1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 27, 2018

സ്വന്തം ലേഖകന്‍: കേരളത്തിന് ലഭിച്ച 600 കോടി ആദ്യഘഡു മാത്രം; പ്രളയക്കെടുതിയില്‍നിന്ന് കരകയറാന്‍ കേരളത്തിന് കൂടുതല്‍ ധനസഹായം പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി ഗവര്‍ണര്‍. ദുരുതാശ്വാസം സംബന്ധിച്ച് പ്രധാനമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും ചര്‍ച്ച നടത്തിയതായയും ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം അറിയിച്ചു.

കേരളത്തിന് കേന്ദ്രം അനുവദിച്ച 600 കോടി ആദ്യഗഡു മാത്രമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഡല്‍ഹിയില്‍ വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിനു യാതൊരു മടിയും കൂടാതെ സമയോചിതമായി സഹായം നല്‍കിയെന്നും കേരള സന്ദര്‍ശനത്തിനുശേഷം രക്ഷാപ്രവര്‍ത്തനം കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ഗവര്‍ണറെ അറിയിച്ചു.

തന്റെ നിര്‍ദേശപ്രകാരമാണ് ക്യാബിനറ്റ് സെക്രട്ടറി അധ്യക്ഷനായ ദേശീയ ക്രൈസിസ് മാനേജ്‌മെന്റ് കമ്മറ്റി നിത്യേന യോഗം ചേര്‍ന്നു രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്തത്. ഉയര്‍ന്ന സൈനിക, സിവില്‍ ഉദ്യോഗസ്ഥരും ദേശീയ ദുരന്തനിവാരണസേനാ പ്രതിനിധികളും മറ്റുമടങ്ങിയ ഈ സമിതിയില്‍ കേരള ചീഫ് സെക്രട്ടറി വിഡിയോ കോണ്‍ഫറന്‍സിങ്ങ് വഴി പങ്കെടുത്തിരുന്നു.

ഈ യോഗങ്ങളുടെ പശ്ചാത്തലത്തിലാണ് 40 ഹെലിക്കോപ്റ്റര്‍, 31 വിമാനം, 182 രക്ഷാടീമുകള്‍, 18 സൈനിക മെഡിക്കല്‍ സംഘങ്ങള്‍, 58 ദേശീയ ദുരന്തനിവാരണസേനാ ടീമുകള്‍, ഏഴു കമ്പനി കേന്ദ്ര സായുധസേന, നേവി, കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍, രക്ഷാസന്നാഹങ്ങളുള്ള 500 ബോട്ടുകള്‍ എന്നിവയെ വിന്യസിച്ചുകൊണ്ട് കേന്ദ്രം വിപുലമായ രക്ഷാപ്രവര്‍ത്തനം നടത്തിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ദേശീയ, സംസ്ഥാന പ്രതികരണനിധിയുടെ മാനദണ്ഡം അനുസരിച്ചാണ് ദുരന്തങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ധനസഹായമനുവദിക്കുന്നത്. സംസ്ഥാന ദുരന്തപ്രതികരണനിധി എന്ന നിലയില്‍ ഓരോ സംസ്ഥാനത്തിനും അനുവദിച്ച ഫണ്ടിന്റെ 75% തുകയും ധനകാര്യ കമ്മിഷന്‍ അനുമതിപ്രകാരം കേന്ദ്രം നല്‍കിയിട്ടുള്ളതാണ്. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് സംസ്ഥാന ദുരന്ത പ്രതികരണനിധിയിലേക്ക് 90% ആണ് കേന്ദ്രം നല്‍കുക.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.