സ്വന്തം ലേഖകൻ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിദേശയാത്ര സംബന്ധിച്ച് രാജ്ഭവനെ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കത്ത്. മുഖ്യമന്ത്രി ചട്ടം ലംഘിച്ചെന്നാണ് ഗവര്‍ണര്‍ ഉയര്‍ത്തുന്ന ആരോപണം.
കോടിയേരി ബാലകൃഷ്ണന്റെ സംസ്കാര ചടങ്ങിനിടെ അനൗദ്യോഗിമായി മാത്രമാണ് വിദേശയാത്രയുടെ കാര്യം സൂചിപ്പിച്ചത്. പത്ത് ദിവസത്തെ വിദേശയാത്രയെക്കുറിച്ച് അറിയില്ല. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ ആര്‍ക്കാണ് പകരം ചുമതലയെന്ന് തന്നെ അറിയിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ കത്തില്‍ പറയുന്നു.
നിലവില്‍ ഡല്‍ഹിയിലുള്ള ഗവര്‍ണര്‍ ഇന്ന് സംസ്ഥാനത്ത് തിരിച്ചെത്തും. സര്‍വകലാശാല വിഷയവുമായി ബന്ധപ്പെട്ട് ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് മുറുകുന്ന സാഹചര്യത്തിലാണ് തിരിച്ചുവരവ്. ഗവര്‍ണര്‍ക്കെതിരെ 15 ന് ഒരുലക്ഷം പേരെ അണിനിരത്തിയുള്ള പ്രതിഷേധ പരിപാടിയാണ് എല്‍ഡിഎഫ് നടത്താനിരിക്കുന്നത്.
സമാന്തര സര്‍ക്കാരാകാനുള്ള ശ്രമം നടത്തുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനത്തിന് ഇന്നലെ ഗവര്‍ണര്‍ മറുപടി നല്‍കിയിരുന്നു. സര്‍ക്കര്‍ കാര്യങ്ങളില്‍ അനാവശ്യമായി താന്‍ ഇടപെട്ടതിന്റെ തെളിവ് മുഖ്യമന്ത്രി നല്‍കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. യോഗ്യത ഇല്ലാത്ത വ്യക്തികളെ നിയമിച്ചാല്‍ താന്‍ ഇടപെടുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
ഗവര്‍ണര്‍ ഇടപെടലുകളെ ആര്‍എസ്എസുമായി കൂട്ടിവായിച്ചുള്ള ആരോപണങ്ങളെയും ആരിഫ് മുഹമ്മദ് ഖാന്‍ തള്ളി. “അനാവശ്യമായി താന്‍ എന്തെങ്കിലും നിയമനം നടത്തിയെന്ന് തെളിയിച്ചാല്‍ രാജി വയ്ക്കാം. ആര്‍എസ്എസ് നോമിനിയെ പോയിട്ട് സ്വന്തം ആളുകളെ പോലും നിയമിച്ചിട്ടില്ല,” ഗവര്‍ണര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല