സ്വന്തം ലേഖകന്‍: സംസ്ഥാനത്തെ മുഴുവന്‍ സ്വാശ്രയ മെഡിക്കല്‍ സീറ്റുകളും സര്‍ക്കാര്‍ പിടിച്ചെടുത്തു, ഇനി പ്രവേശനം മെറിറ്റിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടത്തും. സ്വാശ്രയ കോളജുകളിലെയും കല്‍പ്പിത സര്‍വകലാശാലകളിലെയും മുഴുവന്‍ എംബിബിഎസ്, ബിഡിഎസ് സീറ്റുകളിലേക്കുമുള്ള പ്രവേശനം സര്‍ക്കാര്‍ നേരിട്ടു നടത്തുമെന്നു പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവ് ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. മാനേജ്‌മെന്റ്, എന്‍ആര്‍ഐ ക്വോട്ടയിലെ സീറ്റുകളിലും മെരിറ്റ് അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പ്രവേശനം നടത്തുമെന്ന് ഉത്തരവില്‍ പറയുന്നു.
സ്വാശ്രയ മെഡിക്കല്‍ഡെന്റല്‍ കോളജുകളും കല്‍പ്പിത സര്‍വകലാശാലകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും മുഴുവന്‍ സീറ്റുകളിലെയും പ്രവേശനമാണു സര്‍ക്കാര്‍ ഏറ്റെടുത്തത്. പ്രവേശനം സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറുടെ നേതൃത്വത്തില്‍ നടത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
മെരിറ്റിലെ 50 ശതമാനം സീറ്റുകള്‍ സംസ്ഥാന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ നികത്തും. ബാക്കിയുള്ള പ്രൈവറ്റ്, മാനേജ്‌മെന്റ്, എന്‍ആര്‍ഐ സീറ്റുകള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നീറ്റ് പരീക്ഷാ റാങ്ക് ലിസ്റ്റില്‍നിന്നു നികത്താനും നിര്‍ദേശിച്ചു. പ്രവേശന നടപടികളും ഫീസ് ഘടനയും സംബന്ധിച്ചു സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. സ്വാശ്രയ കോളജുകളിലെ മുഴുവന്‍ എംബിബിഎസ്, ബിഡിഎസ് സീറ്റിലും പ്രവേശനം നടത്തുമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നിന്നതാണു കാരണം.
ഇത്രയും നാള്‍ 50 ശതമാനം വീതം സീറ്റുകള്‍ വീതം വച്ചാണ് എടുത്തിരുന്നതെന്നും ന്യായമായ ഫീസ് അനുവദിച്ചാല്‍ സര്‍ക്കാരിനു പകുതി സീറ്റ് നല്‍കാന്‍ തയാറാണെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചെങ്കിലും സര്‍ക്കാര്‍ വഴങ്ങിയിരുന്നില്ല. കേന്ദ്രത്തിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിനു യുക്തമായ നടപടി സ്വീകരിക്കാമെന്നു മാനേജ്‌മെന്റുകള്‍ അറിയിച്ചെങ്കിലും സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്കു തയാറായില്ല.
സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ചു സര്‍ക്കാര്‍ തീരുമാനം നിര്‍ഭാഗ്യകരമെന്നും ഇതിനെതിരേ കോടതിയെ സമീപിക്കുമെന്നും ക്രിസ്ത്യന്‍ മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല