സ്വന്തം ലേഖകൻ: ഇക്കൊല്ലം സെപ്റ്റംബർ വരെ കേരളത്തിൽ കുട്ടികളെ തട്ടിക്കൊണ്ടുപോയതിന് 115 കേസ് രജിസ്റ്റർ ചെയ്തെന്ന് പോലീസ്. കുട്ടികൾക്കെതിരേ നടക്കുന്ന അതിക്രമത്തിലാണ് തട്ടിക്കൊണ്ടുപോകലിന്റെ കണക്ക് ഉൾപ്പെടുത്തിയിട്ടുള്ളത്. അതേസമയം, പ്രായപൂർത്തിയാകാത്ത കുട്ടികളായതിനാൽ പ്രലോഭനങ്ങൾക്കു വിധേയമായി മറ്റുള്ളവർക്കൊപ്പം പോകുന്ന കേസുകളിലും തട്ടിക്കൊണ്ടുപോകൽ വകുപ്പ് ഉൾപ്പെടുത്തുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
18 വയസ്സിനു താഴെ പ്രായമുള്ളവരുടെ കണക്കാണിത്. കഴിഞ്ഞ വർഷം 269 കുട്ടികളെയും 2021-ൽ 257 കുട്ടികളെയും തട്ടിക്കൊണ്ടുപോയതായി ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്ക് വ്യക്തമാക്കുന്നു. ഇത്തരം കേസുകളിലെല്ലാം ഭൂരിഭാഗം പേരെയും പോലീസ് അന്വേഷണത്തിൽ കണ്ടെത്തുന്നുണ്ട്.
ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് കണ്ടെത്തുന്നതിന്റെ കണക്ക് 98 ശതമാനമാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കാണാതായ കുട്ടികളിൽ, 60 കുട്ടികളെ ഇനിയും കണ്ടെത്താനുണ്ടെന്ന് കഴിഞ്ഞ നിയമസഭാസമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിൽ ആറു കേസുകൾ അവസാനിപ്പിക്കാൻ ബന്ധപ്പെട്ട കോടതികളിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
കണ്ടെത്താനുള്ളവരിൽ 48 പേർ ആൺകുട്ടികളും 12 പേർ പെൺകുട്ടികളുമാണ്. ഭിക്ഷാടന മാഫിയ, ഇതരസംസ്ഥാന നാടോടിസംഘങ്ങൾ, മനുഷ്യക്കടത്ത് സംഘങ്ങൾ എന്നിവ കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയിരുന്നത്. അതിനു ശേഷം ആലുവ സംഭവത്തിൽ ഇതരസംസ്ഥാനക്കാരനായിരുന്നു പ്രതിയായത്. കഴിഞ്ഞ ദിവസം ഓയൂരിൽനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തെ പോലീസ് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല