1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 17, 2018

സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് പ്രളയക്കെടുതി തുടരുന്നു; മരണം 108 ആയി; കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ തീവ്രശ്രമം; പത്തനംതിട്ട ജില്ലയും മൂന്നാറും ഒറ്റപ്പെട്ടു; 13 ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരും. കാലവര്‍ഷക്കെടുതിയില്‍ രണ്ടുദിവസത്തിനിടെ പൊലിഞ്ഞത് 108 ജീവനുകള്‍. മലപ്പുറം മറ്റത്തൂര്‍ ദുരിതാശ്വാസ ക്യാംപില്‍ ചികില്‍സ കിട്ടാതെ സ്ത്രീ മരിച്ചു. മോതിയില്‍ കാളിക്കൂട്ടിയാണു മരിച്ചത്. തൃശൂര്‍ ജില്ലയില്‍ 21 പേരും മലപ്പുറം, ഇടുക്കി ജില്ലകളില്‍ 24 പേര്‍ വീതവും മരിച്ചു. മലപ്പുറത്ത് 19 പേരും മാന്നാറില്‍ ഏഴും കോട്ടയത്ത് നാലുപേരും മരിച്ചു.

അതേസമയം പ്രളയത്തില്‍ കുടുങ്ങിയവരെ കൂട്ടത്തോടെ ഒഴിപ്പിക്കുന്ന തീവ്രശ്രമത്തിന് തുടക്കമായി. മല്‍സ്യബന്ധന ബോട്ടുകളുമായി മല്‍സ്യത്തൊഴിലാളികളും പ്രളയമേഖലകളിലെത്തി. ഇവിടങ്ങളിലേക്ക് കൂടുതല്‍ ഭക്ഷണം എത്തിക്കും. നാലു വിമാനങ്ങളില്‍ ഭക്ഷണം തിരുവനന്തപുരത്തെത്തിച്ചു. കൂടുതല്‍ വിമാനങ്ങള്‍ ഉടനെത്തും.
വെള്ളപ്പൊക്കത്തില്‍ കുടുങ്ങി ഒറ്റപ്പെട്ടനിലയില്‍ ഇപ്പോഴും ആയിരങ്ങളാണുള്ളത്. പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ജില്ലകളിലാണു ദുരിതം കൂടുതല്‍.

അതേസമയം, പ്രളയക്കെടുതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. വൈകിട്ട് തിരുവനന്തപുരത്തെത്തും. പ്രളയമേഖല നാളെ സന്ദര്‍ശിക്കും. വിവിധ സ്ഥലങ്ങള്‍ വെള്ളത്തിലായതോടെ ഒറ്റപ്പെട്ടു കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. സൈന്യവും ദേശീയ ദുരന്തനിവാരണ സേനയും അഗ്‌നിശമനസേനയും പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നു. ശനിയാഴ്ച രാവിലെ മുതല്‍ കൂടുതല്‍ ഹെലികോപ്റ്ററുകള്‍ എത്തിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

പത്തനംതിട്ടയില്‍ കൂടുതല്‍ ആളുകള്‍ ഒറ്റപ്പെട്ടു. ജില്ലയില്‍ വൈദ്യുതി, മൊബൈല്‍ ബന്ധം നിലച്ച അവസ്ഥയിലാണ്. പെട്രോളിന്റെയും ഡീസലിന്റെയും സ്‌റ്റോക്ക് കുറയുകയാണ്. ആറന്മുളയില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. കൊല്ലത്ത് നിന്ന് 85 ബോട്ടുകള്‍ കൂടി പത്തനംതിട്ടയിലെത്തിച്ചു. കൂടുതല്‍ മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തി. അതേസമയം പത്തനംതിട്ടയില്‍ വെള്ളം ഇറങ്ങുന്നുണ്ട്. റാന്നി മുതല്‍ ആറാട്ടുപുഴ വരെയുള്ള മേഖലകളില്‍ നേരിയ ശമനമുണ്ട്. എന്നാല്‍ ചെങ്ങന്നൂര്‍, തിരുവന്‍വണ്ടൂര്‍, പാണ്ടനാട്, മാന്നാര്‍ മേഖലകളില്‍ വെള്ളം ഇറങ്ങിയിട്ടില്ല.

ഇടുക്കി അണക്കെട്ടില്‍ നിന്ന് തല്‍ക്കാലം കൂടുതല്‍ വെള്ളം തുറന്നുവിടില്ല. 2402.30 അടിയാണ് ഇടുക്കി അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. സംസ്ഥാനത്തെ 80 അണക്കെട്ടുകളില്‍ 79 എണ്ണം തുറന്നു. വേലിയേറ്റം നദികളില്‍നിന്നുള്ള വെള്ളമൊഴുക്കിന്റെ വേഗം കുറയ്ക്കുന്നത് ജലനിരപ്പ് അതിവേഗം ഉയരാന്‍ കാരണമാകുന്നു. പുഴകളും കൈവഴികളും കരകവിഞ്ഞു. താഴ്ന്നപ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.

ഇടുക്കിയില്‍ പതിനഞ്ചോളം സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടി. ചെറുതോണി ടൗണ്‍ ഉള്‍പ്പെടെ പലസ്ഥലങ്ങളും ഒറ്റപ്പെട്ടു. ചെറുതോണിമുതല്‍ മണിയാറന്‍കുടി, ചേലച്ചുവട്, ചുരുളി, കീരിത്തോട്, ലോവര്‍ പെരിയാര്‍വരെ അറുപതിലേറെ സ്ഥലങ്ങളില്‍ മണ്ണിടിഞ്ഞു. വൈദ്യുതി തടസ്സപ്പെട്ടു. ചെറുതോണി പാലത്തില്‍നിന്ന് കട്ടപ്പനറോഡില്‍ 200 മീറ്ററിലേറെ ഇടിഞ്ഞു.

സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 1,47,512 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്. പതിനായിരങ്ങള്‍ക്ക് സ്വന്തം വീടുവിട്ട് ഒഴിഞ്ഞു പോകേണ്ടിവന്നു. പത്തനംതിട്ട, റാന്നി, പെരിയാര്‍ തീരത്തെ പട്ടണങ്ങള്‍, ഗ്രാമങ്ങള്‍, കാലടി, തൃശ്ശൂര്‍, വയനാട്, കോഴിക്കോടിന്റെയും കണ്ണൂരിന്റെയും മലയോര മേഖലകള്‍, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളില്‍ സ്ഥിതി അതിരൂക്ഷമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.