സ്വന്തം ലേഖകന്‍: സേനയുടെ വീര്യം പ്രളയത്തിരകള്‍ക്കും മേലെ; സൈനികരോടുള്ള നന്ദി എന്നു കേരളം മനസില്‍ സൂക്ഷിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ പ്രളയക്കെടുതിയില്‍ നിന്ന് രക്ഷിക്കാനെത്തിയ സേനാവിഭാഗങ്ങളുടെ സേവനവും അവരോടുള്ള നന്ദിയും കേരളം മനസ്സില്‍ സൂക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രളയത്തിരകള്‍ക്കും മേലെയായിരുന്നു സേനാവിഭാഗങ്ങളുടെ മനോവീര്യം. സേന സമയോചിതമായി സഹായിച്ചില്ലായിരുന്നെങ്കില്‍ ദുരന്തം ഭയാനകമായേനെ. സേനാവിഭാഗങ്ങളെയും അവരുടെ കുടുംബങ്ങളെയും കേരളം നന്ദിയോടും ആദരവോടും സ്മരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാദൗത്യത്തില്‍ പങ്കാളികളായ കേന്ദ്രസേനാ വിഭാഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സ്വീകരണചടങ്ങ് ശംഖുമുഖം എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അപൂര്‍വമായ ആദരമാണ് ലഭിച്ചിരിക്കുന്നതെന്ന് എല്ലാ സേനാവിഭാഗങ്ങള്‍ക്കും വേണ്ടി മറുപടി പ്രസംഗം നടത്തിയ വ്യോമസേന എയര്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് എയര്‍ മാര്‍ഷല്‍ ബി.സുരേഷ് പറഞ്ഞു. ദുരന്തമുഖത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നില്‍ നിന്ന് കൃത്യമായ നിര്‍ദേശങ്ങളോടെ നയിച്ചു. മലയാളികളുടെ ഇച്ഛാശക്തി എടുത്തുപറയേണ്ടതാണ്. സേനകള്‍ക്കുപുറമേ, സന്നദ്ധപ്രവര്‍ത്തകരും മത്സ്യത്തൊഴിലാളികളും ഉള്‍പ്പെടെ എല്ലാവരുടെയും സഹകരണം തുണയായെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല