1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 28, 2018

സ്വന്തം ലേഖകന്‍: പ്രളയദുരിതം വിലയിരുത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ തിരുവനന്തപുരത്തെത്തിയ അദ്ദേഹം പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാംപുകളും സന്ദര്‍ശിച്ച് 29ന് മടങ്ങും. രാഹുല്‍ ഹെലികോപ്റ്ററില്‍ ചെങ്ങന്നൂരിലേക്കാണ് ആദ്യം പോവുക. ഒരു മണിക്കൂറോളം ദുരിതബാധിതരോടൊപ്പം ചെലവഴിച്ചശേഷം അവിടെനിന്ന് ആലപ്പുഴയിലെ ക്യാംപ് സന്ദര്‍ശിക്കും. തുടര്‍ന്നു പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷിച്ച മത്സ്യത്തൊഴിലാളികള്‍ക്കു നല്‍കുന്ന സ്വീകരണ ചടങ്ങില്‍ പങ്കെടുക്കും.

മഴക്കെടുതിയില്‍ വീടു നഷ്ടപ്പെട്ടവര്‍ക്കു കെപിസിസി നിര്‍മിച്ചു നല്‍കുന്ന 1000 വീടുകളില്‍ 20 എണ്ണം നിര്‍മിക്കുന്നതിനുള്ള തുക രാഹുല്‍ ഗാന്ധിക്ക് ഈ ചടങ്ങില്‍ കൈമാറും. ആലപ്പുഴയില്‍ വിശ്രമിക്കുന്ന അദ്ദേഹം 3.30 ഓടെ കൊച്ചിയില്‍ എത്തും. ആലുവ, പറവൂര്‍, ചാലക്കുടി എന്നിവിടങ്ങളിലെ പ്രളയബാധിത പ്രദേശങ്ങളും ക്യാംപുകളും സന്ദര്‍ശിക്കും. രാത്രി കൊച്ചിയില്‍ സര്‍ക്കാര്‍ ഗെസ്റ്റ് ഹൗസില്‍ തങ്ങും. 29നു രാവിലെ എറണാകുളം ജില്ലയിലെ ക്യാംപുകളില്‍ വിതരണം ചെയ്യാന്‍ ഡിസിസി സംഭരിച്ച ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യസാധനങ്ങളും നിറച്ച ലോറികളുടെ യാത്ര രാഹുല്‍ ഫ്‌ലാഗ് ഓഫ് ചെയ്യും.

തുടര്‍ന്നു പ്രത്യേക വിമാനത്തില്‍ കോഴിക്കോട്ടേക്ക്. അവിടെനിന്നു ഹെലികോപ്റ്ററില്‍ വയനാട്ടിലേക്കു തിരിക്കും. 11.30 മുതല്‍ 12.30 വരെ കോട്ടാത്തല വില്ലേജിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. തിരിച്ച് 1.15 ഓടെ കോഴിക്കോട് വിമാനത്താവളത്തില്‍ എത്തുന്ന രാഹുല്‍ ഗാന്ധി പ്രത്യേക വിമാനത്തില്‍ ഡല്‍ഹിക്കു മടങ്ങും.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.