സ്വന്തം ലേഖകന്‍: ആശങ്കയ്ക്ക് നേരിയ ആശ്വാസം; ഇടുക്കിയിലെ ജലനിരപ്പ് കുറയുന്നു; അതീവ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി; മഴക്കെടുതിയില്‍ വലയുന്ന കേരളത്തിന് സഹായപ്രവാഹം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാം. ഇടുക്കി ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നുണ്ടെങ്കിലും വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നു. നിലവില്‍ 5,75,000 ലീറ്റര്‍ (575 ക്യുമെക്‌സ്) വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.
തുറന്ന അഞ്ചു ഷട്ടറുകള്‍ വഴി 7,50,000 ലീറ്റര്‍ (750 ക്യുമെക്‌സ്) വെള്ളം പുറത്തേക്ക് വിടുന്നുണ്ട്. 1,15,000 ലീറ്റര്‍ (115 ക്യുമെക്‌സ്) വെള്ളം വൈദ്യുതി ഉല്‍പാദിപ്പിക്കാനും ഉപയോഗിക്കുന്നു. നീരൊഴുക്ക് 120 ക്യുമെക്‌സ് എത്തുന്നതുവരെ അണക്കെട്ട് തുറക്കാനാണു നിലവില്‍ തീരുമാനം. കനത്ത മഴ ഇനി ഉണ്ടായില്ലെങ്കില്‍ നാലോ അഞ്ചോ ദിവസത്തിനകം സാഹചര്യങ്ങള്‍ പൂര്‍വ സ്ഥിതിയിലാകുമെന്നാണു പ്രതീക്ഷ.
ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന അളവായ 2401.76 അടിയില്‍ വെള്ളമെത്തിയ ശേഷം ജലനിരപ്പ് കുറയുകയാണ്. ഒഴുകിയെത്തുന്നതിനേക്കാള്‍ കൂടുതല്‍ വെളളം പുറത്തേക്കു കൊണ്ടുപോവുന്നുണ്ട്. ജലനിരപ്പ് കുറഞ്ഞെങ്കിലും മഴയടക്കം സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമേ ഷട്ടര്‍ അടക്കുന്ന കാര്യം തീരുമാനിക്കൂ. രാത്രി 11 മണിക്ക് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.02 അടി. ചെറുതോണി ബസ് സ്റ്റാന്റിനും പാലത്തിനുമുണ്ടായ നാശങ്ങളൊഴിച്ചാല്‍ മറ്റ് അനിഷ്ട സംഭവങ്ങളില്ല. അതിനിടെ, നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഇടമലയാര്‍ ഡാമിലെ ഒരു ഷട്ടര്‍ കൂടി തുറന്നു. കനത്ത മഴയില്‍ അണക്കെട്ടിലെ ജലനിരപ്പ് രാത്രി 11 മണിക്ക് 168.96 മീറ്ററായി.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടുക്കിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് രാവിലെ ഹെലികോപ്റ്റര്‍ ഇറക്കാനായില്ല. പ്രകൃതി ദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപയും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപയും സര്‍ക്കാര്‍ നല്‍കും. ദുരന്തം നേരിടാന്‍ കേരളം മാതൃകാപരമായി പ്രവര്‍ത്തിച്ചെന്നും ക്യാംപുകള്‍ സംതൃപ്തമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
പ്രകൃതിദുരന്തം അനുഭവിക്കുന്ന കേരളത്തിനു സംഭാവനയുമായി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ കമല്‍ സംഭാവന നല്‍കി. വിജയ് ടിവിയും 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. തമിഴ് താരങ്ങളായ സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് 25 ലക്ഷം രൂപ കൈമാറുമെന്ന് അറിയിച്ചിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുന്നു. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും അതിതീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കാലവര്‍ഷക്കെടുതിയില്‍ പ്രളയ ദുരന്തമനുഭവിക്കുന്ന കേരളത്തെ സഹായിക്കാന്‍ പ്രവാസികളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. നോര്‍ക്ക റൂട്‌സുമായി സഹകരിക്കുന്നവരും ലോകകേരളസഭയുടെ ഭാഗമായി നില്‍ക്കുന്നവരും മുന്നിട്ടിറങ്ങേണ്ട സന്ദര്‍ഭമാണിത്. വിദേശമലയാളികള്‍ക്ക് വലിയ സഹായം ചെയ്യാന്‍ കഴിയും എന്നും അദ്ദേഹം പറഞ്ഞു. സഹായങ്ങള്‍ നല്‍കേണ്ട അക്കൗണ്ട് നം. 67319948232, എസ്ബിഐ. സിറ്റി ബ്രാഞ്ച്, തിരുവനന്തപുരം, IFSC: SBIN0070028. ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന പൂര്‍ണ്ണമായും ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല