സ്വന്തം ലേഖകന്‍: ഡല്‍ഹി കേരള ഹൗസിലെ ബീഫ് പരിശോധന, തെറ്റായ വിവരം നല്‍കിയ ഹിന്ദു സേന നേതാവ് അറസ്റ്റില്‍. കേരള ഹൗസിലെ ഭക്ഷണശാലയില്‍ പശുമാംസം വിളമ്പുന്നുണ്ടെന്ന തെറ്റായ വിവരം നല്‍കിയതിന് ഹിന്ദു സേനാ നേതാവ് വിഷ്ണു ഗുപ്തയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഹിന്ദു സേനയുടെ തലവനെന്ന് അവകാശപ്പെടുന്ന വിഷ്ണു ഗുപ്ത വിവിധ കേസുകളില്‍ പ്രതിയാണ്. ഇന്നലെ രാവിലെ തിലക് നഗറില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെ ഓഫീസില്‍ കയറി മര്‍ദിച്ച കേസിലും കശ്മീര്‍ എം.എല്‍.എ. എന്‍ജിനീയര്‍ റാഷിദിന്റെ ദേഹത്ത് കരി ഓയില്‍ ഒഴിച്ച കേസിലും ഇയാള്‍ക്കെതിരേ കേസുണ്ട്.
പശുവിറച്ചി വിളമ്പുന്നുണ്ടെന്ന വിവരം വിഷ്ണുവിന് കൈമാറിയത് മലയാളിയാണെന്ന സൂചനയും പോലീസിന് ലഭിച്ചു. ഡല്‍ഹി പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചാണ് വിഷ്ണു ഗുപ്ത തെറ്റായ വിവരം നല്‍കിയത്. അതേസമയം കേരള ഹൗസില്‍ റെയ്ഡ് നടത്തിയിട്ടില്ലെന്നും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സംരക്ഷണം നല്‍കുകയും വിവരങ്ങള്‍ ചോദിച്ചറിയുകയുമാണ് ചെയ്തതെന്നും ഡല്‍ഹി പോലീസ് കമ്മിഷണര്‍ ബി.എസ്. ബസി ഇന്നലെയും ആവര്‍ത്തിച്ചു.
ഭീഷണിയെത്തുടര്‍ന്ന് നിര്‍ത്തിവച്ച ബീഫ് വിഭവങ്ങള്‍ ഇന്നലെ വീണ്ടും കേരളഹൗസിലെ ഭക്ഷണ ശാലയില്‍ വിളമ്പി. വലിയ പ്രതിഷേധത്തിനൊടുവില്‍ കേരളാ ഹൗസിലെ കാന്റീനില്‍ പോത്തിറച്ചി തിരിച്ചെത്തിയപ്പോള്‍ ഉപഭോക്താക്കളുടെ വന്‍ പ്രവാഹമായിരുന്നു. 40 കിലോമീറ്റര്‍ അകലെ നിന്നുവരെ മലയാളികള്‍ അടക്കമുള്ളവര്‍ ബീഫ് കഴിക്കാനായി എത്തിയിരുന്നു.
ഉച്ചക്ക് 12.30 നു തന്നെ കാന്റീനില്‍ ഭക്ഷണത്തിനായി തിരക്ക് ആരംഭിച്ചിരുന്നു. 20 കിലോ ഇറച്ചി കാന്റീന്‍ അധികൃതര്‍ വാങ്ങിയിരുന്നെങ്കിലും മുക്കാല്‍ മണിക്കൂറിനകം തീര്‍ന്നു. കൂടാതെ ബീഫ് എന്നത് മാറ്റി ഇറച്ചി കറി, ഇറച്ചി വറുത്തത് എന്നും പോത്തിറച്ചി എന്നുമായിരുന്നു നോട്ടീസ് ബോര്‍ഡില്‍ എഴുതിയിരുന്നത്.
ദേശീയ മാധ്യമങ്ങള്‍ ഇന്നലെയും കേരള ഹൗസിനു മുന്നില്‍ തന്നെയായിരുന്നു. വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നലെ വൈകീട്ട് ജന്തര്‍ മന്തറില്‍ മനുഷ്യ മതില്‍ നിര്‍മിച്ച് പ്രതിഷേധിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല