സ്വന്തം ലേഖകൻ: ഗവര്‍ണര്‍- സര്‍ക്കാര്‍ പോരിന്റെ പരസ്യപ്രകടനത്തിന് വേദിയായി റിപ്പബ്ലിക് ദിനാഘോഷവും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന തല ഉദ്ഘാടനത്തില്‍ കേന്ദ്രസര്‍ക്കാരിനെ പ്രകടമായും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പേരെടുത്തും പ്രശംസിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാന സര്‍ക്കാരിനെതിരെ മുനവെച്ച വാക്കുകളില്‍ പരോക്ഷമായി വിമര്‍ശിച്ചു. പ്രസംഗത്തിന് പിന്നാലെ വേദിയിലെ വിശിഷ്ടവ്യക്തികളെ അഭിവാദ്യംചെയ്ത ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് നേരെ കൈകൂപ്പിയെങ്കിലും അദ്ദേഹം തിരിച്ച് അഭിവാദ്യംചെയ്യാന്‍ തയ്യാറായില്ല.
വേദിയില്‍ തൊട്ടടുത്തായിരുന്നു ഇരുന്നതെങ്കിലും ഇരുവരും പരസ്പരം മുഖംകൊടുത്തില്ല. ഗവര്‍ണര്‍ എത്തിയപ്പോള്‍ അഭിവാദ്യംചെയ്യാനായി എഴുന്നേറ്റു നിന്നെങ്കിലും അദ്ദേഹം മുഖ്യമന്ത്രിയെ ശ്രദ്ധിച്ചില്ല. തുടര്‍ന്ന് പരേഡ് സ്വീകരിക്കുമ്പോഴും ഇരുവരും അടുത്തടുത്തായി ഉണ്ടായിരുന്നെങ്കിലും പരസ്പരം നോക്കാന്‍ പോലും തയ്യാറായില്ല.
മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ വി. ശിവന്‍കുട്ടി, വി. അബ്ദുറഹ്മാന്‍ സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എം.എല്‍.എമാരായ മുന്‍മന്ത്രി ആന്റണി രാജു, വി.കെ. പ്രശാന്ത് എന്നീ ഭരണകക്ഷി നേതാക്കളും വേദിയില്‍ ഉണ്ടായിരുന്നു. മറ്റാരോടും സംസാരിക്കാന്‍ തയ്യാറാവാതിരുന്ന ഗവര്‍ണര്‍ ബിനോയ് വിശ്വത്തോട് കുശലാന്വേഷണം നടത്തി.
കഴിഞ്ഞദിവസം നിയമസഭയിലെ നയപ്രഖ്യാപനപ്രസംഗം ഒന്നരമിനിറ്റിലൊതുക്കി ഗവര്‍ണര്‍ അതൃപ്തി പരസ്യമാക്കിയിരുന്നു. സഭയിലെത്തിയ ഗവര്‍ണറെ സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, പാര്‍ലമെന്ററികാര്യമന്ത്രി കെ. രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ സഭാകവാടത്തില്‍ വരവേറ്റു.
പൂച്ചെണ്ടുനല്‍കി സ്വീകരിച്ച മുഖ്യമന്ത്രിക്ക് അഭിവാദ്യമര്‍പ്പിക്കാനോ മുഖംകൊടുക്കാനോ അദ്ദേഹം തയ്യാറായില്ല. സഭയില്‍ പ്രവേശിച്ചപ്പോഴും മടങ്ങുമ്പോഴും എല്ലാവരോടുമായി കൈകൂപ്പിയെങ്കിലും ആരോടും സൗഹൃദത്തിന്റെ ഒരു നിഴലാട്ടംപോലും ആ മുഖത്ത് പ്രകടമായിരുന്നില്ല. ഇതിന് മറുപടിയെന്നോണമായിരുന്നു ഇന്ന് മുഖ്യമന്ത്രിയുടെ ഗവര്‍ണറോടുള്ള ശരീരഭാഷയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല