സ്വന്തം ലേഖകന്‍: ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി; പ്രളയക്കെടുതി വിലയിരുത്താന്‍ സര്‍വകക്ഷി യോഗം. വെള്ളപ്പൊക്കത്തില്‍ ആരും എവിടെയും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കിയതിനെത്തുടര്‍ന്ന് ചെങ്ങന്നൂരിലെ പാണ്ടനാട്,തിരുവന്‍ വണ്ടൂര്‍ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി. വീടൊഴിയാന്‍ വിസമ്മതിക്കുന്നവര്‍ മാത്രമാണ് ഇനി ഇവിടങ്ങളില്‍ തുടരുന്നത്.
ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി ഫോണ്‍സന്ദേശങ്ങള്‍വന്ന സ്ഥലങ്ങളിലെല്ലാം ദൗത്യസേന നേരിട്ടുപോയി അങ്ങനെയില്ലെന്നുറപ്പാക്കി. വെള്ളം താഴ്ന്നതിനാല്‍ എല്ലായിടത്തും എത്താനാവുന്നുണ്ട്. സൈന്യത്തിന്റെ സേവനം ഇനിയും ചെങ്ങന്നൂരില്‍ തുടരും. 85,925 പേരാണ് 212 ക്യാമ്പുകളിലായി കഴിയുന്നത്. ക്യാമ്പില്‍ എത്താത്തവര്‍ 15,000ത്തോളം വരുമെന്ന് കണക്കാക്കുന്നു. ഇവര്‍ക്ക് ഭക്ഷണമെത്തിക്കുന്നതിനാണ് ഇനി മുന്‍ഗണന.
ചെങ്ങന്നൂരില്‍ നാലുലക്ഷം ജനസംഖ്യയുള്ളതില്‍ 40 ശതമാനം പേരെ (1,60,000) പ്രളയം ബാധിച്ചതായാണ് വിലയിരുത്തല്‍. പ്രദേശത്ത് വെള്ളമൊഴിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഉള്‍പ്രദേശങ്ങളില്‍ ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്.ക്യാമ്പുകളില്‍ നിന്നുള്‍പ്പെടെയുള്ളവര്‍ വീടുകള്‍ വൃത്തിയാക്കാനും മറ്റുമായി തിരികെയെത്തിതുടങ്ങിയിട്ടുണ്ട്.
പ്രളയക്കെടുതി ചര്‍ച്ചചെയ്യാന്‍ വൈകിട്ട് നാലിന് സര്‍വകക്ഷിയോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം. കേന്ദ്രസഹായം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണുന്നതു സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യും. പ്രളയ ദുരിതാശ്വാസത്തിന്റെ തുടര്‍നടപടികള്‍ ചര്‍ച്ചചെയ്യാന്‍ രാവിലെ ഒമ്പതു മണിക്ക് മന്ത്രിസഭാ യോഗം ചേരും. പ്രളയ ദുരിതാശ്വാസം സംബന്ധിച്ച് പ്രധാനമന്ത്രിക്ക് മെമ്മറാണ്ടം തയ്യാറാക്കുന്നതില്‍ മന്ത്രിസഭ തീരുമാനമെടുക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല