സ്വന്തം ലേഖകന്‍: കേരളത്തില്‍ ഉഗ്രശബ്ദമുള്ള രാത്രി വെടിക്കെട്ടിന് ഹൈക്കോടതി നിരോധനം, ഇനി ശബ്ദം കുറച്ച് നിറങ്ങളുടെ വെടിക്കെട്ട് മാത്രം. സന്ധ്യക്ക് സൂര്യാസ്തമയത്തിന് ശേഷവും പുലര്‍ച്ചെ സൂര്യോദയത്തിന് മുമ്പും ഉഗ്രശബ്ദത്തിലുള്ള വെടിക്കെട്ട് പാടില്ലെന്ന് കോടതി വിധിയില്‍ വ്യക്തമാക്കുന്നു. ഇടക്കാല ഉത്തരവായാണ് കോടതി വിധി പുറപ്പെടുവിച്ചതെങ്കിലും തൃശൂര്‍ പൂരം ഉള്‍പ്പെടെ ഇനി നടക്കാനിരിക്കുന്ന പല ഉത്സവങ്ങളെയും ഈ വിധി ബാധിക്കും.
കൊല്ലം പരവൂര്‍ പുട്ടിങ്ങള്‍ ക്ഷേത്രത്തിലെ വെടിക്കെട്ടു ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പോലീസിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയ ഹൈക്കോടതി വെടിക്കെട്ട് എന്തുകൊണ്ട് തടയാന്‍ കഴിഞ്ഞില്ലെന്ന് ആരാഞ്ഞു. ജനജീവിതം സംരക്ഷിക്കാന്‍ കഴിയാത്തത് നിയമവ്യവസ്ഥയുടെ പരാജയമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
എത്ര കിലോഗ്രാം വെടിമരുന്ന് ഉപയോഗിച്ചുവെന്ന് ഹൈക്കോടതി പോലീസ് കമ്മീഷണറോട് ചോദിച്ചപ്പോള്‍ കമ്മീഷണര്‍ക്ക് ഉത്തരമുണ്ടായിരുന്നില്ല.
കമ്പവും വെടിക്കെട്ടും തമ്മില്‍ നിയമത്തില്‍ വ്യത്യാസമില്ല. നിലവിലെ അന്വേഷണത്തില്‍ സംശയമുണ്ട്. നിലവിലെ അന്വേഷണം മതിയോ എന്നും കോടതി ആരാഞ്ഞു. വെടിക്കെട്ട് ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നവും ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനവുമാണെന്നും ഹൈക്കോടതി പറഞ്ഞു. കളക്ടറുടെ ഉത്തരവ് അട്ടിമറിക്കാന്‍ ആരോ ശ്രമിച്ചു. ഒരു കോണ്‍സ്റ്റബിള്‍ പോലും അറിയാതെയാണോ വെടിമരുന്ന് കൊണ്ടുവന്നതെന്നും കോടതി ചോദിച്ചു.
വെടിക്കെട്ടിന് നേതൃത്വം നല്‍കിയ കരാറുകാരനും മരണത്തിനു കീഴ്ടടങ്ങിയതോടെ പരവൂര്‍ വെടിക്കെട്ടില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 111 ആയി. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും സിബിഐ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല