സ്വന്തം ലേഖകൻ: കേരളത്തിൽ ഒരാൾക്ക് മങ്കി പോക്സെന്ന് ( monkeypox) സംശയമെന്ന് മന്ത്രി വീണ ജോർജ്. യുഎഇയിൽ നിന്നെത്തിയ ഒരു വ്യക്തിക്കാണ് രോഗസംശയം. മൂന്ന് ദിവസം മുന്നേയാണ് ഇയാൾ സംസ്ഥാനത്ത് എത്തിയത്. നേരത്തെ മങ്കിപോക്സ് സ്ഥിരീകരിച്ച വ്യക്തിയുമയി അടുത്ത സമ്പർക്കം ഉള്ള വ്യക്തിയാണ് ഇതെന്ന് മന്ത്രി പറഞ്ഞു. ഇയാൾക്ക് കൃത്യമായ രോഗലക്ഷണങ്ങളുണ്ട്. ഇയാളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇന്ന് വൈകീട്ടോടെ തന്നെ ഫലം ലഭ്യമാകുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
നിരീക്ഷണത്തിലുള്ള ആൾക്ക് കൂടുതൽ ആളുകളുമായി സമ്പർക്കമില്ല. കൃത്യമായ മുൻകരുതലുകൾ സ്വീകരിച്ചാണ് ഇദ്ദേഹം എത്തിയത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. പരിശോധന ഫലം വന്നശേഷമേ ഇയാൾ ഏത് ജില്ലയ്ക്കാരനാണ് വ്യക്തമാക്കുകയുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പനിയും വസൂരിക്ക് സമാനമായ കുരുക്കളും ആണ് മങ്കിപോക്സിന്‍റെ പ്രധാനം ലക്ഷണം. നിലവിൽ നിരീക്ഷണിത്തിലുള്ളയാൾക്ക് ഈ ലക്ഷണങ്ങളുണ്ട്. പ്രാഥമിക പരിശോധനയിൽ മങ്കി പോക്സ് ആണെന്ന് സംശയം തോന്നിയതിനെ തുടർന്നാണ് ഇയാളെ ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചത്. രോഗിയുടെ സാമ്പിൾ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കാണ് അയച്ചിരിക്കുന്നത്. രോഗസംശയം ഉള്ള വ്യക്തിയുടെ വീട്ടുകാരെ പ്രത്യേകം നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്.
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും ശരീര ശ്രവങ്ങളിൽ നിന്നും പടരാൻ സാധ്യതയുള്ള രോഗമാണ് മങ്കിപോക്സ്. മങ്കിപോക്സ് ബാധിതരിൽ മരണനിരക്ക് വളരെ കുറവാണെന്നും വളരെ അടുത്ത ആളുകളുമായി സമ്പർക്കം ഉണ്ടെങ്കിൽ മാത്രമേ ഈ രോഗം പടരൂവെന്നും മന്ത്രി വിശീദകരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല