സ്വന്തം ലേഖകൻ: രണ്ടാം വർഷ ഹയർസെക്കന്ററി പരീക്ഷയിൽ 82.95 ശതമാനം വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. ആകെ 2028 സ്കൂളുകളിലായി സ്കൂൾ ഗോയിങ് റഗുലർ വിഭാഗത്തിൽ നിന്ന് 3,76,135 പേർ പരീക്ഷ എഴുതിയതിൽ 3,12,005 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വർഷത്തെ വിജയ ശതമാനം 83.87 ആയിരുന്നു. ഒന്നാം വർഷ പരീക്ഷയുടെ സ്കോറുകൾ കൂടി കണക്കിലെടുത്താണ് പരീക്ഷാഫലം നിർണയിച്ചിരിക്കുന്നത്. ഫിസിക്സ്, കെമിസ്ട്രി, മാത്തമറ്റിക്സ് വിഷയങ്ങൾക്ക് ഇരട്ട മൂല്യനിർണയരീതിയാണ് അവലംബിച്ചത്.
1,94,511 പെൺകുട്ടികളിൽ 1,73,731 പേരും (89.31%), 1,81,624 ആൺകുട്ടികളിൽ 1,38,274 പേരും (76.13%) ഉപരി പഠനത്തിന് യോഗ്യത നേടി. 1,93,544 സയൻസ് വിദ്യാർഥികളിൽ 1,68,975 പേരും (87.31%), 74,482 ഹ്യുമാനിറ്റിസ് വിദ്യാർഥികളിൽ 53,575 പേരും (71.93%), 1,08,109 കോമേഴ്സ് വിദ്യാർഥികളിൽ 89,455 പേരും (82.75%) ഉപരി പഠനത്തിന് യോഗ്യത നേടി. പട്ടികജാതി വിഭാഗത്തിൽ 35,152 ൽ 21,398 പേരും (60.87%) പട്ടികവർഗ്ഗ വിഭാഗത്തിൽ 5,487 ൽ 3,137 പേരും (57.17%) ഒഇസി വിഭാഗത്തിൽ 8,541 ൽ 6,284 പേരും (73.57%) ഒബിസി വിഭാഗത്തിൽ 2,49,955 ൽ 2,11,581 പേരും (84.65%) ജനറൽ വിഭാഗത്തിൽ 77,000 ൽ 69,605 പേരും (90.40%) ഉപരിപഠനത്തിന് അർഹത നേടി.
ഗവൺമെന്റ് മേഖലയിലെ സ്കൂളുകളിൽ നിന്ന് 1,64,043 ൽ 1,29,905 പേരും (79.19%) എയ്ഡഡ് മേഖലയിലെ 1,84,844 ൽ 1,59,530 പേരും (86.31%) അൺഎയ്ഡഡ് മേഖലയിലെ 27,031 ൽ 22,355 പേരും (82.70%) ഉപരി പഠനത്തിന് യോഗ്യരായി. റഗുലർ സ്കൂൾ ഗോയിങ് വിഭാഗത്തിൽ 33,815 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡിന് അർഹത നേടി. ഇതിൽ 26,001 പേർ പെൺകുട്ടികളും 7,814 പേർ ആൺകുട്ടികളുമാണ്. സയൻസ് വിഭാഗത്തിൽ 24,849 പേർക്കും ഹ്യുമാനിറ്റിസ് വിഭാഗത്തിൽ 3,172 പേർക്കും കോമേഴ്സ് വിഭാഗത്തിൽ 5,794 പേർക്കും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് ലഭിച്ചു. ഇതിൽ 71 കുട്ടികൾക്ക് മുഴുവൻ മാർക്കും 1200/1200 ലഭിച്ചു.
വിജയ ശതമാനം ഏറ്റവും കൂടുതൽ എറണാകുളം ജില്ലയിലും (87.55%) ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലുമാണ് (76.59%). ഏറ്റവും കൂടുതൽ വിദ്യാർഥികളെ (838 പേർ) പരീക്ഷയ്ക്ക് സജ്ജരാക്കിയ സെന്റ് മേരീസ് ഹയർ സെക്കൻഡ സ്കൂൾ പട്ടം, (തിരുവനന്തപുരം) 85.32% പേരെ ഉപരി പഠനത്തിന് യോഗ്യരാക്കി. മലപ്പുറം ജില്ലയിലെ എംഎസ്എം ഹയർസെക്കൻഡറി സ്കൂൾ കല്ലിങ്ങൽപ്പറമ്പ, എസ്‌വി ഹയർസെക്കന്‍ഡറി സ്കൂൾ പാലേമേട് എന്നീ സ്കൂളുകളിൽ യഥാക്രമം 772 ഉം 730 ഉം വിദ്യാർഥികൾ പരീക്ഷ എഴുതി. വിജയശതമാനം യഥാക്രമം 93.13 ഉം 83.70 ഉം ആണ്.
ഏറ്റവും കൂടുതൽ വിദ്യാർഥികളെ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡിനർഹരാക്കിയ ജില്ല മലപ്പുറം (4,897) ആണ്. നൂറുമേനി വിജയം കരസ്ഥമാക്കിയ 77 സ്കൂളുകളാണുള്ളത്. മുപ്പതിൽ താഴെ വിജയ ശതമാനമുള്ള സ്കൂളുകളുടെ എണ്ണം10 ആണ്. 2017 മാർച്ച് മുതൽ 2022 മാർച്ച് വരെ ഹയർസെക്കന്‍ഡറി പരീക്ഷകൾ എഴുതി ഉപരിപഠനത്തിന് യോഗ്യത നേടാത്തവരും 2022 ഒക്ടോബർ ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതിയവരും 2023 മാർച്ച് പരീക്ഷക്ക് റജിസ്റ്റർ ചെയ്തവരുമായ പ്രൈവറ്റ് കമ്പാർട്ട്മെന്റൽ വിദ്യാർഥികളിൽ 19,698 പേർ പരീക്ഷ എഴുതിയതിൽ 6,156 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയശതമാനം 31.25.
ഒന്നും രണ്ടും വർഷ പൊതുപരീക്ഷകളുടെ സ്കോറുകളും നിരന്തര മൂല്യനിർണയ സ്കോറും പ്രായോഗിക പരീക്ഷയുടെ സ്കോറും ഗ്രേസ് മാർക്കും സർട്ടിഫിക്കറ്റിൽ പ്രത്യേകം രേഖപ്പെടുത്തിയിരിക്കും. ഓരോ വിഷയത്തിനും ലഭിച്ച മൊത്തം സ്കോറും ഗ്രേഡും സർട്ടിഫിക്കറ്റിൽ ലഭ്യമാണ്. സർട്ടിഫിക്കറ്റിന്റെ വിതരണം ജൂലൈ മാസം പൂർത്തീകരിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. 2013 മുതൽ സർട്ടിഫിക്കറ്റുകൾ സ്കൂൾ സീലും, പ്രിൻസിപ്പലിന്റെ ഒപ്പും രേഖപ്പെടുത്തിയാണ് നൽകുന്നത്.
സർട്ടിഫിക്കറ്റിന്റെ കൗണ്ടർ ഫോയിലുകൾ സ്കൂളിൽ സൂക്ഷിക്കുന്നതാണ്. കംപാർട്ട്മെന്റലായി പരീക്ഷ എഴുതി ഉന്നത പഠനത്തിന് യോഗ്യത നേടിയ വിദ്യാർഥികൾക്ക് അവർ മുൻ പരീക്ഷയിൽ യോഗ്യത നേടിയ സ്കോറുകളും ഇത്തവണ നേടിയ സ്കോറുകളും ചേർത്തുള്ള കൺസോളിഡേറ്റഡ് സർട്ടിഫിക്കറ്റുകളും പ്രൊവിഷനൽ സർട്ടിഫിക്കറ്റുകളും നൽകുന്നതിനുള്ള സൗകര്യങ്ങൾ ഡയറക്ടറേറ്റിൽ നിലവിലുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല