പ്രത്യേക ലേഖകന്‍
കേരളത്തില്‍ നിന്നും ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷരായ രണ്ടു മാധ്യമപ്രവര്‍ത്തകര്‍ മാഞ്ചസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടു. മലയാളത്തിലെ പത്രപ്രവര്‍ത്തനരംഗത്തെ ശ്രദ്ധേയരായ ഈ രണ്ടുപേരും സഹപ്രവര്‍ത്തകരെപ്പോലും അറിയിക്കാതെ ഒരാഴ്ചമുമ്പ് കേരളത്തില്‍ നിന്നും യുകെയിലേക്ക് കടക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുകെയിലെ ഒരു മാഫിയ സംഘത്തിന്റെ സംരക്ഷണയിലാണ് ഇരുവരും ഉള്ളതെന്ന് വ്യക്തമായിരിക്കുകയാണ്.
സ്റ്റുഡന്റ് വിസയിലാണ് ഇരുവരും യുകെയിലെത്തിയത്. ലണ്ടനിലും വെര്ക്സ്ഹാമിലും ഉള്‍പ്പെടെ അഞ്ചു കാമ്പസുകളുള്ള ഗ്ലെന്ഡര് സര്‍വകലാശാലയില്‍ ബിരുദപഠനത്തിന് യുകെയിലെത്തിയെന്നാണ് രണ്ടുപേരുടേയും യാത്രാ രേഖകള്‍ പറയുന്നത്. ബിസിനസ് സ്റ്റഡീസില്‍ മൂന്നുവര്‍ഷത്തെ കോഴ്സിനു രണ്ടു പത്രപ്രവര്‍ത്തകരും ചേര്‍ന്നിട്ടുണ്ട്.42000 പൌണ്ടാണ് ട്യൂഷന്‍ഫീസായി ഇരുവരും ഒടുക്കേണ്ടത്. കേരളത്തിലെ ഇടത്തരം കുടുംബത്തില്‍പ്പെട്ട ഇരുവരും ഇത്രയുംതുക എങ്ങനെ സമാഹരിച്ചു എന്നത് ദുരുഹതയായി തുടരുകയാണ്. ആരാണ് ഇവരുടെ സ്പോണ്സര്മാരെന്നതു സംബന്ധിച്ചും ദുരൂഹത നിലനില്ക്കുന്നു.
കേരളത്തില്‍ നിന്നും വ്യാജ റിക്രൂട്ട്മെന്റുകള്‍ നടത്തി ആയിരക്കണക്കിനുപേരില്‍ നിന്നും വന്‍തുക സമ്പാദിച്ച മാഞ്ചസ്റ്റര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരാളുടെ സഹായത്തോടെയാണ് പത്രപ്രവര്‍ത്തകര്‍ ലണ്ടനിലെത്തിയതെന്നാണ് പ്രാഥമിക സൂചന. ഡെന്മാര്ക്കിലേക്ക് റിക്രൂട്ട്മെന്റ് നടത്തിയ നിരവധിപേരെ കബളിപ്പിച്ച കേസില്‍ ഇദ്ദേഹത്തിനും സഹോദരനുമെതിരേ നിരവധി ആരോപണങ്ങളാണ് നിലനില്‍ക്കുന്നത്. അടുത്തിടെ യുകെയില്‍ നടന്ന മറ്റൊരു മെഡിക്കല്‍ പ്രവേശന തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ യുവാവും ഇയാളുടെ കൂട്ടാളിയായ ഓണ്‍ലൈന്‍ പത്രക്കാരനും മാഞ്ചസ്റ്ററിലെ റിക്രൂട്ട്മെന്റ് മാഫിയ തലവനൊപ്പമുണ്ട്.
മാഞ്ചസ്റ്ററിലെ റിക്രൂട്ട്മെന്റ് ഉടമയും ഓണ്‍ലൈന്‍ പത്രക്കാരനും തമ്മില്‍ അടുത്തനാള്‍ വരെ ശത്രുതയിലായിരുന്നു. റിക്രൂട്ട്മെന്റ് കേന്ദ്രത്തിന്റെ ഉടമ ആറുമാസം മുമ്പ് കോട്ടയം പ്രസ്ക്ലബില്‍ നടത്തിയ പത്രസമ്മേളനം മസാല ചേര്‍ത്ത് റിപ്പോര്‍ട്ട് ചെയ്യുകവരെ ഈ മാധ്യമ മാഫിയ ചെയ്തിരുന്നു. അഞ്ചുലക്ഷം രൂപ മുടക്കിയാല്‍ അമേരിക്കയില്‍ മെഡിക്കല്‍ പഠനത്തിന് ഉദ്യോഗാര്‍ത്ഥികളെ എത്തിക്കാമെന്ന അവകാശവാദവുമായാണ് ഇയാള്‍ അന്ന് കോട്ടയം പ്രസ്ക്ലബില്‍ പത്രസമ്മേളനം നടത്തിയത്. എന്നാല്‍ ഇയാളെ ആരോ ചെരുപ്പ് എറിഞ്ഞ് ഓടിച്ചുവെന്നായിരുന്നു വിവാദനായകനായ ഓണ്‍ലൈന്‍ പത്രക്കാരന് റിപ്പോര്‍ട്ട് ചെയ്തത്. ഇതിന്റെ പേരിലുണ്ടായിരുന്ന അഭിപ്രായവ്യത്യാസം ഇരുവരും അടുത്തനാളുകളിലാണ് പറഞ്ഞുതീര്‍ത്തത്.
ഭീഷണിപ്പെടുത്തിയും വ്യക്തിഹത്യ നടത്തിയും പരസ്യങ്ങള്‍ വാങ്ങുന്നുവെന്നതിന്റെ പേരില്‍ ഈ വിവാദനായകനായ ഓണ്‍ലൈന്‍ പത്രക്കാരന്റെ ചരടുവലികളാണ് കേരളത്തിലെ മേല്‍പ്പറഞ്ഞ മാധ്യമപ്രവര്‍ത്തകരെ ലണ്ടനിലെത്തിച്ചതെന്നും ആരോപണമുണ്ട്. ഇദ്ദേഹത്തിനുവേണ്ടി ഈ രണ്ടു മാധ്യമപ്രവര്‍ത്തകരും തങ്ങള്‍ ജോലിചെയ്യുന്ന കേരളത്തിലെ മാധ്യമ സ്ഥാപനത്തിലെ സൗകര്യം യഥേഷ്ടം ദുരുപയോഗിക്കുകയും വാര്‍ത്തകള്‍ ചോര്‍ത്തി മാധ്യമ വ്യഭിചാരം നടത്തുകയും ചെയ്തിരുന്നു.ഇതു കണ്ടുപിടിച്ച മാധ്യമസ്ഥാപനം ഇരുവരെയും പുറത്താക്കുകയും ചെയ്തു.
വിവാദനായകന്റെ ഓണ്‍ലൈന്‍ പത്രത്തിനെതിരേ നിരവധി പരാതികള്‍ കേരളത്തിലും യുകെയിലും നിലനില്‍ക്കുന്നുണ്ട്. ഇതേത്തുടര്‍ന്ന് സ്ഥാപനം കടുത്ത പ്രതിസന്ധിയിലുമാണ്. ഇതിനിടെ പുതിയൊരു തട്ടിപ്പ് പ്രസ്ഥാനത്തിനു തുടക്കമിടാനാണ് കേരളത്തിലെ പത്രക്കാരെ കൂട്ടുപിടിച്ചതെന്നാണ് സൂചന. മാഞ്ചസ്റ്ററിലെ റിക്രൂട്ടിംഗ് മാഫിയ തലവന്റെ പേരിലാണ് സ്ഥാപനം തുടങ്ങാന്പോകുന്നതെന്നും അറിയുന്നു. ഇതിന്റെ ജോലികള്‍ക്ക് കൂടിയാണ് മാധ്യമപ്രവര്‍ത്തകരെ യുകെയിലെത്തിച്ചിരിക്കുന്നത്. തങ്ങളെ വീണ്ടും വീണ്ടും പറ്റിക്കാനുള്ള ഒരു സംഘടിതശ്രമമായാണ് യുകെ മലയാളികള്‍ ഈ നീക്കത്തെ കാണുന്നത്.
അതേസമയം തുടക്കത്തിലെ തന്നെ കല്ലുകടികളോടെയാണ് ഇവര്‍ പ്രഖ്യാപിച്ച സ്ഥാപനം നീങ്ങുന്നത്. ലോകമെമ്പാടുമുള്ള പ്രവാസികള്‍ക്കായി ഒരുങ്ങുന്നുവെന്ന അവകാശവാദത്തോടെ തുടങ്ങിയ സ്ഥാപനത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ 18 ാം തീയതി ശനിയാഴ്ച കോട്ടയം പ്രസ്ക്ലബില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണ് നിര്‍വഹിക്കുമെന്നായിരുന്നു അറിയിപ്പ്. ഇതിനുസരിച്ച് നിരവധി മാധ്യമപ്രവര്‍ത്തകര്‍ എത്തിയിരുന്നുവെങ്കിലും സ്ഥാപനവുമായി ബന്ധപ്പെട്ട ഒരാളും അവിടെ എത്തിയിരുന്നില്ല. ഇതേത്തുടര്‍ന്ന് ചില മാധ്യമപ്രവര്‍ത്തകര്‍ ആഭ്യന്തരമന്ത്രിയുമായി ബന്ധപ്പെട്ടു. അപ്പോഴാണ് ഇത്തരമൊരു സ്ഥാപനം തുടങ്ങാന്‍ പോകുന്ന കാര്യംപോലും ആഭ്യന്തരമന്ത്രി അറിയുന്നത്.
ഏതായാലും ആഭ്യന്തരമന്ത്രിയുടെ പേരില്‍വരെ കബളിപ്പിക്കല്‍ നടന്നുവെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുവാന്‍ ആഭ്യന്തരമന്ത്രി പോലീസിന് നിര്‍ദേശം നല്‍കിയതായും അറിയുന്നു. ഇത്തരമൊരു സംരംഭത്തെക്കുറിച്ച് ഒരുതരത്തിലുള്ള അറിയിപ്പും നല്‍കാതെ മന്ത്രിയുടെ പേര് ഉപയോഗിച്ചത് പോലീസും ഗൗരവത്തോടെയാണ് കാണുന്നത്. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ റിക്രൂട്ട്മെന്റ് മാഫിയ തലവന്റെ നിരവധി കള്ളക്കളികള്‍ പോലീസ് കണ്ടെത്തി. കോട്ടയം നഗരസഭയുടെ അനുമതിയില്ലാതെ നിര്‍മിച്ച പടുകൂറ്റന്‍ കെട്ടിടം ഇതിലൊന്നാണ്. നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് ഈ കെട്ടിടം നിര്‍മിച്ചിരിക്കുന്നതെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തിരയുന്നുണ്ട്.എന്തായാലും ദുരൂഹത നിറഞ്ഞ ഈ വിവാദ കൂട്ടുകെട്ടിനെക്കുറിച്ചും അവരുടെ കള്ളക്കളികളെക്കുറിച്ചും കേരളത്തിലെയും യു കേയിലെയും മലയാളികളും പത്രപ്രവര്‍ത്തകരും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല