1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 28, 2018

സ്വന്തം ലേഖകന്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി ലഭിച്ചത് 713.92 കോടി; നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കലക്ടര്‍മാര്‍ക്ക് നിര്‍ദേശം; അടിയന്തര ധനസഹായം പതിനായിരം രൂപ ഇന്ന് മുതല്‍ ലഭ്യമാകും. പ്രളയത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. നഷ്ടമായ രേഖകള്‍ തിരികെ നല്‍കാനുള്ള നടപടികള്‍ സെപ്റ്റംബര്‍ മൂന്നിനകം തുടങ്ങണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പതിനായിരം രൂപ അടിയന്തര ധനസഹായം ഇന്ന് മുതല്‍ ലഭ്യമാകും.

മേഖല തിരിച്ച് നാശനഷ്ടങ്ങള്‍ കൃത്യമായും സമയബന്ധിതമായും തിട്ടപ്പെടുത്താനാണ് ജില്ലാ കളക്ടര്‍ക്ക് മുഖ്യമന്ത്രി നല്‍കിയ നിര്‍ദേശം. നഷ്ടമായ രേഖകള്‍ സോഫ്റ്റ്‌വെയര്‍ സംവിധാനത്തിലൂടെ വീണ്ടെടുക്കുന്ന നടപടികള്‍ സെപ്റ്റംബര്‍ മൂന്നിനകം തുടങ്ങണം. വിലക്കയറ്റം തടയണം. രോഗികളായവര്‍ക്ക് ചികിത്സ നല്‍കണം. കുട്ടികളുള്‍പ്പെടെ ആവശ്യമായവര്‍ക്ക് കൗണ്‍സലിങ്ങും നല്‍കണമെന്ന് മുഖ്യമന്ത്രി ജില്ലാ കലക്ടര്‍മാരോട് നിര്‍ദേശിച്ചു.

3,42,699 പേരാണ് 1,093 ക്യാമ്പുകളിലായി കഴിയുന്നത്. വീടുകള്‍ വൃത്തിയാക്കി വാസയോഗ്യമാകുന്നതോടെ കൂടുതല്‍ പേര്‍ ഇന്ന് വീടുകളിലേക്ക് മടങ്ങും. വെള്ളമിറങ്ങാത്തിടത്തെ ക്യാമ്പുകള്‍ കുറച്ച് ദിവസംകൂടി തുടരേണ്ടിവരും. ബാങ്ക് അവധി കഴിയുന്നതിനാല്‍ വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് പ്രഖ്യാപിച്ച 10000 രൂപ ഇന്ന് ലഭ്യമാകും.

കിണറുകള്‍ മലിനമായ സ്ഥലങ്ങളിലും കുടിവെള്ളം വിതരണം മുടങ്ങിയ സ്ഥലങ്ങളിലും വാട്ടര്‍ അതോറിറ്റി വെള്ളം വിതരണം ചെയ്യുന്നുണ്ട്. കുട്ടനാട്, ചെങ്ങന്നൂര്‍ മേഖലകളില്‍ വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുന്നു. വീടുകളിലും വെള്ളം വിതരണം ചെയ്യുന്നുണ്ട്. ഇനി 56,000 ഉപഭോക്താക്കള്‍ക്ക് മാത്രമാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുളളത്. മൃഗങ്ങളുടെ ശവശരീരങ്ങള്‍ മറവ് ചെയ്യുന്നത് മിക്കവാറും പൂര്‍ത്തിയായി.

തിങ്കളാഴ്ച വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി ലഭിച്ചത് 713.92 കോടി രൂപ. donation.cmdrf.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് ഓണ്‍ലൈനായി പണമടയ്ക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതുവരെ 3.91 ലക്ഷം പേര്‍ ഓണ്‍ലൈനായി സംഭാവന നല്‍കി. 713.92 കോടി രൂപയില്‍ 132.68 കോടി രൂപ സിഎംഡിആര്‍എഫ് പേമെന്റ് ഗേറ്റ്‌വേ, യുപിഐ എന്നിവ വഴിയും 43 കോടി രൂപ പേടിഎം വഴിയും ഓണ്‍ലൈനായി ലഭിച്ചതാണ്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.