സ്വന്തം ലേഖകൻ: ഐ.ടി., ഇലക്ട്രോണിക്സ് മേഖലയിൽ ജോലിക്ക് ചേരുന്നവർക്ക് അപ്രന്റീസ് കാലയളവിൽ നൽകുന്ന പ്രതിഫലത്തിന്റെ നിശ്ചിതശതമാനം സർക്കാർ വഹിക്കും. ഇത് ഉൾപ്പെടെ ഐ.ടി. രംഗത്ത് വൻകിട കമ്പനികളെ സംസ്ഥാനത്തേക്ക് ആകർഷിക്കുന്ന ഇൻസന്റീവുകൾ സർക്കാർ പ്രഖ്യാപിക്കും. ഈ നിർദേശങ്ങൾ ഉൾപ്പെടുന്ന വ്യവസായനയത്തിന്റെ കരടിന് വ്യവസായവകുപ്പ് രൂപംനൽകി. വൈകാതെ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരും.
50 കോടിയിൽപ്പരം രൂപ മുതൽമുടക്കുള്ള വ്യവസായങ്ങൾക്കാണ് നയത്തിന്റെ ഭാഗമായ ഇളവുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. വൻകിട കമ്പനികൾ ആനുകൂല്യങ്ങൾക്കായി സംസ്ഥാനസർക്കാരുകളോട് വിലപേശുന്ന പ്രവണത ഐ.ടി. രംഗത്തുണ്ട്. ഇത് കണക്കിലെടുത്താണ് തീരുമാനം.
കിൻഫ്ര, കെ.എസ്.ഐ.ഡി.സി. തുടങ്ങിയ സർക്കാർ ഏജൻസികളുടെ എസ്റ്റേറ്റുകളിൽനിന്നും സ്വകാര്യ വ്യവസായ പാർക്കുകളിൽനിന്നും ഭൂമി ഏറ്റെടുത്ത് വ്യവസായം തുടങ്ങാൻ രജിസ്ട്രേഷൻ, സ്റ്റാമ്പ്ഡ്യൂട്ടി സൗജന്യമാക്കും. സംരംഭകർ വനിതകളാണെങ്കിൽ പാർക്കുകൾക്ക് പുറത്ത് വ്യവസായം തുടങ്ങാനും ഈ ആനുകൂല്യം നൽകും.
പ്രോത്സാഹനത്തിന്റെ ഭാഗമായി വൻകിട വ്യവസായങ്ങൾ യന്ത്രങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ അടയ്ക്കുന്ന സംസ്ഥാന നികുതി സർക്കാർ മടക്കി നൽകും. നേരത്തേ പ്രഖ്യാപിച്ച വ്യവസായ ഇടനാഴി പദ്ധതിക്കുള്ള സ്ഥലമെടുപ്പ് ഊർജിതമാക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചിരുന്നു. തിരുവനന്തപുരം-കൊല്ലം, ഇൻഫോ പാർക്ക്- ചേർത്തല, ഇൻഫോപാർക്ക്- കൊരട്ടി, കോഴിക്കോട്-കണ്ണൂർ എന്നിങ്ങനെയാണ് ഇടനാഴി.
ഐ.ബി.എം., ടി.സി.എസ്., ടാറ്റ എൽ.എക്സ്.ഇ. തുടങ്ങിയ കമ്പനികൾ സംസ്ഥാനത്തേക്ക് എത്തിയത് ഐ.ടി. രംഗത്ത് വൻകുതിച്ചുചാട്ടമായാണ് സർക്കാർ കാണുന്നത്. പ്രവർത്തന കേന്ദ്രമെന്നതിനപ്പുറം ഐ.ബി.എമ്മിന്റെ സോഫ്റ്റ്വേർ ലാബ്, ഓട്ടോമേഷൻ ഇന്നവേഷൻ സെന്റർ എന്നിവ സ്ഥാപിച്ചത് ഭാവിയിൽ അനുബന്ധ വ്യവസായങ്ങൾക്കും വഴിതുറക്കുമെന്ന പ്രതീക്ഷ നൽകുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല