1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 21, 2018

സ്വന്തം ലേഖകന്‍: ഓപ്പറേഷന്‍ ‘ജലരക്ഷ’ വഴി രക്ഷാപ്രവര്‍ത്തകര്‍ രക്ഷിച്ചത് 53,000 പേരെ; കരുത്തായി മത്സ്യത്തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്ധനവും ഒരു ദിവസം 3000 രൂപയും; കേടായ ബോട്ടുകള്‍ക്കും നഷ്ടപരിഹാരം. സംസ്ഥാന കണ്‍ട്രോള്‍ റൂമിലടക്കം കഴിഞ്ഞ ദിവസം മാത്രം ലഭിച്ചത് 12 ലക്ഷം കോളുകള്‍. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെയാണ് കേരളാ പൊലീസ് ദൗത്യം തുടരുന്നത്.

നിരവധി ക്യാമ്പുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുറന്നിരിക്കുന്നത്. ഏഴ് ലക്ഷത്തോളം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാരും അധികൃതരും. അതേസമയം പാണ്ടനാട്ടും പറവൂരും വെള്ളപ്പൊക്കം രൂക്ഷമായി തുടരുകയാണ്. കോട്ടയത്തിന്റെ താഴ്ന്ന പ്രദേശങ്ങളും വെള്ളപ്പൊക്കം പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്. പാണ്ടനാട്ടും പറവൂരും ആളുകള്‍ കുടുങ്ങി കിടക്കുന്നതായും വിവരങ്ങളുണ്ട്. ഇവിടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

മഴ കുറഞ്ഞതോടെ പലയിടങ്ങളിലും വെള്ളം ഇറങ്ങി തുടങ്ങി. വെള്ളപ്പൊക്കം ഏറ്റവും രൂക്ഷമായിരുന്ന ആലുവ, ചെങ്ങന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്. റാന്നി, ആറന്മുള, പന്തളം മേഖലകളിലും വെള്ളം കുറഞ്ഞിട്ടുണ്ട്. പെരിയാറിലേയും പമ്ബയിലേയും ജലനിരപ്പും കുറഞ്ഞിട്ടുണ്ട്. പെരിയാറില്‍ അഞ്ച് അടിയോളം വെള്ളം ഇറങ്ങിയിട്ടുണ്ട്. പേപ്പാറ ഡാമിന്റെ ഒരു ഷട്ടറും അടച്ചു.

നിലച്ചുപോയ ട്രെയിന്‍, ബസ് ഗതാഗതവും ഭാഗികമായി പുനഃസ്ഥാപിച്ചു. എംസി റോഡില്‍ കെഎസ്ആര്‍ടിസി തിരുവനന്തപുരം മുതല്‍ അടൂര്‍വരെയാണ് സര്‍വീസ് തുടങ്ങിയത്. ദേശീയപാതയില്‍ തിരുവനന്തപുരംഎറണാകുളം റൂട്ടിലും കെഎസ്ആര്‍ടിസ് സര്‍വീസ് തുടങ്ങി. കോട്ടയത്തുനിന്നും എറണാകുളത്തിനും ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു. അതേസമയം ആറ് ട്രെയിനുകള്‍ പൂര്‍ണമായും സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. പരശുറാം, ശബരി, മാവേലി, മലബാര്‍ എക്‌സ്പ്രസുകള്‍ ആണ് റദ്ദാക്കിയത്. ഇതിനു പുറമേ ചെന്നൈതിരുവനന്തപുരം, തിരുവനന്തപുരം എക്‌സ്പ്രസുകളും റദ്ദാക്കി.

നഷ്ടപ്പെട്ട രേഖകള്‍ വേഗത്തില്‍ നല്‍കുന്നതിന് ഐടി അധിഷ്ഠിത സംവിധാനം ഒരുക്കും. നഷ്ടപ്പെട്ട പാഠപുസ്തകം സൗജന്യമായി നല്‍കും. 36 ലക്ഷം പുസ്തകം അച്ചടിച്ചതുണ്ട്. യൂണിഫോം നഷ്ടപ്പെട്ട കുട്ടികളുണ്ടെങ്കില്‍ അവര്‍ക്കതും നല്‍കും. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മല്‍സ്യത്തൊഴിലാളികള്‍ക്ക് ഇന്ധനവും ഒരു ദിവസം 3000 രൂപയും നല്‍കും. കേടായ ബോട്ടുകള്‍ക്കു ന്യായമായ നഷ്ടപരിഹാരം. ബോട്ടുകള്‍ തിരികെ നാട്ടില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും.

ഗുരുതരമായ രോഗികളെ ക്യംപുകളില്‍നിന്ന് ആശുപത്രികളിലെത്തിക്കും. അവശ്യമെങ്കില്‍ പ്രത്യേക മെഡിക്കല്‍ ക്യാംപ് വിവിധയിടങ്ങളില്‍ സംഘടിപ്പിക്കും. റോഡുകള്‍ തകര്‍ന്നതിലൂടെ 4451 കോടിയുടെ പ്രാഥമിക നഷ്ടമാണു കണക്കാക്കിയിട്ടുള്ളത്. 221 പാലങ്ങള്‍ക്കു കേടുപാടുണ്ട്. 59 പാലങ്ങള്‍ ഇപ്പോഴും വെള്ളത്തിലാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവര്‍ക്കെല്ലാം നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.