1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 27, 2024

സ്വന്തം ലേഖകൻ: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ കേന്ദ്ര സേന ഏറ്റെടുക്കുന്നു. ഇനി സി.ആര്‍.പി.എഫ് ആയിരിക്കും സുരക്ഷ ഒരുക്കുക. ഗവര്‍ണര്‍ക്കും കേരള രാജ്ഭവനും സിആര്‍പിഎഫിന്റെ സെഡ് പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്ഭവനെ അറിയിച്ചു. കേരള പോലീസിന്റെ സുരക്ഷ ഇനി ഉണ്ടാവില്ലെന്നാണ് വിവരം.

കൊല്ലം നിലമേലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു നേരെ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധത്തിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളെ തുടര്‍ന്നാണ് നടപടി. പ്രതിഷേധത്തിന് പിന്നാലെവാഹനത്തില്‍നിന്നും റോഡിലിറങ്ങി പ്രവര്‍ത്തകരോടും പോലീസിനോടും കയര്‍ത്ത ഗവര്‍ണര്‍ റോഡില്‍ പ്രതിഷേധിച്ചിരുന്നു.

പ്രതിഷേധക്കാരെ സംരക്ഷിക്കുന്നത് പോലീസ് ആണെന്നും അവര്‍ക്കെതിരെ കേസെടുക്കാതെ വാഹനത്തില്‍ കയറില്ലെന്ന ഉറച്ച നിലപാടില്‍ റോഡിന് സമീപമിരുന്ന് പ്രതിഷേധിച്ച ഗവര്‍ണര്‍, പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത് എഫ്‌ഐആര്‍ രേഖകള്‍ കാണിച്ച ശേഷമായിരുന്നു മടങ്ങിയത്.

സദാനന്ദ ആശ്രമത്തില്‍ നടക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യാനായി തിരുവനന്തപുരത്തുനിന്നും നിലമേല്‍ വഴി സദാനന്ദപുരത്തേക്ക് പോകുകയായിരുന്നു ഗവര്‍ണര്‍. യാത്രാമധ്യേയാണ് നിലമേല്‍വെച്ച് എസ്.എഫ്.ഐക്കാര്‍ കരിങ്കൊടികളുമായി ഗവര്‍ണറുടെ വാഹനത്തിന് നേരെ പ്രതിഷേധവുമായി എത്തിയത്. ക്ഷുഭിതനായ ഗവര്‍ണര്‍ കാറില്‍ നിന്നിറങ്ങി പ്രതിഷേധക്കാര്‍ക്കുനേരെ കയര്‍ക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.