1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 24, 2022

സ്വന്തം ലേഖകൻ: ഇന്ന് രാവിലെ 11.30നുളളി രാജി സമര്‍പ്പിക്കണം എന്നുളള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അന്ത്യശാസനം തളളി വൈസ് ചാന്‍സലര്‍മാര്‍. സംസ്ഥാനത്തെ 9 വൈസ് ചാന്‍സലര്‍മാര്‍ക്കായിരുന്നു ഗവര്‍ണറുടെ നിര്‍ദേശം. എന്നാല്‍ ആരും തന്നെ രാജിക്കത്ത് സമര്‍പ്പിക്കാന്‍ തയ്യാറായില്ല. വിസിമാര്‍ ഗവര്‍ണറുടെ നീക്കത്തിന് എതിരെ നിയമനടപടിയിലേക്ക് കടന്നിരിക്കുകയാണ്. എംജി, കണ്ണൂര്‍, കാലിക്കറ്റ് സര്‍വ്വകലാശാല വിസിമാര്‍ കൊച്ചിയില്‍ നിയമവിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി.

ഗവര്‍ണറുടെ രാജി നിര്‍ദേശത്തെ ചോദ്യം ചെയ്ത് വൈസ് ചാന്‍സലര്‍മാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കോടതി ഇന്ന് വൈകിട്ട് നാല് മണിക്ക് പ്രത്യേക സിറ്റിംഗ് നടത്തി കേസ് കേള്‍ക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് കേസ് പരിഗണിക്കുക. അതേസമയം സമയപരിധി അവസാനിച്ചിട്ടും വിസിമാര്‍ രാജി സമര്‍പ്പിക്കാത്തതിനോട് പ്രതികരിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തയ്യാറായില്ല.

മാധ്യമപ്രവര്‍ത്തകരെന്ന് പറഞ്ഞ് വന്ന പലരും പാര്‍ട്ടി കേഡര്‍മാരാണ് എന്നും അവരോട് പ്രതികരിക്കാനില്ലെന്നുമാണ് ഗവര്‍ണര്‍ പറഞ്ഞത്. രാജ്ഭവനുമായി ബന്ധപ്പെട്ടാല്‍ ഓരോരുത്തരോടായി സംസാരിക്കാമെന്നും പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് ഗവര്‍ണര്‍ പറഞ്ഞു.

ഗവര്‍ണറുടെ നീക്കത്തിന് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു എന്നിവര്‍ രൂക്ഷമായാണ് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഗവര്‍ണര്‍ ഇല്ലാത്ത അധികാരം പ്രയോഗിക്കാന്‍ ശ്രമിക്കുകയാണ് എന്നും പ്രത്യേക അജണ്ട പ്രകാരമാണ് നീക്കങ്ങളെന്നും ഗവര്‍ണര്‍ സംഘപരിവാറിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ തുറന്നടിച്ചു.

ഗവര്‍ണര്‍ എന്തിനാണ് ഇത്ര തിടുക്കപ്പെട്ട് ഇത്തരമൊരു നീക്കം നടത്തുന്നത് എന്ന് മന്ത്രി ആര്‍ ബിന്ദു ചോദിച്ചു. വ്യവസ്ഥാപിതമായ മാര്‍ഗങ്ങളിലൂടെ സര്‍വ്വകലാശാല നിയമങ്ങള്‍ അനുസരിച്ച് നിയമിക്കപ്പെട്ട വൈസ് ചാന്‍സര്‍മാരെ ഉടനടി രാജിവെക്കണമെന്ന് കല്‍പ്പന പുറപ്പെടുവിച്ച് ഭീഷണിപ്പെടുത്തുന്ന തരത്തിലുളള നിലപാട് ഉന്നത പദവിയിലിരിക്കുന്നവര്‍ക്ക് യോജിച്ചതാണോ എന്ന് മന്ത്രി ചോദിച്ചു. എന്നോ കടന്നുപോയ ഫ്യൂഡല്‍ ഭൂതകാലത്തില്‍ അഭിരമിക്കുകയാണ് ചാന്‍സലര്‍ എന്നും ആര്‍ ബിന്ദു കുറ്റപ്പെടുത്തി.

അത്തരം അമിതാധികാര പ്രവണതകളെ മുറിച്ച് കടന്നിട്ടുളള ചരിത്രമാണ് ഈ സംസ്ഥാനത്തിനുളളത്. അത് അദ്ദേഹം ശ്രദ്ധിച്ച് കാണില്ലെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ എത്രയോ മേഖലകളില്‍ ഒന്നാമത് നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. അത്തരമൊരു സംസ്ഥാനത്തെ ഇകഴ്ത്തി കാണിക്കുന്നതിനുളള പരിശ്രമങ്ങളാണ് ഈ നാടിനോട് ചേര്‍ന്ന് നില്‍ക്കേണ്ട ഗവര്‍ണര്‍ നടത്തുന്നത് എന്നും ആര്‍ ബിന്ദു കുറ്റപ്പെടുത്തി.

രാജിവയ്ക്കാൻ വിസിമാർക്ക് ഗവർണർ നൽകിയ സമയപരിധി അവസാനിച്ചതോടെ ഇവർ നിയമവഴി തേടുകയാണ്. കണ്ണൂർ, എംജി, കോഴിക്കോട് സർവകലാശാലാ വൈസ് ചാൻസലർമാർ വിഷയത്തിൽ നിയമോപദേശം തേടി. ആറു വിസിമാർ ഗവർണറുടെ കത്തിന് മറുപടി നൽകി. നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചാണ് എംജി, കെടിയു, കുഫോസ് ഒഴികെയുള്ള വിസിമാരുടെ രേഖാമൂലമുള്ള മറുപടി. വിസിമാർ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് വിഷയത്തിൽ ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തും. വൈകിട്ട് നാലുമണിക്ക് ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് വിഷയം പരിഗണിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.