സ്വന്തം ലേഖകന്‍: പ്രളയ ദുരിതത്തില്‍ കൈമെയ് മറന്ന് സഹായിച്ച മത്സ്യത്തൊഴിലാളികളെ ആദരിക്കുമെന്ന് മുഖ്യമന്ത്രി. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികള്‍ക്ക് ഓഗസ്റ്റ് 29ന് തിരുവനന്തപുരത്ത് ആദരം നല്‍കും. രക്ഷാപ്രവര്‍ത്തനത്തില്‍ യുവജനങ്ങളും വലിയ പങ്ക് വഹിക്കുന്നുണ്ട്. നമ്മുടെ യുവത്വം മനുഷ്യത്വത്തിന്റെ പാതയിലാണെന്നാണ് ഇതു കാണിക്കുന്നത്. മോട്ടോര്‍ വാഹന തൊഴിലാളികളും രക്ഷാപ്രവര്‍ത്തനങ്ങളുമായി സഹകരിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
210 കോടി രൂപയാണു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ വന്നിട്ടുള്ളത്. 160 കോടിയുടെ വാഗ്ദാനം ലഭിച്ചിട്ടുണ്ട്. നാട്ടില്‍ ജനിച്ച്, ഇവിടെ പഠിച്ചു ലോകത്തിന്റെ പലഭാഗങ്ങളിലായി ജോലി ചെയ്യുന്ന ലക്ഷങ്ങളുണ്ട്. അവരുടെ സഹായങ്ങള്‍ അലമാലകള്‍ പോലെ വന്നുകയറുമെന്നാണു കരുതുന്നത്. പ്രളയദുരന്തത്തില്‍ തിങ്കളാഴ്ച ആറു പേര്‍ മരിച്ചു. ഓഗസ്റ്റ് എട്ട് മുതല്‍ 20 വരെ ആകെ 223 മരണം. സംസ്ഥാനത്തിന്റെ ഈ വര്‍ഷത്തെ പദ്ധതി അടങ്കല്‍ 37,248 കോടി രൂപയാണ്.
ഇതില്‍ നിര്‍മാണ ജോലിക്കായി നീക്കി വച്ചിരിക്കുന്നത് 10,330 കോടിയാണ്. പദ്ധതിക്കായി വകയിരുത്തിയ മുഴുവന്‍ തുകയും ദുരന്തത്തില്‍ നിന്നു കരകയറാനായി ചെലവഴിക്കേണ്ടി വരും. അല്ലെങ്കില്‍ ഒരു വര്‍ഷത്തെ വികസനം പൂര്‍ണമായും വേണ്ടെന്നു വയ്ക്കണം. കേരളത്തിന്റെ സമ്പദ്ഘടനയ്ക്കു വലിയ ആഘാതമാണ് പ്രളയം ഉണ്ടാക്കിയിരിക്കുന്നത്. ഇതില്‍ നിന്നു കരകയറാന്‍ കേന്ദ്രത്തിന്റെ സഹായവും പിന്തുണയും വേണം. ചില മേഖലകളിലെ പുനരധിവാസം ഏറ്റെടുക്കാന്‍ ചില ഏജന്‍സികള്‍ മുന്നോട്ടു വന്നിട്ടുണ്ട്.
നാട്ടിലേക്കുവന്ന അതിഥി തൊഴിലാളികള്‍ക്കു ഭക്ഷണം നല്‍കാന്‍ നടപടികള്‍ സ്വീകരിക്കും. വീടുകളില്‍ താമസിക്കാന്‍ സാധിക്കാത്തതിനാല്‍ വെള്ളമിറങ്ങിയിട്ടും പല കുടുംബങ്ങളും ക്യാംപുകളിലാണ്. പുനരധിവാസം കാര്യക്ഷമമാക്കണം. ഇത് മുന്‍കൂട്ടി കണ്ടാണു പ്രവര്‍ത്തനങ്ങള്‍ നേരത്തേ തുടങ്ങാന്‍ നടപടികളെടുത്തത്. വീടുകളിലേക്കു മടങ്ങിയെത്താനുള്ള സാഹചര്യമാണു പലയിടത്തും. വീടുകളിലേക്കു പോകുമ്പോള്‍ എല്ലാ കാര്യങ്ങളും പരിശോധിക്കണം. അല്ലെങ്കില്‍ അപകടങ്ങള്‍ക്ക് ഇടയുണ്ടാകും. തിരികെ പോകുന്നവര്‍ക്ക് അവശ്യ സാധനങ്ങളുടെ കിറ്റ് നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല