സ്വന്തം ലേഖകൻ: ഉന്നതപഠനത്തിനായി വിദേശരാജ്യത്തേക്ക് പോകുന്ന മലയാളികളുടെ എണ്ണം കുത്തനെ കൂടുന്ന സാഹചര്യത്തില്‍ വിഷയം പഠിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ.ആര്‍ ബിന്ദു. കേരളത്തെ എജ്യൂക്കേന്‍ ഹബ്ബാക്കി മാറ്റാന്‍ സാധിക്കുമോയെന്ന് പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹ്‌സിന്റെ ചോദ്യത്തിന് മറുപടിയായാണ് നിയമസഭയില്‍ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതിപക്ഷം പലതവണ നിയമസഭയില്‍ ഈ വിഷയം ഉന്നയിക്കുകയും വിദ്യാഭ്യാസവകുപ്പിനെ വിമര്‍ശിക്കുകയും ചെയ്ത സാഹചര്യത്തില്‍ കൂടിയാണ് മന്ത്രിയുടെ മറുപടി. കേരളത്തിലേക്ക് പുറത്ത് നിന്നുള്ള വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതിന് വേണ്ടി നിരവധി നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കി.
ഈ വിഷയത്തിൽ പ്രതിപക്ഷത്തുനിന്ന് പലതവണ ചോദ്യങ്ങൾ ഉയർന്നിരുന്നു. വിദ്യാഭ്യാസ നിലവാരം മോശമായതിനാലാണ് കുട്ടികൾ വിദേശത്തേക്കു പോകുന്നതെന്നും, ഇക്കാര്യത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന് വീഴ്ച സംഭവിച്ചുവെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിനുള്ള മറുപടിയെന്ന നിലയിലാണ്, സർക്കാർ നടപടികളെക്കുറിച്ച് മന്ത്രി ആർ.ബിന്ദു വിശദീകരിച്ചത്. ഇതേക്കുറിച്ച് പഠിക്കാൻ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനെ ചുമതലപ്പെടുത്തിയതായി മന്ത്രി വിശദീകരിച്ചു. കൗൺസിൽ ഉടൻ തന്നെ റിപ്പോർട്ട് നൽകുമെന്നും അതിനുശേഷം തുടർ നടപടികളിലേക്കു കടക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല