സ്വന്തം ലേഖകന്‍: കേരളം ബലാത്സംഗത്തിന്റെ സ്വന്തം നാട്, സ്ത്രീകള്‍ തമിഴ്‌നാട്ടില്‍ മൂന്നു മടങ്ങ് സുരക്ഷിതരെന്ന് റിപ്പോര്‍ട്ട്. ബലാത്സംഗം, ശാരീരിക പീഡനം എന്നിങ്ങനെ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ കേരളം വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളോട് കിടപിടിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു ലക്ഷത്തിന് 63 എന്ന കണക്കിലാണ് കേരളത്തിലെ സ്ത്രീകള്‍ക്ക് എതിരെയുള്ള കുറ്റകൃത്യങ്ങള്‍. ദേശീയ ശരാശരിയായ 56.3 നേക്കാള്‍ ഏറെ മുകളിലാണിത്. അയല്‍ക്കാരായ തമിഴ്‌നാടിനേക്കാള്‍ മൂന്ന് മടങ്ങ് കൂടുതലും. തമിഴ്‌നാട്ടില്‍ ബലാത്സംഗവും പീഡനവും ഉള്‍പ്പെടെ ഒരു ലക്ഷത്തിന് 18.4 ആണ് സ്ത്രീപീഡനത്തിന്റെ ശരാശരി കണക്ക്.
സ്ത്രീ കൂട്ടായ്മകള്‍ ശക്തമായ, പകുതിയില്‍ കൂടുതല്‍ സ്ത്രീകള്‍ സമ്മതിദാനം രേഖപ്പെടുത്തുകയും വിവിധ രീതിയില്‍ സംഘടിക്കുകയും ചെയ്യുന്ന കേരളത്തിലാണ് ഈ സ്ഥിതി എന്നതാണ് വൈരുദ്ധ്യം. 41 ലക്ഷം കുടുംബശ്രീ അംഗങ്ങളാണ് കേരളത്തിലുള്ളത്. ഇതിന് പുറമേ സ്ത്രീ സാക്ഷരത ( 92 ശതമാനം) ലിംഗാനുപാത ജനനം (1000 ആണുങ്ങള്‍ക്ക് 966 സ്ത്രീകള്‍), ഗര്‍ഭസ്ഥമരണ നിരക്ക് ഏറെ താഴ്ന്നതുമായ ഇന്ത്യയിലെ സ്ത്രീകളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നവരാണ് മലയാളി സ്ത്രീകള്‍.
എന്നിട്ടും തമിഴ്‌നാടിനേക്കാള്‍ കേരളത്തെ അപേക്ഷിച്ച് ബലാത്സംഗം തമിഴ്‌നാട്ടില്‍ ആറു മടങ്ങും ശാരീരിക പീഡനം എട്ടു മടങ്ങും കുടുംബ കലഹങ്ങള്‍ മൂന്ന് മടങ്ങും കുറവാണ്. സ്ത്രീകള്‍ക്കെതിരേയുള്ള പീഡനം തമിഴ്‌നാടിനെ അപേക്ഷിച്ച് അതിവേഗമാണ് കേരളത്തില്‍ കൂടിക്കൊണ്ടിരിക്കുന്നത്.
സ്ത്രീകള്‍ക്കെതിരേയുള്ള പീഡനം തടയുന്നതിനായി കേരള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ഫലപ്രദമായിട്ടില്ലെന്നാണ് ദേശീയ കുറ്റകൃത്യ റെക്കോഡ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല