1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 18, 2018

സ്വന്തം ലേഖകന്‍: കുട്ടനാട്, ചെങ്ങന്നൂര്‍, തിരുവല്ല, ആറന്മുള മേഖലയില്‍ സ്ഥിതി രൂക്ഷം; കുടുങ്ങിക്കിടക്കുന്നവര്‍ക്കായി അതിതീവ്ര രക്ഷാപ്രവര്‍ത്തനം; ആലുവയില്‍ ജലനിരപ്പ് താഴുന്നു. മഴവെള്ളത്തിനൊപ്പം മലവെള്ളവും കൂടിയെത്തിയതോടെ കൈയില്‍ കിട്ടിയവയെടുത്ത് പലായനം ചെയ്യുകയാണ് പലയിടങ്ങളിലും ജനങ്ങള്‍. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സേനയെയടക്കം ഏകോപിപ്പിച്ച് സജീവമായി നടത്തുന്നുണ്ടെങ്കിലും ജനങ്ങളുടെ ആവശ്യത്തിനു പലയിടങ്ങളിലും പര്യാപ്തമാകാത്ത സ്ഥിതിയാണ്.

ചെങ്ങന്നൂര്‍, കുട്ടനാട് താലൂക്കുകളിലാണ് പ്രളയ ദുരന്തമേറെയും. പമ്പാ നദിയിലെ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് അഞ്ചുകിലോമീറ്ററോളം നദി പരന്നൊഴുകിയതോടെയാണ് ചെങ്ങന്നൂരില്‍ വെള്ളപ്പൊക്കമുണ്ടായത്. ബുധനാഴ്ച വൈകുന്നേരം മുതല്‍ സ്ഥിതി രൂക്ഷമാകുകയായിരുന്നു. വീടുകളുടെ ഒന്നാംനില വരെ വെള്ളമുയര്‍ന്നതോടെ കര പറ്റാനുള്ള നെട്ടോട്ടത്തിലായി ജനം.ജലനിരപ്പുയര്‍ന്നതോടെ കെട്ടിടങ്ങളിലും മറ്റും കുടുങ്ങിയവര്‍ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും സഹായഭ്യര്‍ഥിച്ച് നടത്തി.

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ രാത്രി തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും വെളിച്ചക്കുറവ് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. പിന്നീട് കേന്ദ്ര സേനയുടെയടക്കം സഹകരണത്തോടെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. വിവിധ തീരപ്രദേശങ്ങളില്‍ നിന്നും മത്സ്യബന്ധന വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയതോടെയാണ് കെട്ടിടങ്ങളിലടക്കം കുടുങ്ങിയവരെ രക്ഷപെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായത്.

ജലനിരപ്പ് ക്രമാതീതമായി ഉയരുമെന്നുറപ്പായതോടെ ജില്ലാ ഭരണകൂടം കുട്ടനാട്ടിലെ ജനങ്ങളെ ഒഴിപ്പിക്കുകയായിരുന്നു. ആദ്യം കൈനകരിയിലെ ജനങ്ങളെ ഒഴിപ്പിക്കാനാണ് തീരുമാനിച്ചതെങ്കിലും പിന്നീട് കൂടുതല്‍ പ്രദേശങ്ങളിലെ ജനങ്ങളെ ഒഴിപ്പിക്കുകയായിരുന്നു. ആലപ്പുഴ നഗരത്തിലെ ഭൂരിഭാഗം സ്‌കൂളുകളും ക്യാന്പുകള്‍ക്കായി സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു. കുട്ടനാട്ടിലെ ഉള്‍ പ്രദേശങ്ങളില്‍ കുടുങ്ങിയവരെ മാറ്റുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നിരവധി ഹൗസ് ബോട്ടുകള്‍ ഉള്‍പ്പടെയുള്ള ജലയാനങ്ങളാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്.

ചെങ്ങന്നൂരില്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ചെങ്ങന്നൂരിലും കുട്ടനാട്ടിലും രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനായി ദേശീയ ദുരന്തനിവാരണ സേനയുടെ അഞ്ച് സംഘങ്ങള്‍ കൂടി എത്തി. കുട്ടനാട്ടിലെ ജലനിരപ്പ് കുറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി തോട്ടപ്പള്ളി സ്പില്‍വേയുടെ മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തുകയും ചെയ്തു.

പ്രളയക്കെടുതി മൂലം ദുരിതത്തിലായിരുന്ന ആലുവയില്‍ ജലനിരപ്പ് താഴ്ന്നു തുടങ്ങി. ചില ഭാഗങ്ങളില്‍ റോഡ് ഗതാഗതം ആരംഭിച്ചു. ഇതുവഴി ഭക്ഷണവിതരണവും മറ്റും ആരംഭിച്ചു. പത്തനംതിട്ട റാന്നി മേഖലയില്‍നിന്നു ജനങ്ങളെ പൂര്‍ണമായി ഒഴിപ്പിച്ചു. എന്നാല്‍ വെള്ളക്കെട്ട് ഇതുവരെ മാറിയിട്ടില്ല. അതേസമയം, പന്തളത്ത് വെള്ളം ഒഴിയുന്നില്ല. ഒഴുക്കും തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനത്തിന് ഇതും തടസമാകുന്നു.

ഡാമുകളില്‍ സ്ഥിതി നിയന്ത്രണവിധേയമാണ്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യത. ചെങ്ങന്നൂരിലും തിരുവല്ലയിലും ആറന്മുളയിലും കുത്തൊഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നു. പ്രളയത്തില്‍ ചെങ്ങന്നൂര്‍, തിരുവല്ല, ആറന്മുള മേഖലകളില്‍ സ്ഥിതി അതീവഗുരുതരം. ഭക്ഷണമില്ലാതെ ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. രോഗികളും ഗര്‍ഭിണികളും മരുന്നുപോലുമില്ലാതെ കുടുങ്ങിക്കിടക്കുകയാണ്. ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനത്തിനു സൈന്യം ഇറങ്ങണമെന്ന് മന്ത്രി ജി.സുധാകരന്‍ ആവശ്യപ്പെട്ടു.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.