍ക്കുള്ള കോച്ച്. ദമ്പതികളും കുഞ്ഞും മാത്രമാണ് കോച്ചിലുണ്ടായിരുന്നത്. ട്രെയിന്‍ കോട്ടയം സ്റ്റേഷനില്‍ സിഗ്‌നല്‍ കാത്തു കിടക്കുമ്പോള്‍ മോഷ്ടാക്കള്‍ ഇരുവരും കോച്ചില്‍ കയറി.

ഭിന്നശേഷിയുള്ളവര്‍ക്കു വേണ്ടിയുള്ള കോച്ചാണിതെന്നു നാസിര്‍ പറഞ്ഞതോടെ ഇവര്‍ ഇറങ്ങിപ്പോയി. എന്നാല്‍ ട്രെയിന്‍ സ്റ്റേഷനില്‍നിന്നു നീങ്ങിത്തുടങ്ങിയതോടെ ഇരുവരും ട്രെയിനിലേക്കു ചാടിക്കയറി. തുടര്‍ന്ന് മോഷ്ടാക്കള്‍ മൂന്നംഗ കുടുംബത്തെ പലകാര്യങ്ങളും ചോദിച്ചു ശല്യംചെയ്തതോടെ നാസിറിന്റെ ഭാര്യ ഹയറുന്നിസ മോഷ്ടാക്കളോടു ദേഷ്യപ്പെട്ടു.

ട്രെയിന്‍ ഏറ്റുമാനൂര്‍ വിട്ടതോടെ ചാടിയെണീറ്റ മോഷ്ടാക്കള്‍ ഹയറുന്നിസയുടെ മുഖത്തടിച്ചശേഷം ചവിട്ടി വീഴ്ത്തുകയും ശരീരത്തിലാകെ മര്‍ദിക്കുകയും ചെയ്തു. ശാരീരിക അവശതകളുള്ള മുഹമ്മദ് നിസാര്‍ അക്രമികളെ തടയാന്‍ ശ്രമിച്ചെങ്കിലും ഇയാളെയും മോഷ്ടാക്കള്‍ നിലത്തിട്ടു ചവിട്ടുകയും മുഖത്ത് ഇടിക്കുകയും ചെയ്തു. ട്രെയിന്‍ ചങ്ങലവലിച്ചു നിര്‍ത്താനും അക്രമികള്‍ നിസാറിനെ സമ്മതിച്ചില്ല. അക്രമികളുടെ കണ്ണുവെട്ടിച്ച് നിസാര്‍ ചങ്ങലവലിച്ചതോടെ ട്രെയിന്‍ കുറുപ്പന്തറ സ്റ്റേഷനില്‍ നിര്‍ത്തി. ഇതോടെ മോഷ്ടാക്കള്‍ ട്രെയിനില്‍നിന്ന് ഇറങ്ങിയോടി. തുര്‍ന്നു റയില്‍വേ സംരക്ഷണ സേന നടത്തിയ പരിശോധനയിലാണു പരുക്കേറ്റ നിലയില്‍ ദമ്പതികളെ കണ്ടെത്തിയത്.

റയില്‍വേ ട്രാക്കിലൂടെ ഓടിയ മോഷ്ടാക്കളെ നാട്ടുകാരും പൊലീസും ചേര്‍ന്നു നടത്തിയ അന്വേഷണത്തിനൊടുവില്‍ കോതനല്ലൂരില്‍ നിന്നുമാണു പിടികൂടിയത്. ഇവരില്‍നിന്നു മോഷണവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ റയില്‍വേ പൊലീസിനു കൈമാറുമെന്ന് പൊലീസ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.