സ്വന്തം ലേഖകന്‍: ഡാമുകള്‍ ഒരുമിച്ച് തുറക്കേണ്ടി വന്നത് പ്രളയത്തിന്റെ ആഘാതം കൂട്ടി; മുല്ലപ്പെരിയാറിലെ 13 ഷട്ടറുകള്‍ ഒരുമിച്ച് തുറന്നതും തിരിച്ചടിയായെന്ന് കേരളം സുപ്രീം കോടതിയില്‍. കേരളത്തില്‍ പ്രളയത്തിന് കാരണം മുല്ലപ്പെരിയാറുമെന്ന് ചീഫ് സെക്രട്ടറി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. 13 ഷട്ടറുകളും ഒരുമിച്ച് തുറക്കേണ്ടി വന്നത് പ്രളയത്തിനിടയാക്കി. ജലനിരപ്പ് 142 അടിയിലെത്തും മുമ്പേ വെള്ളം തുറന്നുവിടാന്‍ തമിഴ്‌നാട് അനുവദിച്ചില്ല.
139 അടിയായപ്പോള്‍ തന്നെ വെള്ളം തുറന്നുവിടാന്‍ കേരളം ആവശ്യപ്പെട്ടിരുന്നു. കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് തള്ളുകയായിരുന്നു. കേരളത്തിലെ എട്ട് അണക്കെട്ടുകള്‍ തുറക്കേണ്ടിവന്നുവെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. സംസ്ഥാന സര്‍ക്കാരും സുപ്രീം കോടതി നിയമിച്ച സമിതിയും ആവശ്യപ്പെട്ടിട്ടും തമിഴ്‌നാട് അനുകൂലമായി പ്രതികരിച്ചില്ല. ഇത് കാരണമാണ് അടിയന്തരമായി ഷട്ടറുകള്‍ തുറക്കേണ്ടി വന്നത്. ഭാവിയില്‍ ഇതാവര്‍ത്തിക്കപ്പെടാതിരിക്കാന്‍ പ്രത്യേക കമ്മിറ്റികള്‍ക്ക് രൂപം നല്‍കണമെന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
കേന്ദ്ര ജലക്കമ്മീഷന്‍ അധ്യക്ഷനും സംസ്ഥാന പ്രതിനിധികളും അംഗങ്ങളായ സൂപ്പര്‍വൈസറി കമ്മിറ്റിക്ക് രൂപം നല്‍കണം. അണക്കെട്ടിന്റെ മാനേജ്‌മെന്റിനായി കേന്ദ്ര സംസ്ഥാന പ്രതിനിധികള്‍ അടങ്ങുന്ന കമ്മിറ്റിക്കും രൂപം നല്‍കണമെന്നും കേരളം ആവശ്യപ്പെട്ടു.
അതേസമയം ഡാമുകള്‍ തുറന്നതില്‍ കെ.എസ്.ഇ.ബിക്ക് വീഴ്ചയുണ്ടായില്ലെന്ന് വൈദ്യുതിമന്ത്രി എം.എം.മണി വിശദീകരിച്ചു. വളരെ തന്മയത്വത്തോടെ കെ.എസ്.ഇ.ബി കാര്യങ്ങള്‍ ചെയ്തു. സര്‍ക്കാര്‍ ഉപദേശം വിട്ട് കെ.എസ്.ഇ.ബി ഒന്നും ചെയ്തിട്ടില്ല. എല്ലാത്തിനും രേഖകളുണ്ട്. പെരിങ്ങല്‍കുത്ത് ഡാം പുനര്‍നിര്‍മിക്കാന്‍ കേന്ദ്രസഹായം തേടും. പ്രതിപക്ഷനേതാവിന്റെ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ല. കാര്യങ്ങള്‍ അദ്ദേഹം അറിഞ്ഞിരുന്നു. സര്‍വകക്ഷി സംഘം എന്നൊക്കെപ്പറഞ്ഞ് നിന്നിട്ട് ഇപ്പോള്‍ വേലവയ്ക്കുന്ന പണിയാണ് രമേശ് ചെന്നിത്തല ചെയ്യുന്നതെന്നും മന്ത്രി എം.എം.മണി തൊടുപുഴയില്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല