1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 12, 2020

സ്വന്തം ലേഖകൻ: തിരുവനന്തപുരം-കാസര്‍ഗോഡ് അര്‍ധ അതിവേഗ റെയില്‍പാത (സില്‍വര്‍ ലൈന്‍) ഒരുങ്ങുന്നത് 63,941 കോടി ചെലവില്‍. പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ടിന് കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം അംഗീകരം നല്‍കി. കേരളത്തിലെ 11 ജില്ലകളിലൂടെ കടന്ന പോവുന്ന അര്‍ധ അതിവേഗ റെയില്‍പാതയ്ക്ക് 11 സ്റ്റേഷനുകളാണുണ്ടാവുക.

തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, കൊച്ചി വിമാനത്താവളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ് സില്‍വര്‍ ലൈന്‍ സ്റ്റേഷനുകള്‍ ഉണ്ടാകുക. പദ്ധതി തുടങ്ങി അഞ്ചു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെ ഇപ്പോഴത്തെ റെയില്‍പാതയില്‍ നിന്ന് മാറിയും തിരൂരില്‍നിന്ന് കാസര്‍ഗോഡ് വരെ ഇപ്പോഴത്തെ റെയില്‍ പാതയ്ക്ക് സമാന്തരവുമായിട്ടായിരിക്കും സില്‍വര്‍ ലൈന്‍ നിര്‍മിക്കുന്നത്.

രണ്ട് പുതിയ റെയില്‍വേ ലൈനുകള്‍ ചേര്‍ത്ത് ഹരിത ഇടനാഴിയായി നിര്‍മിക്കുന്ന ഈ പാതയിലൂടെ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ വരെ ട്രെയിനുകള്‍ക്ക് സഞ്ചരിക്കാനാകും. പരമാവധി ജനസാന്ദ്രത കുറഞ്ഞ മേഖലകളില്‍കൂടി 15 മുതല്‍ 25 മീറ്റര്‍ മാത്രം വീതിയില്‍ സ്ഥലം ഏറ്റെടുത്തു പദ്ധതി പൂര്‍ത്തീകരിക്കാനാണ് ശ്രമിക്കുന്നതെന്നും പദ്ധതിക്കുവേണ്ടി ഏറ്റെടുക്കുന്ന സ്ഥലത്തിന് ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം മികച്ച പ്രതിഫലം നല്‍കുമെന്നും കേരളത്തിലെ റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി ജി സുധാകരന്‍ വ്യക്തമാക്കി.

പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിന് തുക കണ്ടെത്താന്‍ ധനകാര്യ സ്ഥാപനങ്ങള്‍, ദേശസാല്‍കൃത ബാങ്കുകള്‍ എന്നിവരെ സമീപിക്കുന്നതിന് കെ-റെയിലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വായ്പ ഇനത്തിലുള്ള തുകയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് ജെഐസിഎ, കെഎഫ്ഡബ്ല്യൂ, എഡിബി, എഐഐബി എന്നീ ധനകാര്യ സ്ഥാപനങ്ങളെ സമീപിക്കാനും കെ-റെയിലിന് അനുവാദം നല്‍കിയതായും മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് നിന്ന് ഒന്നര മണിക്കൂറിനുള്ളില്‍ എറണാകുളത്തും നാലു മണിക്കൂറില്‍ കാസര്‍കോടും എത്തിച്ചേരാം എന്നതാണ് സില്‍വര്‍ ലൈനിന്റെ പ്രത്യേകത. ഒന്‍പതു ബോഗികളിലായി 645 പേര്‍ക്ക് യാത്ര ചെയ്യാം. ബിസിനസ്, സ്റ്റാന്‍ഡേര്‍ഡ് എന്നിങ്ങനെ രണ്ടുതരം ക്ലാസുകള്‍ ഉണ്ടാകും. 2025 ഓടെ പദ്ധതി പൂര്‍ത്തിയാകനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഡിപിആര്‍ ഇനി റെയില്‍വെ ബോര്‍ഡ്, നീതി ആയോഗ്, കേന്ദ്ര മന്ത്രിസഭ എന്നിവ അംഗീകരിക്കണം. പദ്ധതിക്ക് റെയില്‍വെ ബോര്‍ഡിന്റെ തത്വത്തിലുള്ള അംഗീകാരം 2019 ഡിസംബറില്‍ ലഭ്യമായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.