സ്വന്തം ലേഖകൻ: പ്രത്യേക നിയമസഭ സമ്മേളനം ഡിസംബര്‍ അഞ്ചു മുതല്‍ വിളിച്ചുചേര്‍ക്കാന്‍ മന്ത്രിസഭായോഗം തീരുമാനം. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും മാറ്റാന്‍ ബില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ നീക്കം. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാന്‍ നേരത്തെ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. ഇത് ഗവര്‍ണറുടെ പരിഗണനയിലിരിക്കെയാണ് ബില്‍ കൊണ്ടുവരുന്നതിനുള്ള നീക്കം.
ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ നീക്കുന്നതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് നേരത്തെ മന്ത്രിസഭാ യോഗം അംഗീകരിച്ചിരുന്നു. തുടര്‍ന്ന് അംഗീകാരത്തിനായി അയച്ചെങ്കിലും ഗവര്‍ണര്‍ ഇതില്‍ ഒപ്പിട്ടിട്ടില്ല. സഭാ സമ്മേളനം വിളിക്കാന്‍ തീരുമാനിച്ചതോടെ ഓര്‍ഡിനന്‍സ് റദ്ദാക്കുന്ന സാഹചര്യവുമുണ്ട്.
അടുത്ത മാസം അഞ്ച് മുതല്‍ പതിനഞ്ച് വരെ പത്ത് ദിവസത്തേക്കാണ് നിയമസഭാ സമ്മേളനം ചേരുന്നത്. ഇക്കാര്യത്തില്‍ ഗവര്‍ണറോട് ഇന്ന് തന്നെ ശുപാര്‍ശ ചെയ്യും. ഒപ്പിടുന്നത് അനിശ്ചിതമായി വൈകിപ്പിക്കുന്ന നിലപാടാണു ഗവര്‍ണര്‍ സ്വീകരിക്കുന്നതെങ്കില്‍ തുടര്‍നടപടി സര്‍ക്കാര്‍ ചര്‍ച്ച ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല