സ്വന്തം ലേഖകൻ: തിരുവനന്തപുരം ചാക്കയിൽ നാടോടികളായ ദമ്പതികളുടെ രണ്ടു വയസ്സുകാരി മകളെ കാണാതായ സംഭവത്തിൽ അവ്യക്തതകൾക്ക് ഉത്തരമായില്ല. 19 മണിക്കൂറുകളുടെ ആശങ്കകൾക്കൊടുവിൽ ഇന്നലെ വൈകുന്നേരം 7.30ഓടുകൂടിയാണ് കൊച്ചുവേളി റെയിൽവേ സ്റ്റേഷനു സമീപമുള്ള ഓടയിൽ നിന്ന് കുട്ടിയെ പൊലീസിന് കണ്ടെത്താനായത്. ശരീരത്തിൽ കാര്യമായ പോറലുകളൊന്നും ഇല്ലെങ്കിലും കുട്ടി എങ്ങനെ അവിടെ ഏത്തി എന്നോ ആരെങ്കിലും ഉപേക്ഷിച്ചതാകാമോ എന്നതിനെക്കുറിച്ചൊന്നും ഇതുവരെയായും വ്യക്തതയായില്ല.
കുട്ടിക്ക് ഒരിക്കലും തനിച്ച് എത്താൻ സാധിക്കാത്തതാണ് റെയിൽവേ ട്രാക്കിന് സമീപത്തെ പ്രദേശം. ട്രാക്കിൽ നിന്ന് 10 അടിയോളം അകലത്തിൽ ഓടയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. എന്നാൽ ആരാണ് കുട്ടി ഇവിടെ ഉണ്ടെന്ന് പറഞ്ഞതിനും വ്യക്തതയില്ല. സമീപത്തെ സിസിടിവി അടക്കമുള്ളവ ഇതിനോടകം പൊലീസ് അരിച്ചുപെറുക്കി. കുട്ടിയുടെ ആരോഗ്യനില വിലയിരുത്തിയശേഷം വിശദമായ പരിശോധനകളും ഇന്ന് നടത്തും.
ഞായറാഴ്ച അർധരാത്രി മുതലാണ് കുഞ്ഞിനെ കാണാതായത്. ഒരു സ്കൂട്ടറിലെത്തിയ രണ്ടുപേർ കുഞ്ഞിനെ എടുത്തുകൊണ്ടുപോയെന്ന, ആറു വയസ്സുള്ള സഹോദരൻ പറഞ്ഞ വിവരം മാത്രമേ പകൽ മുഴുവൻ പോലീസിന് ഉണ്ടായിരുന്നുള്ളൂ. ചാക്ക-ഓൾസെയ്ന്റ്സ് റോഡുവക്കിലെ ഒഴിഞ്ഞ പറമ്പിൽ തമ്പടിച്ചായിരുന്നു തെലുങ്കാന സ്വദേശികളായ അമർദീപ്-അമല ദമ്പതിമാർ നാലു മക്കൾക്കൊപ്പം ഉറങ്ങിയത്.
റെയിൽപ്പാളത്തിനും റോഡിനുമിടയിലെ ഈ തുറസ്സായ സ്ഥലത്ത് ഒരുമിച്ചാണ് കിടന്നുറങ്ങിയത്. ടാർപ്പോളിനും വിരിപ്പുകളും വിരിച്ച നിലത്ത്് ചെറിയ കൊതുകുവലയ്ക്കുള്ളിലാണ് രണ്ടു വയസ്സുകാരി മേരി ഉറങ്ങിക്കിടന്നത്. കുഞ്ഞിനെ കാണാത്തതിനെത്തുടർന്ന് അച്ഛൻ അമർദീപ് തിങ്കളാഴ്ച രണ്ടുമണിയോടെ പേട്ട പോലീസ് സ്റ്റേഷനിലെത്തി വിവരമറിയിക്കുകയായിരുന്നു. അപ്പോൾ മുതൽ പോലീസ് തിരച്ചിൽ ആരംഭിച്ചു.
തേൻ ശേഖരിച്ച് വിൽപ്പന നടത്തുന്ന അമർദീപും കുടുംബവും വർഷത്തിൽ രണ്ടു മാസമാണ് കേരളത്തിലെത്തുന്നത്. 15 വർഷത്തോളമായി കേരളത്തിൽ വന്നുപോകാറുള്ള ഇവർ രണ്ടാഴ്ച മുൻപാണ് തിരുവനന്തപുരത്തെത്തിയത്. തെലങ്കാന ബാസ്തി ദേവിനഗർ സ്വദേശികളാണെന്നാണ് ഇവർ പോലീസിനെ അറിയിച്ചത്. മേരിയെക്കൂടാതെ മൂന്ന് ആൺകുട്ടികൾകൂടി ഈ ദമ്പതിമാർക്കുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല