1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 18, 2021

സ്വന്തം ലേഖകൻ: മഴക്കെടുതിയിൽ സംസ്​ഥാനത്ത്​ ഇതുവരെ മരിച്ചത്​ 28 പേർ. സംസ്​ഥാനത്തെ പത്ത്​ ഡാമുകളിൽ റെഡ്​ അലർട്ട്​ പ്രഖ്യാപിച്ചു. ജലനിരപ്പ്​ ഉയർന്നതോടെ കക്കി ഡാം തുറന്നു. രണ്ട്​ ഷട്ടറുകളാണ്​ ഉയർത്തിയത്​. കേരള ഷോളയാർ ഡാം രാവിലെ പത്തിന്​ തുറന്നിട്ടുണ്ട്​. ചാലക്കുടിയിൽ വൈകീട്ട്​ നാല്​ മണിയോടെ വെള്ളമെത്തും. ചാലക്കുടി പുഴയുടെ തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രതപാലിക്കണമെന്ന്​ അധികൃതർ അറിയിച്ചു.

ഇടുക്കി അണക്കെട്ടിൽ രാവിലെ ഏഴുമണി മുതൽ ഓറഞ്ച്​ അലർട്ട്​ പ്രഖ്യാപിച്ചു. ഏഴ് മണിയോടെ ജലനിരപ്പ് 2396.86 അടിയിൽ എത്തിയതിനെ തുടർന്നാണ്​ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. സംഭരണ ശേഷിയുടെ 92.8 ശതമാനം വെള്ളമാണ് ഇപ്പോൾ അണക്കെട്ടിൽ ഉള്ളത്. അണക്കെട്ടിൽ ജലനിരപ്പ്​ രണ്ടടി കൂടി ഉയർന്നാൽ ഷട്ടറുകൾ ഉയർത്തും. 2397.86 അടിയിൽ എത്തിയാൽ റെഡ്​ അലർട്ട്​ പ്രഖ്യാപിക്കും. ഇടുക്കി ജലസംഭരണിയുടെ ഓറഞ്ച്​ അലർട്ടും റെഡ്​ അലർട്ടും തമ്മിലുള്ള വ്യത്യാസം ഒരു അടിയാണ്​.

20 മുതൽ 24 വരെ മഴ വീണ്ടും കനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പറമ്പിക്കുളത്തുനിന്ന് ജലമൊഴുക്കുന്നത് വര്‍ധിപ്പിച്ച സാഹചര്യത്തിൽ ചാലക്കുടിപ്പുഴ തീരത്ത് അതീവ ജാഗ്രതാ നിർദേശം. ചാലക്കുടിപ്പുഴ തീരത്ത് താമസിക്കുന്നവർ മാറി താമസിക്കണമെന്ന് ജില്ലാ കലക്ടർ നിർദേശം നൽകി.
പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍ ഡാമുകളില്‍ നിന്നും ചാലക്കുടിപ്പുഴയിൽ വെള്ളമെത്തും. വൈകിട്ട് നാലുമണിക്കും ആറുമണിക്കും മധ്യേയാണ് കൂടുതല്‍ വെള്ളമെത്തുക. അതിരപ്പിള്ളി, മേലൂര്‍, പരിയാരം, കറുകുറ്റി, അന്നമനട, കുഴൂര്‍, പൊയ്യ പ്രദേശങ്ങളിലും വെള്ളം ഉയരും.

അതിനിടെ ബുധനാഴ്​ച മുതൽ 11 ജില്ലകളിൽ മഴ സാധ്യതയെന്ന്​ കേന്ദ്ര കാലാവസ്ഥാവകുപ്പി​െൻറ പ്രവചനം. ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്​. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ഡാമുകള്‍ തുറക്കുന്നത് തീരുമാനിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം പറഞ്ഞത്.

ഏത് ഡാം തുറക്കണം, തുറക്കേണ്ട എന്നത് അതത് ഡാമുകളിലെ വെള്ളത്തി​െൻറ അളവ് നോക്കി വിദഗ്ധ സമിതി തിരുമാനിക്കും. തുറക്കുന്നതിന് കൃത്യമായ മണിക്കൂറുകള്‍ മുമ്പ് ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാരെ അറിയിക്കണം. പ്രദേശവാസികളെ ഒഴിപ്പിക്കാനാവശ്യമായ സമയം നല്‍കണം. പെട്ടെന്ന് തുറക്കുമ്പോള്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ ഒഴിവാക്കാനാണിത്.

സംസ്ഥാനത്ത് ഇപ്പോൾ 184 ദുരിതാശ്വാസ ക്യാംപുകളാണുള്ളത്. ക്യാമ്പുകളില്‍ ആവശ്യത്തിന് സജ്ജീകരണങ്ങളുണ്ടാകണം. ഭക്ഷണം, വസ്ത്രം, കിടക്കാനുള്ള സൗകര്യം എന്നിവ ഉറപ്പാക്കണം. റവന്യൂ വകുപ്പിന് പുറമെ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇക്കാര്യം ശ്രദ്ധിക്കണം. പ്രാദേശിക കൂട്ടായ്മകളുടെ സഹായവും തേടണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ അടക്കം രക്ഷാ പ്രവർത്തനങ്ങളിൽ കേന്ദ്ര സംസ്ഥാന ഏജന്‍സികളും നാട്ടുകാരും യോജിച്ച് നീങ്ങുന്നുണ്ട്. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ നിര്‍ബന്ധമായും മാറ്റി പാര്‍പ്പിക്കണം. നിശ്ചിത അളവിലധികം വെള്ളത്തിലൂടെ വാഹനങ്ങളെ കയറ്റി വിടരുത്.

ധനസഹായ വിതരണം ഊര്‍ജ്ജിതപ്പെടുത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. കൃഷി നാശം സംബന്ധിച്ച വിശദ വിവരങ്ങള്‍ ജില്ലകളില്‍ നിന്ന് ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.