സ്വന്തം ലേഖകൻ: കണ്ണൂര്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സലറുടെ പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി ഇടപെട്ടുവെന്ന് ഗവര്‍ണര്‍. മുഖ്യമന്ത്രിയുമായി കത്തിലൂടെ നടത്തിയ ആശയവിനിമയത്തിന്റെ പകര്‍പ്പുകളടക്കം പുറത്തുവിട്ടാണ് ഗവര്‍ണര്‍ വി.സി നിയമന വിവാദത്തില്‍ വിശദീകരണം നല്‍കിയത്.
പുനര്‍നിയമനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി. എന്നാല്‍ വെയിറ്റേജ് നല്‍കാമെന്നായിരുന്നു താന്‍ പറഞ്ഞത്. നിര്‍ബന്ധിച്ചതോടെയാണ് മുഖ്യമന്ത്രിയുടെ വാക്കിന് വില നല്‍കിയത്. നിയമനം നിയമവിധേയമല്ലെന്ന് താന്‍ നിരവധി തവണ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും അഡ്വക്കേറ്റ് ജനറലിന്റേതുള്‍പ്പെടെയുള്ള നിയമോപദേശം തനിക്ക് ലഭിച്ചു. താന്‍ ആവശ്യപ്പെടാതെയാണ് നിയമോപദേശം ലഭിച്ചത്.
നിയമനത്തിന്റെ നടപടി ക്രമങ്ങള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സമ്മര്‍ദം കൂടിയതോടെ ചാന്‍സലര്‍ സ്ഥാനത്ത് തുടരാന്‍ സാധിക്കില്ലെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചു. 2021 ഡിസംബര്‍ എട്ടിനാണ് താന്‍ ആദ്യത്തെ കത്ത് മുഖ്യമന്ത്രിക്കയച്ചത്. സ്ഥാനത്ത് തുടരണമെന്നായിരുന്നു കത്തിന് വന്ന മറുപടി.
ചാന്‍സര്‍ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. തനിക്കെന്തെങ്കിലും പ്രത്യേക താല്‍പര്യം ഉണ്ടായിരുന്നെങ്കില്‍ എന്തിനാണ് താന്‍ ഇങ്ങനെ പറയുന്നത്. ഓര്‍ഡിനന്‍സിന് പോകാമെന്നും അതില്‍ താന്‍ ഉടന്‍ തന്നെ ഒപ്പുവെക്കാമെന്നും കത്തില്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.
പിന്നീടും കത്തുകള്‍ വന്നു. ഉന്നത ഉദ്യോഗസ്ഥര്‍ രാജ്ഭവനിലെത്തി തന്നെ കണ്ടു. ജനുവരിയിലാണ് അവസാനത്തെ കത്ത് വന്നത്. ചാന്‍സലറായി തുടരണമെന്നും സര്‍വകലാശാലകളില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും കാണിച്ചായിരുന്നു കത്തെന്നും ഗവർണർ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല