സ്വന്തം ലേഖകന്‍: പ്രളയം കൊണ്ടുപോയ റോഡുകളുടെയും പാലങ്ങളുടെയും പുനര്‍നിര്‍മാണത്തിന് വേണ്ടത് 5815.25 കോടി; പൂര്‍വസ്ഥിതിയിലാക്കാന്‍ ഒന്നര വര്‍ഷം. സംസ്ഥാനത്ത് മൊത്തം 34,732 കിലോമീറ്റര്‍ റോഡ് തകര്‍ന്നതായാണ് പൊതുമരാമത്ത് വകുപ്പിന്റെ കണക്ക്. 218 പാലങ്ങള്‍ക്കു കേടുപറ്റി. കോട്ടയം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണു കൂടുതല്‍ നാശം.
അടിയന്തരമായി നടത്തേണ്ട അറ്റകുറ്റപ്പണികള്‍ക്കായി 1000 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. നിലവിലുള്ള റോഡ് വികസനപദ്ധതികളെ ബാധിക്കാതെ 5000 കോടിയിലേറെ ഇനിയും കണ്ടെത്തുകയെന്നതാണ് വെല്ലുവിളി. പ്രളയത്തില്‍ ഏറ്റവുമധികം സാമ്പത്തിക നഷ്ടമുണ്ടായതു മരാമത്തു വകുപ്പിനാണ്. ചെറിയ റോഡുകള്‍ മുതല്‍ സംസ്ഥാന പാതകള്‍ വരെയുള്ളവയുടെ പുനര്‍നിര്‍മാണത്തിനു 4978.08 കോടി രൂപ വേണം.
ദേശീയപാതകള്‍ നന്നാക്കിയെടുക്കാന്‍ 533.78 കോടി രൂപ. തകര്‍ന്ന പാലങ്ങള്‍ നന്നാക്കാന്‍ 293.3 കോടിയും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കു 10.09 കോടിയും വേണം. പ്രളയത്തെത്തുടര്‍ന്നു റോഡുകളില്‍ അടിഞ്ഞ മാലിന്യങ്ങള്‍ നീക്കാന്‍ മാത്രം അഞ്ചുകോടിയോളം രൂപ മരാമത്തു വകുപ്പ് ഇതുവരെ ചെലവഴിച്ചു. ഉരുള്‍പൊട്ടലില്‍ 25 ഇടങ്ങളില്‍ റോഡ് തകര്‍ന്നു.
പാറയും ചെളിയും നീക്കാന്‍ 18 കോടി രൂപ വേണ്ടിവന്നു. 5774 കിലോമീറ്റര്‍ റോഡിലെ കുഴികള്‍ നികത്താന്‍ മാത്രം 368 കോടി രൂപ വേണം. വെള്ളക്കെട്ടു മൂലം ഭാവിയില്‍ റോഡുകള്‍ തകരാതിരിക്കാന്‍ 196 കോടി രൂപ ചെലവില്‍ അഴുക്കുചാലുകള്‍ നിര്‍മിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല