ലേഖകന്‍: പേമാരിയില്‍ മുങ്ങി കേരളം; മരണം 20 കവിഞ്ഞു; പലയിടത്തും ഉരുള്‍പ്പൊട്ടല്‍; ഇടുക്കിയില്‍ മൂന്ന് ഷട്ടറുകള്‍ തുറന്നു; അതീവ ജാഗ്രതാ മുന്നറിയിപ്പ്. കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ കനത്തതോടെ രണ്ട് ഷട്ടറുകള്‍ കൂടി രാവിലെ തുറന്നു. ഇതോടെ മൂന്ന് ഷട്ടറുകളില്‍ കൂടി 1.25 ലക്ഷം ലിറ്റര്‍ വെള്ളമാണ് സെക്കന്റില്‍ പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്.
നിലവില്‍ 2401.1 അടിയാണ് ജലനിരപ്പ്. അണക്കെട്ടിന്റെ സംഭരണ ശേഷി 2403 അടിയാണ്. ഇതോടെ ചെറുതോണിയില്‍ കൂടുതല്‍ ജാഗ്രത പ്രഖ്യാപിച്ചു. വെള്ളത്തിന്റെ കുത്തൊഴുക്ക് കാരണം ചെറുതോണി പട്ടണത്തില്‍ റോഡിന്റെ വശങ്ങള്‍ ഇടിഞ്ഞു. രണ്ട്, മൂന്ന്, നാല് ഷട്ടറുകളാണ് തുറന്നു വിട്ടത്. ജില്ലാ കളക്ടര്‍ ചെറുതോണിയിലെത്തി സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്.
വ്യാഴാഴ്ച ഉച്ചയോടെ ഒരു ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്നുവിട്ടിരുന്നു. രാവിലെ ഏഴ് മണിയോടെയാണ് രണ്ടു ഷട്ടറുകള്‍ കൂടി തുറന്നുവിട്ടത്. ഇതോടെ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് അധികൃതര്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കി. ചെറുതോണിയില്‍ ഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വ്യാഴാഴ്ച്ച മാത്രം മഴക്കെടുതിയില്‍ 22 പേരാണ് മരിച്ചത്. കാണാതായ നാലുപേര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു. അഞ്ചു ജില്ലകളില്‍ ഉരുള്‍പൊട്ടി. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇടുക്കി ഉള്‍പ്പെടെ 24 അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു. സംസ്ഥാനത്തെ സ്ഥിതി അതിഗുരുതരമാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇടുക്കിയിലാണ് ഏറ്റവും കൂടുതല്‍ ആള്‍നാശമുണ്ടായത്. നാലിടത്തുണ്ടായ ഉരുള്‍പൊട്ടലില്‍ 11 പേര്‍ മരിച്ചു. അടിമാലിയില്‍ മാത്രം കുടുംബത്തിലെ അഞ്ചു പേരാണ് മരിച്ചത്. മലപ്പുറം ചെട്ടിയാമ്പാറയില്‍ ഉരുള്‍പൊട്ടി അഞ്ചുപേര്‍ മരിച്ചു. വയനാട്ടില്‍ മൂന്നു പേരും കോഴിക്കോട് ജില്ലയില്‍ ഒരാളും മരിച്ചു.
പാലക്കാട് നഗരത്തില്‍ വെള്ളം കയറി. മലമ്പുഴ ഡാം തുറന്നു വിട്ടതിനാല്‍ ഭാരതപ്പുഴയിലും കല്‍പ്പാത്തിപ്പുഴയിലും ജലനിരപ്പുയര്‍ന്നു. മലപ്പുറം വണ്ടൂരില്‍ റോഡ് ഒലിച്ചുപോയി. കോഴിക്കോട് ഗൂഡല്ലൂര്‍ റോഡില്‍ വെള്ളം പൊങ്ങിയതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു.
കനത്തമഴയെ തുടര്‍ന്ന് പത്തനംതിട്ട, പാലക്കാട്, വയനാട് എന്നീ ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. ഇടുക്കിയില്‍ തൊടുപുഴ ഒഴികെയുള്ള എല്ലാ താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
എംജി, കണ്ണൂര്‍ സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു.
ജൂണ്‍ ഒന്നുമുതല്‍ ഓഗസ്റ്റ് ഒമ്പതുവരെ സംസ്ഥാനത്ത് ലഭിച്ചത് 1805.31 മില്ലീമീറ്റര്‍ മഴ. സാധാരണയിലും 18.61 ശതമാനം അധികം. ഇക്കാലയളവില്‍ 1522 മില്ലീമീറ്റര്‍ മഴ ലഭിക്കണമെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 30 ശതമാനം മഴ കുറവാണ് ലഭിച്ചത്. 2013നുശേഷം ആദ്യമായാണ് ജൂണ്‍ജൂലായ് മാസങ്ങളില്‍ ശക്തമായ മഴ ലഭിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല