സ്വന്തം ലേഖകൻ: വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തികൾക്കു കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
എഴുത്തുകാരന്‍ എം ടി വാസുദേവൻ നായർക്കാണു കേരളജ്യോതി പുരസ്‌കാരം. ഓംചേരി എൻ.എൻ. പിള്ള, ടി. മാധവ മേനോൻ, പി ഐ മുഹമ്മദ് കുട്ടി (മമ്മൂട്ടി) എന്നിവർ കേരളപ്രഭ പുരസ്‌കാരത്തിനും ഡോ. സത്യഭാമാദാസ് ബിജു (ഡോ. ബിജു), ഗോപിനാഥ് മുതുകാട്, കാനായി കുഞ്ഞിരാമൻ, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, എം.പി. പരമേശ്വരൻ, വിജയലക്ഷ്മി മുരളീധരൻ പിള്ള (വൈക്കം വിജയലക്ഷ്മി) എന്നിവർ കേരള ശ്രീ പുരസ്‌കാരത്തിനും അർഹരായി.
വിവിധ മേഖലകളിലെ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ജ്യോതി വർഷത്തിൽ ഒരാൾക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള പ്രഭ വർഷത്തിൽ രണ്ടു പേർക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ശ്രീ വർഷത്തിൽ അഞ്ചു പേർക്കുമാണു നൽകുന്നത്.
പുരസ്‌കാര ജേതാക്കൾ
കേരള ജ്യോതി
എം.ടി. വാസുദേവൻ നായർ (സാഹിത്യം)
കേരള പ്രഭ
ഓംചേരി എൻ.എൻ. പിള്ള (കല, നാടകം, സാമൂഹ്യ സേവനം, പബ്ലിക് സർവീസ്)
ടി. മാധവമേനോൻ (സിവിൽ സർവീസ്, സാമൂഹ്യ സേവനം)
പി.ഐ. മുഹമ്മദ് കുട്ടി (മമ്മൂട്ടി) (കല)
കേരള ശ്രീ
ഡോ. സത്യഭാമാദാസ് ബിജു (ഡോ. ബിജു) (ശാസ്ത്രം)
ഗോപിനാഥ് മുതുകാട് (സാമൂഹ്യ സേവനം, കല)
കാനായി കുഞ്ഞിരാമൻ (കല)
കൊച്ചൗസേഫ് ചിറ്റിലപ്പള്ളി (സാമൂഹ്യ സേവനം, വ്യവസായം)
എം.പി. പരമേശ്വരൻ (ശാസ്ത്രം, സാമൂഹ്യ സേവനം)
വിജയലക്ഷ്മി മുരളീധരൻ പിള്ള (വൈക്കം വിജയലക്ഷ്മി) (കല)
എന്നാൽ കേരള ശ്രീ പുരസ്കാരം തത്കാലം സ്വീകരിക്കില്ലെന്ന് പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍. ശില്‍പ്പങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കാനായി പുരസ്കാരം താത്കാലികമായി നിരസിച്ചിരിക്കുന്നത്.
കണ്ണൂര്‍ പയ്യാമ്പലത്തും, തിരുവനന്തപുരത്ത് ശംഖുമുഖം, വേളി എന്നിവിടങ്ങളില്‍ താന്‍ നിര്‍മ്മിച്ച ശില്‍പ്പങ്ങള്‍ അവഗണിക്കപ്പെട്ടതായി കാനായി ആരോപിച്ചു. ശംഖുമുഖത്ത് ഒരു ഹെലിക്കോപ്റ്റര്‍ കൊണ്ടുവന്ന് പ്രദേശത്തിന്റെ ഭംഗി നശിപ്പിച്ചെന്നും അന്നത്തെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് അത് ചെയ്തതെന്നും കാനായി പറയുന്നു.
വെളി ടൂറിസ്റ്റ് വില്ലേജിന്റെ അവസ്ഥയും പരിതാപകരമാണെന്ന് കാനായി ചൂണ്ടിക്കാണിച്ചു. “ആദ്യം അവിടെയെത്തുമ്പോള്‍ ആര്‍ക്കും താത്പര്യമില്ലാത്ത ഒരു പ്രദേശമായിരുന്നു. എന്നാല്‍ വളരെ കഷ്ടപ്പെട്ടാണ് ടൂറിസ്റ്റ് വില്ലേജ് സ്ഥാപിച്ചത്. ഇത്തരം അവസ്ഥയില്‍ ഞാന്‍ എങ്ങനെയാണ് അവാര്‍ഡ് സ്വീകരിക്കുക,” മനോരമ ന്യൂസിനോട് സംസാരിക്കവെ കാനായി ചോദിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല