സ്വന്തം ലേഖകന്‍: പടുത്തുയര്‍ത്താം പുതിയ കേരളം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാം; പ്രളയത്തില്‍ വീട് നശിച്ചവര്‍ക്ക് ഒരു ലക്ഷംവരെ പലിശയില്ലാ വായ്പ ലഭ്യമാക്കും. പ്രളയത്തില്‍ വെള്ളം കയറി നശിച്ച അത്യാവശ്യ സാധനങ്ങള്‍ പുതിയത് വാങ്ങുന്നതിനും വീടിനെ വാസയോഗ്യമാക്കുന്നതിനും സര്‍ക്കാര്‍ കര്‍മ്മ പദ്ധതി ആവിഷ്‌കരിക്കും. അതിനായി ഒരു ലക്ഷം രൂപവരെ പലിശരഹിത വായ്പ നല്‍കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ബാങ്കുകളുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ക്യാമ്പുകളില്‍ നിന്നും വീടുകളിലേയ്ക്ക് പോകുന്നവര്‍ക്ക് അഞ്ചു കിലോ അരിയും ആവശ്യ സാധനങ്ങള്‍ അടങ്ങിയ കിറ്റ് സര്‍ക്കാര്‍ നല്‍കും. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള വിപുലമായ പദ്ധതി തയ്യാറാക്കും. ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നതെന്ന് മഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ക്യാമ്പിലുള്ളവര്‍ക്ക് ഭക്ഷണം അടക്കമുള്ള കാര്യങ്ങളില്‍ തൃപ്തരാണെന്നും. പരാതികള്‍ ഉണ്ടായാല്‍ ഗൗരവമായി പരിശോധിക്കാന്‍ ക്യാമ്പ് ഇന്‍ ചാര്‍ജ് ഓഫീസര്‍സ് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ക്യാമ്പ് നടത്തിപ്പിനെ കുറിച്ച് നല്ല അഭിപ്രായങ്ങളാണ് പൊതുവെ ഉള്ളത്. കൃത്യമായ ആസൂത്രണത്തോടു കൂടിയാണ് ക്യാമ്പുകളുടെ പ്രവര്‍ത്തനം. കൃത്യമായ രക്ഷാ പ്രവര്‍ത്തനിങ്ങളോട് കടപ്പാട് ക്യാമ്പിലുള്ളവര്‍ വലിയ രീതിയിലാണ് പ്രകടിപ്പിക്കുന്നത്. വീടുകളിലേക്ക് മടങ്ങുമ്പോഴുള്ള പ്രശ്‌നമാണ് പലരും ചൂണ്ടിക്കാട്ടിയത്. രേഖകള്‍ നഷ്ടപ്പെട്ടതിനെ കുറിച്ചും പലരും ചൂണ്ടിക്കാട്ടി. വീട് നഷ്ടപ്പെട്ടവരുടെ ആകുലതകള്‍ ഗൗരവത്തിലാണ് സര്‍ക്കാര്‍ കാണുന്നതെന്നും സമയബന്ധിതമായി ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.
പുനരധിവാസം ഗൗരവത്തില്‍ പരിഗണിച്ചു കൊണ്ടാവും സര്‍ക്കാര്‍ നയം. ദുരന്തത്തില്‍ നിന്നുള്ള പാഠം ഉള്‍ക്കൊണ്ട് പ്രകൃതി ദുരന്തമുണ്ടാവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് മാറി പുനരധിവാസം നടപ്പിലാക്കുക.വീട് വയ്ക്കാനുള്ള സ്ഥലം കണ്ടെത്തുന്നത് ഒരു പ്രശ്‌നമാണ്. പൊതുവായ അഭിപ്രായം സ്വീകരിച്ച് ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ബുധനാഴ്ച ഏഴുമണിവരെ 539 കോടിരൂപ സംഭാവന ലഭിച്ചു. ഇതില്‍ 142 കോടിരൂപ സിഎംഡിആര്‍എഫ് പേമെന്റ് ഗേറ്റ്‌വേയിലെ ബാങ്കുകളും യുപിഐകളും വഴിയും പേറ്റിഎം വഴിയും ഓണ്‍ലൈന്‍ സംഭാവനയായി വന്നതാണ്. ഇതിനു പുറമേ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സിഎംഡിആര്‍എഫ് അക്കൗണ്ടില്‍ നിക്ഷേപമായി 329 കോടി രൂപയും ബുധനാഴ്ച ഓഫിസില്‍ ചെക്കുകളും ഡ്രാഫ്റ്റ്കളുമായി 68 കോടിയും ലഭിച്ചിട്ടുണ്ട്. donation.cmdrf.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് ഓണ്‍ലൈനായി പണമടയ്ക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല