1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 27, 2021

സ്വന്തം ലേഖകൻ: കെ റെയിൽ പദ്ധതിയ്ക്കായി സ്ഥലമേറ്റെടുക്കുന്നതിനു മുന്നോടിയായുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കിടെ പ്രതിപക്ഷ പാർട്ടികളും ജമാഅത്തെ ഇസ്ലാമി അടക്കമുള്ള സംഘടനകളും പ്രതിഷേധവുമായി മുന്നോട്ടു പോകുകയാണ്. എന്നാൽ കേരളത്തിൻ്റെ മുഖച്ഛായ മാറ്റുന്ന പദ്ധതിയ്ക്കെതിരെയുള്ള എതിർപ്പുകൾ വകവെക്കില്ലെന്നും പദ്ധതിയുമായി മുന്നോട്ടു പോകുമെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്. കെ റെയിൽ സിൽവർലൈൻ പദ്ധതിയുടെ ജനപിന്തുണ വർധിപ്പിക്കാനായി വീടുകയറിയുള്ള പ്രചാരണത്തിന് സിപിഎം ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ.

സിപിഎം സംസ്ഥാന സമിതിയുടെ നിർദേശപ്രകാരമാണ് കെ റെയിൽ പദ്ധതിയെപ്പറ്റി വിപുലമായ പ്രചാരണത്തിന് സിപിഎം ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ. എല്ലാ വീടുകളും കയറിയിറങ്ങി പ്രചാരണം നടത്താനും പദ്ധതിയുടെ ഗുണവശങ്ങള്‍ വിശദീകരിക്കുന്ന ലഘുലേഖകൾ വിതരണം ചെയ്യാനുമാണ് നീക്കം. കെ റെയിൽ പദ്ധതി സംസ്ഥാനത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകര്‍ക്കുമെന്നും വൻതോതിൽ കുടിയൊഴിപ്പിക്കൽ വേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടി പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസും ബിജെപിയും ഒരുങ്ങുന്നതിനിടയിലാണ് സിപിഎം നീക്കം.

സിൽവര്‍ലൈൻ പാത സംസ്ഥാനത്തെ പരിസ്ഥിതിലോല പ്രദേശങ്ങളിലൂടെ കടന്നു പോകുന്നില്ലെന്നും പാതയുടെ അലൈൻമെന്‍റ് തണ്ണീര്‍ത്തടങ്ങളു നെൽവയലുകളും പരമാവധി ഒഴിവാക്കിയാണ്കടന്നു പോകുന്നതെന്നും സിപിഎം ചൂണ്ടിക്കാട്ടുന്നു. പ്രധാനപ്പെട്ട ആരാധനാലയങ്ങള്‍ ഒന്നും തന്നെ പദ്ധതിയ്ക്കു വേണ്ടി പൊളിച്ചു മാറ്റേണ്ടി വരില്ലെന്നും സിപിഎം പ്രചാരണത്തിൽ വ്യക്തമാക്കും. 9314 കെട്ടിടങ്ങള്‍ മാത്രമാണ് പുതിയ റെയിൽ പാതയ്ക്കു വേണ്ടി ഒഴിപ്പിക്കേണ്ടി വരികയെന്നും ഇവയ്ക്ക് ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കുമെന്നും സിപിഎം ലഘുലേഖയിലൂടെ അറിയിക്കും. പദ്ധതിയെ എതിര്‍ത്ത് രംഗത്തുള്ളത് യുഡിഎഫ് – ബിജെപി – ജമാഅത്തെ ഇസ്ലാമി അവിശുദ്ധ കൂട്ടുകെട്ടാണെന്നാണ് സിപിഎം ആരോപണം.

കെ – റെയിൽ പദ്ധതിയെ എതിര്‍ക്കാതെ കോൺഗ്രസ് എംപിയായ ശശി തരൂര്‍ തന്നെ രംഗത്തെത്തിയതോടെ വിഷയത്തിൽ യുഡിഎഫും രണ്ട് തട്ടിലായിട്ടുണ്ട്. ഈ സാഹചര്യം മുതലെടുത്ത് ജനവികാരം അനുകൂലമാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. കേരളത്തിനു ലഭിക്കേണ്ട സഹായങ്ങള്‍ തടയാൻ ശ്രമിച്ച ബിജെപിയും യുഡിഎഫും ഇപ്പോള്‍ വികസനപ്രവര്‍ത്തനങ്ങളെയും തടയുകയാണെന്നും 2016ൽ തന്നെ റെയിൽവേ മന്ത്രാലയവുമായി ധാരണാപത്രം ഒപ്പുവെച്ച പദ്ധതിയ്ക്ക് സാമ്പത്തികസഹായം നല്‍കാൻ പോലും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നുമാണ് സിപിഎം പറയുന്നത്. പദ്ധതിയുടെ ബാധ്യത മുഴുവൻ സംസ്ഥാന സര്‍ക്കാരിൽ അടിച്ചേൽപ്പിച്ചിരിക്കുകയാണെന്നും ഈ സാഹചര്യത്തിൽ വായ്പയിലൂടെ ആവശ്യമായ തുക കണ്ടെത്താൻ കേരളം ശ്രമിക്കുകയാണെന്നും സിപിഎം വ്യക്തമാക്കുന്നു.

63,941 കോടി രൂപ ചെലവ് വരുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ടിൽ പറയുന്നത്. എന്നാൽ ഒരു ലക്ഷം കോടിയിലേറെ ചെലവു വരുമെന്ന് തെറ്റിദ്ധാരണ പരത്തുകയാണ്. കടമെടുക്കാതെ സംസ്ഥാനത്തിനോ രാജ്യത്തിനോ മുന്നോട്ടു പോകാൻ കഴിയില്ലെന്നും ലഘുലേഖയിൽ വ്യക്തമാക്കുന്നു.

തിരുവനന്തപുരം മുതൽ കാസര്‍കോട് വരെ മണിക്കൂറിൽ 200 കിലോമീറ്റര്‍ വേഗത്തിൽ ട്രെയിൻ യാത്ര സാധ്യമാക്കാനും സംസ്ഥാനത്തിൻ്റെ വടക്കുനിന്ന് തെക്കോട്ട് നാലു മണിക്കൂര്‍ സമയം കൊണ്ട് എത്തിച്ചേരാനുമാണ് കെ റെയിൽ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നിലവിലെ റെയിൽ പാതയിൽ നിന്ന് വ്യത്യസ്തമായി പുതുതായി നിര്‍മിക്കുന്ന സ്റ്റാൻഡേര്‍ഡ് ഗേജ് ഇരട്ടപ്പാത വഴിയായിരിക്കും സിൽവര്‍ലൈൻ ട്രെയിനുകള്‍ ഓടുക. ഒരു ജില്ലയിൽ ഒന്ന് എന്ന കണക്കിൽ 11 സ്റ്റേഷനുകളും ഉണ്ടാകും. തടസ്സമില്ലാത്ത ഗതാഗതത്തിനായി പരമാവധി അടിപ്പാതകളും ഭൂഗര്‍ഭപാതകളും മേൽപ്പാതകളും വഴിയായിരിക്കും കെ റെയിൽ പാത നിര്‍മിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.